ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. പ്രായം കൂടുന്തോറും മറ്റ് അവയവങ്ങളെ പോലെ തന്നെ ശ്വാസകോശവും ദുര്‍ബലമാകാറുണ്ട്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാറില്ല. എന്നാല്‍, ശ്വാസകോശത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന നെഞ്ചുവേദന ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ഒരു മാസമോ അതിനു മുകളിലോ നീണ്ടു നില്ക്കുന്ന നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഈ വേദന രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ കഫം ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്. അണുബാധകള്‍ക്കും ശരീരത്തില്‍ പ്രവേശിക്കുന്ന അന്യവസ്തുക്കള്ക്കും എതിരെയുള്ള പ്രതിരോധമെന്ന നിലയിലാണ് വായുനാളിയില്‍ കഫം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പെട്ടെന്നുതന്നെ ശരീരഭാരം കുറയുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന്റെ ലക്ഷണമാകാം. ഭാരക്കുറവ് അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നങ്ങളും അപകടസൂചനയായി എടുക്കണം. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയോ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതോ ശ്വാസംമുട്ടലിന് കാരണമാകാം. തുടര്‍ച്ചയായ ചുമ ശ്വാസകോശ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആഴ്ചകളിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ചുമക്കുമ്പോള്‍ ഉണ്ടാകുന്ന രക്തം എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങള്‍ സങ്കീര്‍ണമായതിന്റെ സൂചനകളാണ്. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ഉടനടി വൈദ്യസഹായം തേടണം.