‘സ്ഫടികം’ 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ആടുതോമയുടെ കൗമാരകാലത്തിന്റേതായിരുന്നു ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍. സംവിധായകന് രൂപേഷ് പീതാംബരനാണ് അന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ന് പുറത്തെത്തിയിരിക്കുന്ന രണ്ടാമത്തെ പോസ്റ്റര്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റേതാണ്. ഗഫൂര്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെ വലിയ ഹീറോ ആയി കാണുന്ന ഗഫൂര്‍ മറ്റുള്ളവരോട് തോമയുടെ വീരശൂര പരാക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാറുള്ള ആളുമാണ്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്.