മതേതര കക്ഷികൾ ത്രിപുരയിൽ ഒന്നിക്കണമെന്ന് സിതാറാം യെച്ചൂരി. ത്രിപുരയിൽ ബി ജെ പി യെ തോൽപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. ബി ജെ പി യെ തോൽപ്പിക്കാൻ മതേതര കക്ഷികളെ ഒന്നിപ്പിക്കണം. ഇതാണ് പാർട്ടി കോൺഗ്രസിലെയും തീരുമാനം. ത്രിപുര തെരഞ്ഞെടുപ്പ് നിർണായകമാണെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി സർക്കാർ വാഗ്നാനങ്ങൾ പാലിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ത്രിപുരയിൽ ബിജെപിയെ തോൽപ്പിക്കാൻ മതേതര പാർട്ടികളുടെ സഹകരണവും കൂട്ടായ്മയും വേണം. ഇതിനുവേണ്ട നടപടികൾ സംസ്ഥാനത്തെ സിപിഎം നേതൃത്വം കൈക്കൊള്ളും. ബംഗാളിലെ സി പി എം നേതൃത്വത്തെ കേന്ദ്ര നേതൃത്വം വിമർശിച്ചത് തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയതിനല്ല. ധാരണയെക്കാൾ ഉപരി മുന്നണിയായി കോൺഗ്രസുമായി ബംഗാളിൽ പ്രവർത്തിച്ചു. ഇത് സഖ്യം രൂപീകരിച്ചതിന് തുല്യമായി. അതിനാലാണ് വിമർശിച്ചതെന്നും യെച്ചൂരി പറഞ്ഞു.ബി ജെ പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കാനാണ് തീരുമാനം. കോൺഗ്രസുമായി സഖ്യമുണ്ടാകില്ല. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.