സ്മാർട്ട് സിറ്റി കൊച്ചിയിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ഇരട്ട ഐടി പാർക്കുകളുടെ നിർമാണം ജൂണിൽ പൂർത്തിയാകും. ലുലുവിനുകീഴിലുള്ള സാൻഡ്‌സ് ഇൻഫ്രാബിൽഡിന്റേതാണ് പദ്ധതി. 12.74 ഏക്കറിൽ 30 നിലകളിലായാണ് രണ്ട് ഐടി ടവറുകൾ ഒരുങ്ങുന്നത്. മുപ്പതിനായിരത്തോളം പേർക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം 95 ശതമാനം പൂർത്തിയായി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളാണ് ജൂണിൽ തുറന്നുകൊടുക്കുന്നതെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ പറഞ്ഞു. മുപ്പത്തിമൂന്നുലക്ഷം ചതുരശ്രയടിയിലുള്ള ഐടി ടവറുകളിൽ ഫുഡ് കോർട്ട്, ക്രെഷ്, ജിം, റീട്ടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, കേന്ദ്രീകൃത എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി തുടങ്ങിയവയുണ്ടാകും.
▪️സ്‌മാർട്ട് സിറ്റി വളരുന്നു
സ്‌മാർട്ട് സിറ്റിയിൽ 1835 കോടി രൂപയുടെ പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. 57 ലക്ഷം ചതുരശ്രയടിയാണ് ഇവിടെ ഐടി ഓഫീസുകൾക്കായി ഒരുങ്ങുന്നത്. ഇന്റഗ്രേറ്റഡ് ടൗൺഷിപ്പോടെ 246 ഏക്കറിലാണ് സ്‌മാർട്ട് സിറ്റി. 564 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകൾ ഇതിലുണ്ട്.
പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐടി പാർക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. 9.16 ലക്ഷം ചതുരശ്രയടിയുള്ള ഐടി പാർക്ക് ഈ വർഷം തുറക്കും. മാറാട്ട് ടെക്‌പാർക്ക് അഞ്ചുലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്നു. 50 ശതമാനം നിർമാണം പൂർത്തിയായി. ഈ വർഷംതന്നെ പ്രവർത്തനം ആരംഭിക്കും.
മാരി ആപ്‌സ് ഹൗസ് നിർമാണം 2020 ഡിസംബറിൽ പൂർത്തിയായിരുന്നു. 1.82 ചതുരശ്രയടിയാണ് ഇവിടെയുള്ളത്. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന അന്താരാഷ്‌ട്ര പഠനസൗകര്യങ്ങളുള്ള ജെംസ് മോഡേൺ അക്കാദമിയും സ്‌മാർട്ട് സിറ്റിയിലുണ്ട്. 15,000 ചതുരശ്രയടിയുടെ വിശാലമായ ഫുഡ് കോർട്ടും സ്‌മാർട്ട് സിറ്റിയിലുണ്ട്.