night news hd 3

ലോകം പുതുവല്‍സരത്തിലേക്ക്. നാളെ രാത്രി പുതുവല്‍സരാഘോഷങ്ങള്‍. നഗരങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികള്‍. അതിരുവിടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ അര്‍ധരാത്രിയോടെ കൂറ്റന്‍ പാപ്പാഞ്ഞി കത്തിച്ചുകൊണ്ടാണ് 2022 നോടു വിടപറയുക.

അറുപതു കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്‌സിന്‍ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്.

കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ടില്‍ തനിക്കു നിക്ഷേപമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി. ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ വിശദീകരിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും എം.എം ഹസന്‍ വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ സമരം അവസാനിപ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിപിഎം നേതാവ് ഡി ആര്‍ അനില്‍ രാജിവയ്ക്കും. കത്ത് എഴുതിയെന്നു അനില്‍ സമ്മതിച്ചെന്നാണു റിപ്പോര്‍ട്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അനിലിനെ കുരുതികൊടുത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു വര്‍ഷത്തെ കാലതാമസം വരുത്തിയതുമൂലം 84 കാരിക്കു വാര്‍ധക്യകാല പെന്‍ഷന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് അന്റണി ഡോമിനിക്. വെള്ളറട സ്വദേശി പി.എ. സുഭാഷ് ബോസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. നടപടിയെടുത്ത വിവരം പരാതിക്കാരിയേയും മനുഷ്യാവകാശ കമ്മീഷനേയും അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കല്‍പറ്റയ്ക്കടുത്ത വാകേരിയില്‍ കടുവയെ മയക്കുവെടിവയ്ക്കാന്‍ ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടും. കടുവയെ പിടികൂടാന്‍ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും.

മലപ്പുറത്ത് 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് എണ്‍പത് വര്‍ഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ. മൂന്നു ലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പീഡിപ്പിച്ചെന്നാണു കേസ്.

ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണീഷ ശര്‍മ്മയെ കാമുകന്‍ നടന്‍ ഷീസാന്‍ ഖാന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് നടിയുടെ അമ്മ. അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇയാള്‍ സീരിയല്‍ സെറ്റില്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും നടിയുടെ അമ്മ വനിത പറഞ്ഞു. ഷീസാന്‍ ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ് പതിനഞ്ചാം ദിവസമാണ് ഇരുവരും അഭിനയിക്കുന്ന സീരിയലിന്റെ സെറ്റില്‍ ടൂണീഷ ആത്മഹത്യ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ മരണാനനന്തര ചടങ്ങുള്‍കള്‍ പൂര്‍ത്തിയാക്കിയതിനു പിറകേ, മുന്‍ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. കൊല്‍ക്കത്തയിലെ ഹൗറ – ജല്‍പായ് ഗുരി പാതയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ 7,800 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ദുഖകരമായ ദിനമാണെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടിയില്‍ സംസാരിച്ചത്.

കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ . വലത് കാല്‍മുട്ടിലെ ലിഗമെന്റിനു പരിക്കുണ്ട്. വലതു കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *