ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവിയുടെ വില വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ പുതിയ വില നടപ്പിലാക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിയുടെ വില ഏകദേശം 30,000 രൂപ മുതല്‍ 35,000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തുക ജനുവരിയില്‍ ആയിരിക്കും പുറത്തുവിടുക. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയപ്പോള്‍ ടാറ്റ ടിയാഗോ ഇവിയുടെ വില 8.49 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയായിരുന്നു. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമേ പ്രാരംഭ വിലകള്‍ സാധുതയുള്ളൂവെന്ന് ടാറ്റ മോട്ടോര്‍സ് വാഹനത്തിന്റെ ലോഞ്ച് സമയത്ത് പറഞ്ഞിരുന്നു. ബുക്കിംഗ് തുടങ്ങി മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ഈ ഓഫര്‍ പിന്നീട് ആദ്യത്തെ 20,000 ഉപഭോക്താക്കള്‍ക്കും ടാറ്റ നീട്ടി. ബാറ്ററി വില 30-35 ശതമാനം വര്‍ദ്ധിച്ചതും വില പരിഷ്ക്കാരത്തിന്റെ മറ്റൊരു കാരണമായി. ഇന്ത്യയിലെ ഏറ്റവും ന്യായമായ വിലയുള്ള ഇലക്ട്രിക് വാഹനമാണ് ടിയാഗോ ഇവി.