ബഫര്‍സോണിനെതിരേ പരാതി പ്രളയം. ഇന്നു രാവിലെ വരെ പന്തീരായിരത്തിലേറെ പരാതികളാണ് ഫയല്‍ ചെയ്തത്. ഉപഗ്രഹ സര്‍വേ റിപ്പോര്ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികള്‍. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍സോണ്‍ പരിധിയില്‍ അകപെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 നു സുപ്രീം കോടതി കേസ് പരിഗണിക്കും. അതിനു മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മാസ്ക്, അകലം പാലിക്കല്‍ എന്നിവയടക്കം കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പു നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാന്‍ കൊവിഡിനെ കൂട്ടുപിടിക്കുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമര്‍ഷമെന്ന് കനയ്യ കുമാറും വിമര്‍ശിച്ചു.
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടേയും ആരോഗ്യ വകുപ്പു സെക്രട്ടറിമാരുടേയും യോഗം ഇന്നു മൂന്നിന്. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴില്ല. മാസ്ക്, ആശുപത്രികള്‍ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.
തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 26 തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. തീവ്രന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനകം ശ്രീലങ്ക വഴി കോമോറിന് തീരത്തേക്കു നീങ്ങും.
ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെ കേസ്. ഇന്ത്യന്‍ കോഫീ ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ അനില്‍ മണക്കാടിനെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തുവയസുകാരി നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന് ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിന്റെ എ.എം ആരിഫ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി. താമസ ഭക്ഷണ സൗകര്യം കിട്ടാത്തതിനാല്‍ താത്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിന്റെ കുട്ടികള്‍ കഴിഞ്ഞത്. നിദാ ഫാത്തിമയുടെ അച്ഛന് ഷിഹാബ് നാഗ്പൂരിലെത്തി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നു തന്നെ മൃതദേഹം നാട്ടിലെത്തിക്കും.
തോരണത്തില്‍ കഴുത്തു കുടുങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ തോരണം കെട്ടിയ റോഡ് കോര്‍പറേഷന്റേതല്ല, പൊതുമരാമത്തു വകുപ്പിന്റേതാണെന്ന് തൃശൂര്‍ കോര്പ്പറേഷന്. തോരണം കെട്ടാന്‍ സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും കോര്പറേഷന് സെകട്ടറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി അറിയിക്കും.
ഹോംസ്റ്റേയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സിഐടിയു പ്രവര്‍ത്തകനും സഹായിയും മര്‍ദിച്ച. സിപിഎം ആലപ്പുഴ മുല്ലക്കല്‍ ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല് നന്മ റെസിഡന്‍സ് അസോസിയേഷന് ട്രഷററുമായ സോണി ജോസഫിനാണ് (37) മര്‍ദനമേറ്റത്.
പൊലീസില്‍നിന്നു പിരിച്ചു വിടാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ബലാല്‍സംഗക്കേസ് പ്രതി പി.ആര് സുനുവിന്റെ അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഈ മാസം 31 നകം സുനു കാരണം കാണിക്കലിനു മറുപടി നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 15 തവണ വകുപ്പുതല നടപടി നേരിട്ട ഇന്‍സ്പെക്ടറാണ് സുനു.
ശബരിമല ക്ഷേത്രത്തിലേക്കുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടു. 26 നു ശബരിമലയില്‍ എത്തും.
തൃശൂര്‍ വെള്ളിക്കുളങ്ങര ചൊക്കന വനാതിര്‍ത്തിയിലെ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചത് രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കണ്ടത്. മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക് സംരക്ഷണമൊരുക്കി സ്ഥലത്തു നില്‍പ്പുണ്ട്.
കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതുമൂലം മൃതദേഹം ചുമന്ന് ഇറക്കി. കാലടി ശ്രീമൂലനഗരം സ്വദേശി സുകുമാരന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ചുമന്ന് താഴെയിറക്കേണ്ടിവന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്.
കഴിഞ്ഞ മാസം ഇന്ത്യയില്‍ 37.16 ലക്ഷം വാട്സ്ആപ് അക്കൗണ്ടുകള്‍ നിരോധിച്ചു. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളില്‍ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കള്‍ ഫ്ളാഗ് ചെയ്യുന്നതിനുമുമ്പുതന്നെ തടഞ്ഞതാണ്. ഒക്ടോബറില്‍ രാജ്യത്ത് 23.24 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സാപ്പ് നിരോധിച്ചിരുന്നു.
ചൈനയില്‍ പ്രതിദിന കൊവിഡ് രോഗബാധ പത്തു ലക്ഷമെന്ന് വിലയിരുത്തല്‍. മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരിയിലും മാര്‍ച്ചിലും പുതിയ കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സൗദി അറേബ്യയില്‍ വ്യക്തിഗത വിസയിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യാമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം. മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെയാണ് വിസാ കാലാവധി. സൗദി പൗരന്മാര്ക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരാന്‍ അനുവാദിക്കുന്നതാണ് വ്യക്തിഗത വിസ.
ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍. ഉച്ചയ്ക്ക് രണ്ടരയ്ക്കു ലേലം തുടങ്ങും. 405 താരങ്ങളെയാണ ലേലം ചെയ്യുക. ഇതില്‍ പത്തു ടീമുകള്‍ക്ക് വേണ്ടത് 87 പേരെ. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്സ്, സാം കറന്, ഹാരി ബ്രൂക്ക്, ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസണ് എന്നിവരാണ് സൂപ്പര്‍ താരങ്ങള്‍. പത്ത് മലയാളി താരങ്ങളില്‍ രോഹന് കുന്നുമ്മലിന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. ലിസ്റ്റില്‍ 54-ാം സ്ഥാനത്തുള്ള പേസര്‍ കെ.എം ആസിഫിന് 30 ലക്ഷമാണ് അടിസ്ഥാന വില.