ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഫീച്ചര്‍ നിലവില്‍ ബീറ്റയിലാണ്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് എന്റര്‍പ്രൈസ് പ്ലസ്, എജ്യുക്കേഷന്‍ പ്ലസ്, എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്ക്ക് മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്‌സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. ബീറ്റയ്ക്കായി സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ലഭ്യമാകൂ. ഡൊമെയ്ന്‍, ഓര്‍ഗനൈസേഷണല്‍ യൂണിറ്റ്, ഗ്രൂപ്പ് തലങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍, ഉപയോക്താക്കള്‍ അഡ്മിന്‍ കണ്‍സോള്‍ > സെക്യൂരിറ്റി > ആക്‌സസ്, ഡാറ്റ കണ്‍ട്രോള്‍ > ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നതിലേക്ക് പോകേണ്ടതുണ്ട്. കൂടാതെ, ഏത് മെയിലിലേക്കും ക്ലയന്റ്-സൈഡ് എന്‍ക്രിപ്ഷന്‍ ചേര്‍ക്കാന്‍, ഉപയോക്താക്കള്‍ക്ക് സന്ദേശ വിന്‍ഡോയുടെ വശത്ത് ലഭ്യമായ ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യാം. അടുത്തതായി, അധിക എന്‍ക്രിപ്ഷന്‍ തിരഞ്ഞെടുത്ത് സന്ദേശം എഴുതി സാധാരണ പോലെ അറ്റാച്ച്മെന്റുകള്‍ ചേര്‍ക്കുക.