ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭർത്താവ് സജു പോലീസിന്റെ കസ്റ്റഡിയിലാണ്. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലത്താണ് അഞ്ജുവിന്റെ വീട്. അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു.
കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. കണ്ണൂർ സ്വദേശിയാണ് പ്രതി സജുവെന്ന് പ്രദേശത്തെ മലയാളി സംഘടനകൾ അറിയിച്ചു. മരിച്ചവരുടെയും പിടിയിലായ ആളുടെയും പേരുവിവരങ്ങൾ ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
അഞ്ജുവിന്റെ അച്ഛൻ അശോകൻ പറയുന്നത് കുറച്ചു നാളുകളായി വീഡിയോ കോൾവിളിക്കുമ്പോഴും മറ്റും അഞ്ജു വിഷാദത്തിലായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് .ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. യുകെയിലേക്ക് മക്കളുമായി ഇവർ പോയത് ഒക്ടോബറിലായിരുന്നുവെന്നും നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല എന്നും അശോകൻ പറഞ്ഞു.