എൽഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടകകക്ഷികൾ കരുതുന്നത് നല്ല സൂചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർഎസ്പിയും രംഗത്തുവന്നതോടെ യുഡിഎഫിൽ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. ആര് സംഘപരിവാർ വിരുദ്ധ അജണ്ട സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കുമെന്നും സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് സ്വീകരിക്കുന്ന ആരേയും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സിപിഎം സ്വാഗതം ചെയ്തത്. ആ നിലപാടിനെ തുറന്ന മനസോടെ സ്വീകരിക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്നും ലേഖനത്തിൽ സി പി എം സെക്രട്ടറി എം വി ഗോവിന്ദന് ലേഖനത്തില്‍ പറയുന്നു.
സർക്കാരും എൽ ഡി എഫും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന്റെ നയങ്ങൾ യു ഡി എഫ് നയങ്ങളേക്കാൾ സ്വീകാര്യമെന്ന് യുഡിഎഫിലെ ഘടകകക്ഷികൾ പോലും ചിന്തിക്കുന്നു. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില്‍ കുറിക്കുന്നു.