ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. നാളെ 11 നാണു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകണമെന്ന് ലോക്‌സഭാംഗമായ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാര്‍ സുഖ്‌വിന്ദറിനെയാണു പിന്തുണച്ചത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പ്രതിഭയെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും.
ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നു പറഞ്ഞതിന് ഇടതുമുന്നണിയിലേക്കു ക്ഷണിച്ചെന്നാണു ചിലര്‍ വ്യാഖ്യാനിച്ചതെന്നും ഗോവിന്ദന്‍.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോടു ശാഖയില്‍ കോഴിക്കോടു കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍, സിബിഐ ഡയറക്ടര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ എന്നിവര്‍ക്കാണു കത്തയച്ചത്.
കണ്ണൂരില്‍ പിഎസ് സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. പയ്യന്നൂരില്‍ മൂന്നിടങ്ങളിലും ഇരിട്ടിയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസെടുക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാല് ഉദ്യോഗസ്ഥര്‍ കോച്ചിംഗ് സെന്ററുകളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ ഷൈന്‍ ടോം ചാക്കോയെ പിന്നീട് വിട്ടയച്ചു. താന്‍ അഭിനയിച്ച ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്റെ പ്രചരണത്തിനാണ് ദുബൈയില്‍ എത്തിയത്. തിരികെ നാട്ടിലേക്കു വിമാനം കയറിയപ്പോഴാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പമാണ് ദുബൈ വിമാനത്താവളത്തില്‍നിന്ന് ഷൈനിനെ വിട്ടയച്ചത്.
കൊച്ചുവേളി യാര്‍ഡില്‍ പണി നടക്കുന്നതിനാല്‍ ഞായറാഴ്ച പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകിയോടും.
ശബരിമലയില്‍ ഭക്തജന തിരക്ക്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു. ഇലവുങ്കല്‍ മുതല്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ലക്ഷത്തോളം പേരാണ് ഇന്നലെ ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നത്.
വിഴിഞ്ഞം സമരത്തിന് ഉന്നയിച്ച ആവശ്യങ്ങള്‍ ഭാഗികമായി മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചുള്ളൂവെന്നും തൃപ്തരല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സര്‍ക്കുലര്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഭാഗികമായതിനാല്‍ അതിജീവനത്തിനു ഭാവിയിലും സന്നദ്ധരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോയുടെ സര്‍ക്കുലര്‍ ഇന്നു പള്ളികളില്‍ വായിക്കും.
വിമാനത്തില്‍ പാമ്പ്. ദുബൈയില്‍നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മുടങ്ങി. വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കി. ശനിയാഴ്ച പുലര്‍ച്ചെ 2.20 നാണു പാമ്പിനെ കണ്ടത്.
സ്‌കൂള്‍ തലം മുതല്‍ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാര്‍. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമാണ് മനുഷ്യനും അയാള്‍ക്ക് ജന്മനാ സിദ്ധിച്ച അവകാശങ്ങളുമെന്ന് ജസ്റ്റിസ് മണികുമാര്‍ പറഞ്ഞു.
കഞ്ചിക്കോട് ചന്ദന വേട്ട. ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന 150 കിലോ ചന്ദനമുട്ടികള്‍ പൊലീസ് പിടികൂടി. പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളും പട്ടാമ്പി സ്വദേശികളുമായ ഉനൈസ്, അനസ് എന്നിവരെ എക്‌സൈസ് പിടികൂടി.
ആലപ്പുഴ ഹരിപ്പാട് പടക്ക ഷെഡ് കത്തിനശിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിന്റ വീട്ടുപറമ്പിലെ പടക്ക ഷെഡിനാണു തീപിടിച്ചത്. ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. വീട്ടിനുള്ളിലും വന്‍പടക്കശേഖരം കണ്ടെത്തി. പടക്കനിര്‍മാണത്തിന് ലൈസന്‍സില്ലെന്നു പോലീസ്.
കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റിലായി. ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41) നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുല്‍ ഹമീദ്(40) കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46) കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുള്‍ മനാഫ് (42) മാത്തോട്ടം വാഴച്ചാല്‍ വയല്‍ അബദുള്‍ അസീസ് (38) എന്നിവരാണ് പിടിയിലായത്.
മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുനരി ആക്രമിച്ചു. ദേഹമാസകലം കടിയും പരിക്കുമേറ്റ പഞ്ചായത്ത് അംഗം ജോമി തോമസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുനരിക്ക് പേ വിഷബാധ ഉണ്ടെന്നു സംശയിക്കുന്നതായി ജോമിയെ രക്ഷിച്ച നാട്ടുകാര്‍ പറഞ്ഞു.
തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറയില്‍ 25 തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കുത്തേറ്റവരെ ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട് ടിപ്പര്‍ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. വെഞ്ഞാറമൂട് പൂവണത്തുംമൂട് വിളയില്‍ വീട്ടില്‍ ദാക്ഷായണി (75) ആണ് മരിച്ചത്.
കോട്ടയം കറുകച്ചാലില്‍ സ്വര്‍ണം വാങ്ങനെത്തിയ യുവാവ് ജ്വല്ലറിയില്‍നിന്ന് മൂന്നു പവന്‍ കവര്‍ന്നു. മാലയെടുത്ത് കടയില്‍നിന്ന് ഇറങ്ങിയോടി സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. മാസ്‌ക് ധരിച്ച് എത്തിയ ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവു നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയ ആള്‍ കണ്ണൂരില്‍ പിടിയില്‍. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റു ചെയ്തത്.
മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാലു മരണം. തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് നാലു പേര്‍ മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ചെന്നൈ അടക്കം മിക്കയിടത്തും ശക്തമായ മഴ. താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം. മരങ്ങള്‍ വീണ് വന്‍ നാശനഷ്ടം. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വെള്ളം കയറിയതിനാല്‍ 15 വൈദ്യുതി സബ് സ്റ്റേഷനുകള്‍ അടച്ചതോടം നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരെ ആം ആദ്മി പാര്‍ട്ടി വിലകൊടത്തു വാങ്ങാന്‍ ശ്രമിച്ചെന്ന് പരാതി. കെജരിവാളിന്റെ ഏജന്റ് സമീപിച്ചെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കി. 250 സീറ്റില്‍ 132 സീറ്റുമായി ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടിയിരിക്കേയാണ് ആരോപണം.
ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ വില വര്‍ധിച്ചതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കര്‍ഷകര്‍ കൂടുതല്‍ പ്രദേശത്ത് വിളയിറക്കിയത്. സര്‍ക്കാരിന്റെ കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞതും കര്‍ഷകരെ കൃഷി വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. 255.7 ലക്ഷം ഹെക്ടറില്‍ ഗോതമ്പ് വിതച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 204 ലക്ഷം ഹെക്ടറിലായിരുന്നു ഗോതമ്പു കൃഷി.
2002 ലെ ഗുജറാത്ത് കലാപത്തില്‍ അക്രമം നടത്തിയവരെ പാഠം പഠിപ്പിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന പ്രതിപക്ഷ കക്ഷികളുടെ പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി.
വിവാഹാലോചന നിരസിച്ചതിന് തെലങ്കാനയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപത്തിനാലുകാരിയായ വനിതാ ഡോക്ടറെ നൂറോളം പേര്‍ തട്ടിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയച്ചു. സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ചൈനയും സൗദി അറേബ്യയും 46 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഹൈഡ്രജന്‍ ഊര്‍ജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാര്‍പ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ ഇക്കോണമി, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളിലാണു കരാര്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗിന്റെ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇത്രയേറെ കരാറുകളില്‍ ഒപ്പുവച്ചത്.
ലോകകപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ അമേരിക്കന്‍ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഗ്രാന്‍ഡ് വാല്‍(48) അന്തരിച്ചു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രസ് ബോക്സില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.