നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്നു വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലിനു നാല്‍പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.
ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയാണ് ചാർട്ടർ ഗേറ്റ് വേ . താരതമ്യേന കുറഞ്ഞ ചെലവിൽ ബിസനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാൽ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നു. നിലവിൽ സിയാൽ രണ്ട് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ആഭ്യന്തര യാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും. രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാറും.
സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകൾക്ക് സജ്ജമാണ്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ആകർഷകമായ ഇന്റീരിയറോടെ സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ പൂർത്തിയായിക്കഴിഞ്ഞു. സ്വകാര്യ കാർ പാർക്കിംഗ് ഇടം, ഡ്രൈവ് ഇൻ പോർച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതി സുരക്ഷാ ആവശ്യമുള്ള വി.ഐ.പി അതിഥികൾക്കായി ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.