ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെ യ്ക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര മേളകൾ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ഉദ്ഘാടനപ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയുടെ ആകർഷണങ്ങളാണ്.
മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയും, രജത ചകോരത്തിന് അര്‍ഹമാവുന്ന മികച്ച സംവിധായകന് 4 ലക്ഷം രൂപയും, രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.
ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐ. എഫ്. എഫ്.കെ വേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നൽകിയത്.