◾ഗുജറാത്തില്‍ താമരത്തരംഗം. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരമുറപ്പിച്ചത് റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ്. 182 സീറ്റില്‍ 156 സീറ്റുമായാണ് ബിജെപി മുന്നേറ്റം. അഞ്ചിടത്തു മുന്നേറുന്ന ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങി. കാര്യമായ പ്രചാരണമൊന്നും നടത്താതിരുന്ന കോണ്‍ഗ്രസ് വെറും 18 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. 12 ന് ഉച്ചയ്ക്ക് രണ്ടിനാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസിനു ലഭിക്കുമായിരുന്ന വോട്ടിന്റെ വലിയൊരു ഭാഗവും ആം ആദ്മി പാര്‍ട്ടി കൈക്കലാക്കിയതാണു ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചത്.
◾ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 സീറ്റില്‍ 40 സീറ്റുമായി കോണ്‍ഗ്രസ് മുന്നില്‍. ബിജെപി 25 സീറ്റിലാണു മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിനു 35 എംഎല്‍എമാരുടെ പിന്തുണ വേണം. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പാട്ടിലാക്കി ബിജെപി ഭരണം നിലനിര്‍ത്താന്‍ നീക്കങ്ങള്‍ തുടങ്ങി. വിജയിക്കുന്നവരെ ഇതര സംസ്ഥാനങ്ങളിലെ റിസോര്‍ട്ടുകളിലേക്കു മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.
◾സജി ചെറിയാന് അയോഗ്യതയില്ല. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നു കാണിച്ച് പൊലീസ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കൊച്ചി സ്വദേശിയായ അഡ്വ. ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല കോടതി ഉത്തരവിട്ടതനുസരിച്ചാണ് കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്ത് തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയത്.
◾സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര അനുമതിക്കു ശേഷമേ ഉണ്ടാകൂവെന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍. 20 കോടി 50 ലക്ഷം രൂപ കെ റെയിലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നു എട്ടു കോടി 52 ലക്ഷം ചെലവഴിച്ചു. സര്‍വ്വേയുടെ ഭാഗമായുള്ള മഞ്ഞക്കുറ്റി ഒരു അടയാളപ്പെടുത്തല്‍ മാത്രമാണ്. സ്ഥലം ഏറ്റെടുക്കലല്ല. കുറ്റി സര്‍ക്കാറിന്റേതാണ്. സര്‍വെ നമ്പര്‍ പ്രസിദ്ധീകരിച്ചതിന്റെ അര്‍ത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ല. വില്‍പനക്കോ വായ്പയെടുക്കാനോ തടസമില്ല. കരം അടക്കലിന് അടക്കം തടസമുണ്ടാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
◾കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടില്‍ മുന്‍ മന്ത്രി കെകെ ശൈലജ അടക്കമുള്ളവര്‍ക്കെതിരായാണ് അന്വേഷണം. ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് എസ്പിക്കെതിരെ കേസ്. മാനന്തവാടി സ്വദേശിയും കോഴിക്കോട് റേഞ്ച് സ്പെഷല്‍ ബ്രാഞ്ച് എസ്പിയായിരുന്ന പ്രിന്‍സ് അബ്രഹാമിനെതിരെയാണ് കേസെടുത്തത്. ചികിത്സയില്‍ മരിച്ചയാളുടെ ഇന്റിമേഷന്‍ പൊലീസ് സ്റ്റേഷനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്.
◾കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി എം.പി.റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരും പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മാനേജര്‍ പദവി ദുരുപയോഗിച്ച് നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
◾വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം പുനരാരംഭിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതോടെ 20 ലോഡ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു. പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കടലിലേക്ക് പ്രതിദിനം 30,000 ടണ്‍ കരിങ്കല്ല് നിക്ഷേപിക്കും. സമരത്തിനു മുമ്പ് 15,000 ടണ്‍ കരിങ്കല്ലാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. 2.9 കിലോമീറ്റര്‍ പുലിമുട്ടില്‍ 1.4 കിലോമീറ്റര്‍ നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയായത്. കടലില്‍ കൂടുതല്‍ കരിങ്കല്ല് നിറയ്ക്കുന്തോറും വിഴിഞ്ഞം പ്രദേശത്തേക്കു കടല്‍ കയറിവന്ന് വീടുകള്‍ തകര്‍ക്കുന്നുണ്ടെന്ന പരാതിയുമായാണ് മല്‍സ്യത്തൊഴിലാളികള്‍ സമരം നടത്തിയത്.
◾കോഴിക്കോട്ടെ ആവിക്കല്‍ തോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം തല്‍ക്കാലം നിറുത്തണമെന്നു കോടതി ഉത്തരവ്. നാട്ടുകാരനായ സക്കീര്‍ ഹുസൈന്‍ നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയാണ് ഉത്തരവിട്ടത്. തോട് നികത്തിയെടുത്ത സ്ഥലത്താണു പ്ലാന്റ് നിര്‍മിക്കുന്നതെന്ന് ആരോപിച്ചാണ് ഹര്‍ജി.
◾രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു തിരുവനന്തപുരത്തു നാളെ തുടക്കമാകും. വൈകുന്നേരം 3.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും. ഈ മാസം 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പന്തീരായിരം ഡെലിഗേറ്റുകള്‍ പങ്കെടുക്കും.
◾കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയില്‍. വിഴിഞ്ഞം തുറമുഖം, ശശി തരൂരിന്റെ മുന്നേറ്റം, സര്‍വകലാശാല നിയമന വിവാദങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകും.
◾കാസര്‍കോട് വയലോടിയിലെ പ്രിജേഷ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (24) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്തുള്ള തെങ്ങിന്‍തോപ്പിലാണ് പ്രിജേഷ് കൊല്ലപ്പെട്ടത്. രാത്രി അസമയത്ത് പ്രിജേഷിനെ ഒരു വീട്ടില്‍ കണ്ടതിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
◾വയനാട് മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. അപര്‍ണ ഗൗരിയെ ആക്രമിച്ചത് യുഡിഎസ്എഫ് പ്രവര്‍ത്തകരാണ്. ലഹരി സംഘത്തിന് എതിരായ നിലപാടാണ് അപര്‍ണ ഗൗരിയെ ആക്രമിക്കാന്‍ കാരണം. ആറു പ്രതികളെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
◾തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിന്‍ കണ്ണിനെ കേരള തമിഴ്നാട് അതിര്‍ത്തിയിലെ ആളില്ലാതുറയില്‍ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതികളായ മാഹിന്‍കണ്ണും റുഖിയയും ചേര്‍ന്ന് വിദ്യയേയും മകള്‍ ഗൗരിയെയും കടലില്‍ തള്ളിയെന്നാണു കേസ്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്ത്(22) മുനമ്പം പൊലീസിന്റെ പിടിയിലായി. പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
◾ബട്ടണ്‍ രൂപത്തിലാക്കി ട്രോളി ബാഗിന്റെ ഹാന്‍ഡിലില്‍ ഒട്ടിച്ച് ഒളിച്ചുകടത്താന്‍ ശ്രമിച്ച 142 ഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദിനെയാണു സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയത്.
◾ഗുജറാത്തില്‍ മോദി കാലത്തേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി ബിജെപി. കഴിഞ്ഞ തവണ 99 സീറ്റാണു ബിജെപിക്കുണ്ടായിരുന്നത്. അതിനു മുമ്പ് 2012 ല്‍ 115 സീറ്റുണ്ടായിരുന്നു. 2007 ല്‍ മോദിയുടെ നേതൃത്വത്തില്‍ 117 സീറ്റാണു സ്വന്തമാക്കിയത്. ഗുജറാത്ത് കലാപത്തിനു പിറകേ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു റിക്കാര്‍ഡ് ഭൂരിപക്ഷം. 127 സീറ്റാണ് ആ വര്‍ഷം ബിജെപി നേടിയത്. 2001 ലാണ് കേശുഭായി പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2002 ലെ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 1995 ലാണ് ഗുജറാത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്.
◾തൂക്കുപാലം ദുരന്തത്തില്‍ 135 പേര്‍ മരിച്ച ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നേറ്റം. ദുരന്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലേക്ക് എടുത്തു ചാടിയ മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായത്. ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ജയന്തിലാല്‍ പട്ടേലിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും മത്സരിപ്പിച്ചത്.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 77 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ വെറും 19 സീറ്റില്‍ മാത്രമാണ് മുന്നേറിയത്. 58 സീറ്റ് കോണ്‍ഗ്രസിനു നഷ്ടം. തെരഞ്ഞെടുപ്പിനെ അലക്ഷ്യമായി നേരിട്ടതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. നാഥനില്ലാകളരി പോലെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ബിജെപിയും എഎപിയും ദേശീയ നേതാക്കളെ ഇറക്കി നാടിളക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.
◾ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. 15 വര്‍ഷം ഭരിച്ച ബിജെപിയെ തകര്‍ത്താണ് ആം ആദ്മിയുടെ വിജയം. ബിജെപി 104 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് ഒമ്പതു സീറ്റിലേയ്ക്ക് ഒതുങ്ങി.
◾ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി സ്ഥാനാര്‍ത്ഥിയായി ജാംനഗറില്‍നിന്ന് ഗുജറാത്ത് നിയമസഭയിലേക്ക്. മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് റിവാബയുടെ വിജയം.
◾ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭാരത് സോളങ്കി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ പിന്തിരിപ്പിച്ചു.
◾ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛണ്ഡീഗഡിലേക്ക് മാറ്റും. ബിജെപി എംഎഎല്‍എമാരെ ഹരിയാനയിലേക്കും മാറ്റുന്നു. ഓപ്പറേഷന്‍ താമര ഹിമാചലില്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
◾കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ മന്ത്രിയും ഒരു സ്ത്രീയും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ള സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോയാണ് പുറത്തായത്. മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു.
◾തമിഴ് കോമഡി താരമായ ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. തഞ്ചാവൂരിലെ പട്ടുകോട്ടേയി സ്വദേശിയാണ്. ഇരുന്നൂറിലധികം തമിഴ് ചിത്രങ്ങളില്‍ ടി ശിവ നാരായണമൂര്‍ത്തി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.
◾തമിഴ്‌നാട് ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കില്‍ ഇടിച്ച് ആറു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചന്ദ്രശേഖര്‍ (70), ശശികുമാര്‍ (30), ദാമോധരന്‍ (28), ഏഴുമലൈ (65), ഗോകുല്‍ (33), ശേഖര്‍ (55) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.
◾പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് സ്യൂട്ട്കേസില്‍ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സ്യൂട്ട്കേസിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് എത്തി പരിശോധന നടത്തിയത്.
◾ആഗോളതലത്തില്‍ 50 ലക്ഷം ആളുകളുടെ ഡാറ്റ ബോട്ട് മാര്‍ക്കറ്റില്‍ വിറ്റതായി ആരോപണം. ഇതില്‍ ആറു ലക്ഷം ഇന്ത്യക്കാരുടെ വിവരവും ഉണ്ടെന്നാണ് വിവരം. മാല്‍വെയര്‍ ഉപയോഗിച്ച് ഇരകളുടെ ഉപകരണങ്ങളില്‍നിന്ന് അപഹരിച്ച ഡാറ്റ വില്‍ക്കാന്‍ ഹാക്കര്‍മാര്‍ ബോട്ട് മാര്‍ക്കറ്റുകള്‍ ഉപയോഗിച്ചെന്നാണ് ലിത്വാനിയയിലെ നോര്‍ഡ് സെക്യൂരിറ്റിക്കു കീഴിലുള്ള നോര്‍ഡ് വിപിഎന്‍ പുറത്തുവിട്ട വിവരം.
◾ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് 2022 പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വനിതകള്‍. പട്ടികയില്‍ നിര്‍മല സീതാരാമന്‍ 36-ാം സ്ഥാനത്താണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഒരു സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയാണ് നിര്‍മല സീതാരാമന്‍ ആധിപത്യം പുലര്‍ത്തുന്നത്. പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ വനിതകളാണ് ബയോകോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണാണ് കിരണ്‍ മജുംദാര്‍ (72), നെകയുടെ സ്ഥാപക ഫല്‍ഗുനി നായര്‍ (89), എച്ച്സിഎല്‍ ടെക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര (53), സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് (54), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ (67). യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെന്ന നേട്ടത്തിനുടമയായി ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ലോകത്തിലെ ഏറ്റവും ശക്തയായ മൂന്നാമത്തെ വനിതയായി കണക്കാക്കപ്പെടുന്നു.
◾വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അവരെ പ്രതിനിധീകരിക്കാന്‍ ഒരു ആള്‍ രൂപം (അവതാര്‍) സൃഷ്ടിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. വിവിധ തരം ഉടുപ്പുകള്‍, മുഖ ലക്ഷണങ്ങള്‍ തുടങ്ങിയവയടക്കം ഉള്‍പ്പെടുത്തി അവതാര്‍ സൃഷ്ടിക്കാം. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റായുടെ കീഴിലുള്ള മെസഞ്ചര്‍, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നേരത്തേ തന്നെ ലഭ്യമായിരുന്നു. അവതാര്‍ ഒരുക്കാനായി ക്രമീകരിക്കാവുന്ന 36 സ്റ്റിക്കറുകളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് മെറ്റാ അറിയിക്കുന്നു. അവതാറിന്റെ പ്രവൃത്തിയും വികാരപ്രകടനവും ഇവ ഉപയോഗിച്ച് ക്രമീകരിക്കാം. സ്വന്തം അവതാര്‍ സൃഷ്ടിച്ച ശേഷം ഇത് സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാം. സന്ദര്‍ഭോചിതമായി വികാരപ്രകടനങ്ങള്‍ നടത്താനും ഉപയോഗിക്കാം.
◾2022ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ ബ്രഹ്‌മാസ്ത്ര. ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2022’ ന്റെ ഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യങ്ങള്‍, ഇവന്റുകള്‍, വ്യക്തിത്വങ്ങള്‍ എന്നിവയും മറ്റും ഗൂഗിള്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘ബ്രഹ്‌മാസ്ത്ര’, ‘കെജിഎഫ് 2’ എന്നിവ സിനിമകളാണ് യഥാക്രമം സേര്‍ച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള ട്രെന്‍ഡിങ് മൂവി സേര്‍ച്ചിങ് പട്ടികയിലും ഇവയ്ക്ക് ഇടമുണ്ട്. ആദിത്യ എയുടെ ഇന്‍ഡി-പോപ്പ് നമ്പര്‍ ‘ചാന്ദ് ബാലിയാന്‍’, തമിഴ് സൂപ്പര്‍ഹിറ്റ് ‘പുഷ്പ: ദി റൈസ്’-ലെ ‘ശ്രീവല്ലി’ എന്നിവയാണ് ആരാധകരേറെയുള്ള പാട്ടുകള്‍. ഇന്ത്യയിലെ ട്രെന്‍ഡിങ് സേര്ച്ചിങ് വിഷയമായി മാറിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ്. ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിള് സേര്‍ച്ചില് മുന്നില്‍ തന്നെയായിരുന്നു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യം കോവിഡ് വാക്‌സീന്‍ നിയര്‍ മി എന്നാണ്. ‘സ്വിമ്മിങ് പൂള്‍ നിയര്‍ മി ‘, ‘വാട്ടര്‍ പാര്‍ക്ക് നിയര്‍ മി’ എന്നിവയാണ് കൂടുതല്‍ സേര്‍ച്ച് ചെയ്ത മറ്റു ചോദ്യങ്ങള്‍.
◾2022 ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയുമായി പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റ ബേസ് ആയ ഐഎംഡിബി. ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരമായി ഐഎംഡിബി തെരഞ്ഞെടുത്തത് ധനുഷാണ്. റുസ്സോ ബ്രദേഴ്സിന്റെ ഹോളിവുഡ് ചിത്രമായ ‘ദ ഗ്രേ മാനി’ലടക്കം ധനുഷ് 2022ല്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ താരമായ ഐശ്വര്യ റായ്യാണ് ഐഎംഡിബിയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. രാം ചരണാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. എസ് എസ് രാജമൗലി ചിത്രമായ ‘ആര്‍ആര്‍ആറി’ലൂടെയാണ് രാം ചരണ്‍ ജനപ്രീതി സ്വന്തമാക്കിയത്. സമാന്ത റൂത്ത് പ്രഭു അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ഹൃതിക് റോഷന്‍ ആറാം സ്ഥാനത്തും കിയാര അദ്വാനി ഏഴാം സ്ഥാനത്തും ജൂനിയര്‍ എന്‍ടിആര്‍ എട്ടാം സ്ഥാനത്തും അല്ലു അര്‍ജുനും യാഷും ഒന്‍പതാം സ്ഥാനത്തും പത്താം സ്ഥാനത്തും എത്തി.
◾2022 നവംബര്‍ 2 മുതല്‍ 28 വരെ നിര്‍മ്മിച്ച പുതിയ ഗ്രാന്‍ഡ് വിറ്റാര എസ്യുവി, പുതുക്കിയ എര്‍ട്ടിഗ, എക്സഎല്‍6 എന്നിവയുടെ ആകെ 9,125 യൂണിറ്റുകള്‍ മാരുതി സുസുക്കി ഔദ്യോഗികമായി തിരിച്ചുവിളിച്ചു . ഇപ്പോള്‍, കമ്പനി പുതുതായി പുറത്തിറക്കിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ 994 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. സീറ്റ് ബെല്‍റ്റ് ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്ററിന്റെ തകരാര്‍ പരിഹരിക്കുന്നതിനാണ് പുതിയ എസ്യുവി തിരിച്ചുവിളിച്ചത്. ഫ്രണ്ട് സീറ്റ് ബെല്‍റ്റ് ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്റര്‍ അസംബ്ലിയുടെ ചൈല്‍ഡ് ഭാഗങ്ങളിലൊന്നില്‍ തകരാറുണ്ടെന്ന് സംശയിക്കുന്നു. ഇത് സീറ്റ് ബെല്‍റ്റ് വേര്‍പെടുത്താന്‍ ഇടയാക്കിയേക്കാം. ഏതെങ്കിലും വാഹനത്തിന് തകരാര്‍ കണ്ടെത്തിയാല്‍, ആ ഭാഗം കമ്പനി അവരുടെ അംഗീകൃത സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ സൗജന്യമായി മാറ്റി നല്‍കും.
◾മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍ നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും. ‘ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍’. ശ്രീകാന്ത് കോട്ടയ്ക്കല്‍. മാതൃഭൂമി ബുക്സ്. വില 361 രൂപ.
◾മനുഷ്യശരീരത്തില്‍ ഏറെ ശ്രദ്ധവേണ്ട പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍. വൃക്കകളെ ബാധിക്കുന്ന രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. രോഗത്തിന്റെ പ്രാരംഭത്തില്‍ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമാകാത്തതാണ് കാരണം. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍, അധിക വെള്ളം, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഫില്‍ട്ടര്‍ ചെയ്യുന്ന പ്രവൃത്തിയാണ് വൃക്കയുടെ പ്രധാന കര്‍ത്തവ്യം. ഈ മാലിന്യങ്ങള്‍ നിങ്ങളുടെ മൂത്രസഞ്ചിയില്‍ സൂക്ഷിക്കുകയും പിന്നീട് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കൂടാതെ വൃക്കകള്‍ ശരീരത്തിലെ പിഎച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുകയും ചെയ്യുന്ന ഹോര്‍മോണുകളും അവ ഉത്പാദിപ്പിക്കുന്നു. വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ ക്ഷേമത്തിനും പ്രധാനമാണ്. കിഡ്നിയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിലൂടെ ശരീരം ശരിയായി മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുകയും പുറന്തള്ളുകയും നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. വ്യായാമം വൃക്കരോഗ സാധ്യത കുറയ്ക്കും. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വെള്ളം കുടിക്കുന്നത് വൃക്കകള്‍ക്ക് ആരോഗ്യകരമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.31, പൗണ്ട് – 100.46, യൂറോ – 86.55, സ്വിസ് ഫ്രാങ്ക് – 87.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.39, ബഹറിന്‍ ദിനാര്‍ – 218.37, കുവൈത്ത് ദിനാര്‍ -268.17, ഒമാനി റിയാല്‍ – 213.84, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.41, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 60.30.