മന്ത്രി വി.അബ്ദുറഹ്മാനെതിരെ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തെ അപലപിച്ച് മുസലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കാൻ ഉന്നത സ്ഥാനത്തുള്ളവർ ശ്രമിക്കണം. സമര സമിതി കൺവീനർ നടത്തിയത് അപക്വമായ പരാമർശം എന്നതിൽ സംശയമില്ല. എന്നാൽ അതിനെതിരേ പ്രതികരിച്ച് രാജ്യത്ത് കുഴപ്പം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല എന്നും പി എം എ സലാം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയോട് തങ്ങൾക്കോ യു ഡി എഫിനോ എതിർപ്പില്ല. എന്നാൽ വികസനത്തിന്റെ പേരിൽ പാവങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്നാണ് തങ്ങൾ പറയുന്നതെന്നും പറഞ്ഞു.സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം സമരത്തെ മന്ത്രി വി അബ്ദു റഹ്‌മാൻ വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരിൽ തന്നെ ഒരു തീവ്രവാദമുണ്ടെന്നാണ് ഫാ.തിയോഡേഷ്യസ് പറഞ്ഞത് . ഇതിനെതിരേ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ലത്തീൻ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ മന്ത്രി ഖേദപ്രകടനം സ്വീകരിച്ചില്ല.