yt cover

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഇറക്കുമതി തീരുവ ഏഴര ശതമാനത്തില്‍നിന്ന് പന്ത്രണ്ടര ശതമാനമായി. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജി എസ് ടിയും ഇടാക്കുന്നുണ്ട്. ഒരു കിലോ സ്വര്‍ണത്തിന് രണ്ടര ലക്ഷം രൂപ വര്‍ധിക്കും. ഇതോടെ സ്വര്‍ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ രാജ്യത്തോടു മാപ്പ് പറയണമെന്ന് സുപ്രീംകോടതി. ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയം ടിവി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണ്. പൊലീസ് അറസ്റ്റു ചെയ്യാതെ നൂപുര്‍ ശര്‍മ്മക്ക് ചുവന്ന പരവതാനി വിരിച്ചിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. തനിക്കെതിരായ കേസുകള്‍ ഡല്‍ഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം.

എകെജി സെന്റര്‍ ആക്രമണത്തിനു പിറകേ, സംസ്ഥാനത്തു പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ സിപിഎം ആക്രമണം. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവനും എല്ലാ ജില്ലകളിലേയും ഡിസിസി ഓഫീസുകള്‍ക്കും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആലപ്പുഴയില്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് സ്തൂപങ്ങളും കൊടിത്തോരണങ്ങളും തകര്‍ത്തു. ചാത്തനാട് മന്നത്ത് കൊടിമരം തകര്‍ത്തു. തൃശൂര്‍ കുട്ടനല്ലൂരില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. കോഴിക്കോട് വൈക്കിലശേരിയില്‍ കോണ്‍ഗ്രസ് സ്തൂപങ്ങളും പാര്‍ട്ടി ഓഫീസും അടിച്ചു തകര്‍ത്തു. .

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ അക്രമിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവസ്ഥലം സന്ദര്‍ശിച്ച എഡിജിപി വിജയ് സാഖറെ ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വ്യക്തമാക്കി. അക്രമി ഒരാള്‍മാത്രമാണെന്നാണ് ഇപ്പോഴുള്ള വിവരം. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം നടത്തിയയാളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളിക്കു പിന്നിലുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനാണു ശ്രമം. സമാധാനം തകര്‍ക്കാനുള്ള പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നും മുഖ്യമന്ത്രി. കോണ്‍ഗ്രസ് കലാപത്തിനു ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു

രാജ്യത്ത് കര്‍ഷകര്‍ക്കും കൃഷിക്കും അവഗണയെന്ന് രാഹുല്‍ ഗാന്ധി എംപി. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു. എന്നാല്‍ ചെറിയ വായ്പയെടുത്ത കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിക്കുന്നത്. വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്നു മനുഷ്യരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല. ഫാര്‍മേഴ്സ് ബാങ്ക് ഉദ്ഘാടന യോഗത്തില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ ഗാന്ധി എംപിക്കു കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്‍. വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമതരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഏക്നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്കുവേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. കേസ് 11ന് കേള്‍ക്കാന്‍ മാറ്റിവച്ചു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു. പുതിയ വില 2035 രൂപയാണ്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ക്കു നോട്ടീസ് നല്‍കി. മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സ്ഥപനവുമായി ബന്ധപ്പെട്ട വിഷയം അടക്കമുള്ള കാര്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് ആരോപണം.

കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരം നിര്‍ത്തണമെന്നു ഹൈക്കോടതി. സമരം തുടര്‍ന്നാല്‍ ശമ്പളം നല്‍കണമെന്ന ഉത്തരവു നടപ്പാക്കാന്‍ മാനേജുമെന്റിനു പ്രയാസമാകും. ആ ഉത്തരവു പിന്‍വലിക്കേണ്ടിവരുമെന്നും കോടതി.

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചത് മുറിവിന്റെ ആഴം കൂടിയതുകൊണ്ടാകാമെന്നു ഡിഎംഒ. വാക്സിന്റെ ഗുണനിലവാരത്തില്‍ സംശയമില്ല. കടിച്ച പട്ടിക്കു വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.

ഡോക്ടര്‍മാരും നേഴ്സുമാരും ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡ്യൂട്ടി കൃത്യമായി ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുവാനും നിര്‍ദ്ദേശം നല്കി. കോഴിക്കോട് സ്വദേശി രവി ഉള്ളിയേരി നല്കിയ പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്.

അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി വിജയിച്ച ടീം അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണ പരിപാടിയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അഞ്ചു മുതല്‍ 13 വരെ വയസുള്ള അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്നു സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തില്‍ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്.

കൈക്കു പരിക്കുമായി എത്തിയ വിദ്യാര്‍ഥിക്കു സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ രണ്ടര മണിക്കൂര്‍ കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രിയിലേക്കു പോകേണ്ടിവന്നെന്ന് പരാതി. ബീനാച്ചി തുമ്പോളില്‍ നവാസാണ് മകന്‍ അജ്മലിന് ചികിത്സ തന്നില്ലെന്നാരോപിച്ചത്.

മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചു വിടാനാണ് അവര്‍തന്നെ എകെജി സെന്റര്‍ ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവം നടന്നയുടന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിച്ചു. നാളെ കോണ്‍ഗ്രസിന്റെ സമരവും രാഹുല്‍ ഗാന്ധിയുടെ പരിപാടികളും ഉള്ളപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഇതു ചെയ്യില്ല. സ്വര്‍ണകടത്ത്, സ്പ്രിംഗ്ളര്‍ അഴിമതി എന്നിവ മറയ്ക്കാനുളള സിപിഎമ്മിന്റെ തന്ത്രമാണിതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.

എകെജി സെന്ററിനുനേരെ ഉണ്ടായ ആക്രമണം ഇ.പി. ജയരാജന്റെ തിരക്കഥയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണമാണിത്. രാഹുലിന്റെ സന്ദര്‍ശനത്തിനു പ്രാധാന്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. കാമറകളില്‍ പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു. ബോംബേറ് കോണ്‍ഗ്രസ് ശൈലി അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

എകെജി സെന്ററിനു നേരെയുള്ള ആക്രമണം വന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആസൂത്രിത ആക്രമണത്തിന്റെ ഭാഗമാണിത്. നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍നിന്നു ജനശ്രദ്ധ തിരിക്കാനാണ് സിപിഎം എകെജി സെന്റര്‍ ആക്രമണം നടത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സരേന്ദ്രന്‍. മിന്നല്‍ മുരളി സിനിമയില്‍ വില്ലന്‍ കടയ്ക്കു തീവച്ച് ആളെക്കൂട്ടുന്ന രംഗം പങ്കുവച്ചുകൊണ്ടാണ് സുരേന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചത്.

അമ്പലപ്പുഴയില്‍ പ്രകോപന മുദ്രാവാക്യവുമായി സിപിഎം പ്രകടനം. എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കൈവെട്ടും, കാല്‍ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും എന്ന മുദ്രാവാക്യമായിരുന്നു പ്രകടനത്തില്‍ മുഴക്കിയത്. എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിക്കാന്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികവര്‍ഗക്കാരായ ബിരുദധാരികള്‍ക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.യു കോഴിക്കോട് ജില്ലാ ഭാരവാഹി ബുഷറിനെ കാപ്പ കുറ്റം ചുമത്തി ജയിലിലടച്ച പൊലീസിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് കോഴിക്കോട് ഡിസിസി പ്രസിന്റ് അഡ്വ കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് എന്നിവര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ കാപ്പ ചുമത്തുന്നത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അട്ടപ്പാടി നരസിമുക്കില്‍ തോക്കു കച്ചവടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയതിനു നാല് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിപിന്‍ പ്രസാദ് (സുരേഷ് ബാബു) , നാഫി 24 (ഹസ്സന്‍ ) ചെര്‍പ്പുളശ്ശേരി, മാരി 23 (കാളി മുത്തു) , രാജീവ് ഭൂതിവഴി 22 (രംഗനാഥന്‍) എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറത്തൂര്‍ പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് കോട്ടേജില്‍ തത്ത എന്നുവിളിക്കുന്ന അനുകുമാര്‍ (35) ആണ് പിടിയിലായത്. പൂവാറില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസുള്ള പെണ്‍കുട്ടിയ്ക്കു നേരെയാണ് പട്ടാപ്പകല്‍ അതിക്രമം നടന്നത്.

കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവതി മരിച്ച നിലയില്‍. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു.

കാസര്‍കോട് പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്നു പേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ അം?ഗങ്ങളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മഞ്ചേശ്വരം, ഉപ്പള സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ (ഐബിപിഎസ്) വിവിധ ബാങ്കുകളില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 6035 ഒഴിവുകളാണുള്ളത്. അവസാന തീയതി ജൂലൈ 21.

എയറോനോട്ടിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, തുടങ്ങിയ തസ്തികകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 14.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് ഉയരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഉയര്‍ന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയാണ്. 95 രൂപയാണ് വര്‍ധിച്ചത്.

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റം വരുതാതെ കേന്ദ്രസര്‍ക്കാര്‍. സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതി തുടങ്ങിയവയുടെ നിലവിലെ പലിശനിരക്ക് തുടരും. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബാങ്കുകള്‍ വായ്പാനിരക്കും നിക്ഷേപനിരക്കും ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് പലിശനിരക്ക് അതേപോലെ തുടരുന്നത്. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്ക് യഥാക്രമം 6.8, 6.9 ശതമാനമാണ് പലിശ. പിപിഎഫ്, സുകന്യ സമൃദ്ധി, മുതിര്‍ന്നവര്‍ക്കുള്ള സമ്പാദ്യ പദ്ധതി എന്നിവയ്ക്ക് യഥാക്രമം 7.1, 7.6, 7.4 ശതമാനം എന്നിങ്ങനെയാണ് പലിശ നല്‍കുന്നത്.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി നിസ്സാം ബഷീര്‍ ചിത്രം റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. ദുബായിയില്‍ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അതിഥി താരമായി ആസിഫ് അലിയും എത്തുന്നു. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം മേജറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും.ശശികിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തിയത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്.

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മൂന്നു സ്റ്റാര്‍ മാത്രം നേടി മാരുതി സുസുക്കി എസ്-പ്രസ്സോ. ഫലങ്ങള്‍ അനുസരിച്ച്, മാരുതി സുസുക്കി എസ്-പ്രെസ്സോ മുതിര്‍ന്നവരുടെ ഒക്കപ്പന്റ് പ്രൊട്ടക്ഷനായി മൂന്ന് സ്റ്റാറുകളും കുട്ടികളുടെ ഒക്കപ്പന്റ് പ്രൊട്ടക്ഷനായി രണ്ട് സ്റ്റാറുകളും നേടി. ഡ്യുവല്‍ എയര്‍ബാഗുകളുള്ള എസ്-പ്രസ്സോ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതായി ക്രാഷ് ടെസ്റ്റ് ഫലം കാണിച്ചു. എന്നിരുന്നാലും, ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണം കാണിച്ചു. ഒപ്പം കാല്‍മുട്ടുകള്‍ക്കും. എസ്-പ്രസോ സുരക്ഷാ പരീക്ഷണത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് എസ്ബിആര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഗ്ലോബല്‍ എന്‍സിഎപി ആവശ്യകത പാലിക്കുന്നില്ലെന്ന് സുരക്ഷാ ഏജന്‍സി പറഞ്ഞു.

‘മനുഷ്യന്‍ സമൂഹം, സംസ്‌കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന്‍ പുറച്ചേരിയുടെ കവിതകള്‍, ഉത്തരകേരള ത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും പുരാവൃത്ത ങ്ങളിലും ആഴത്തില്‍ വേരോടിയ ഈ കവിതകളില്‍ സ്ത്രീപക്ഷദര്‍ശനത്തിന്റെയും പരിസ്ഥിതി വിവേകത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തര്‍ദ്ധാരകളുണ്ട്. ‘ഉച്ചിര’. ഡിസി ബുക്സ്. വില 140 രൂപ

ഒന്നോ രണ്ടോ തവണ കൊവിഡ് പിടിപെട്ടാല്‍ പിന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമില്ലെന്ന് ചിന്തിക്കുന്നവരാണ് അധികപേരും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. യുഎസിലെ സെന്റ് ലൂയിസിലുള്ള യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഒന്നിലധികം തവണ കൊവിഡ് ബാധിതരാകുന്നവരിലും രണ്ടിലധികം കൊവിഡ് ബാധിതരാകുന്നവരിലും കണ്ടേക്കാവുന്ന അനുബന്ധ പ്രശ്നങ്ങളെ കുറിച്ചാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഒന്നില്‍ കൂടുതല്‍ കൊവിഡ് പിടിപെടുന്നത് ആരോഗ്യത്തെ പല രീതിയില്‍ പ്രശ്നത്തിലാക്കുമെന്നും അത് ജീവന് വരെ ഭീഷണിയാകുന്ന തരത്തിലേക്ക് എത്തുമെന്നുമാണ് പഠനം പറയുന്നത്. രണ്ട് തവണ കൊവിഡ് പിടിപെട്ടവരെക്കാള്‍ ഗുരുതരമായിരിക്കും മൂന്ന് തവണ കൊവിഡ് പിടിപെട്ടവരുടെ അവസ്ഥ. അതിലും പ്രശ്നമാണ് മൂന്നിലധികം തവണ രോഗം പിടിപെട്ടവരുടെ കാര്യം. ശരാശരി 75ഉം 65ഉം ദിവസത്തെ ഇടവേളകളിലാണ് രണ്ടും മൂന്നും തവണയും കൊവിഡ് പിടിപെടുന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഹൃദയസംബന്ധമായ തകരാറുകളിലേക്ക് വരെ രണ്ടിലധികം തവണ കൊവിഡ് പിടിപെടുന്നത് നയിക്കുന്നുണ്ട്. അതുപോലെ രക്തം കട്ട പിടിക്കുന്ന സാഹചര്യത്തിലേക്കും വീണ്ടും വീണ്ടും രോഗബാധയുണ്ടാകുന്നത് നയിക്കുന്നു. ഇതിന് പുറമെ ശ്വാസകോശം, വൃക്കകള്‍ എന്നിങ്ങനെയുള്ള അവവങ്ങള്‍ കാര്യമായി ബാധിക്കപ്പെടുന്നു. ന്യൂറോളജി പ്രശ്നങ്ങള്‍, പ്രമേഹം, മാനസിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൊവിഡ് വീണ്ടും പിടിപെടുമ്പോള്‍ കൂടുതലായി കാണുന്നു. പഠനം പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.12, പൗണ്ട് – 95.76, യൂറോ – 82.63, സ്വിസ് ഫ്രാങ്ക് – 82.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.90, ബഹറിന്‍ ദിനാര്‍ – 209.98, കുവൈത്ത് ദിനാര്‍ -257.81, ഒമാനി റിയാല്‍ – 205.46, സൗദി റിയാല്‍ – 21.08, യു.എ.ഇ ദിര്‍ഹം – 21.54, ഖത്തര്‍ റിയാല്‍ – 21.73, കനേഡിയന്‍ ഡോളര്‍ – 61.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *