സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ബസ്തറിൽ എത്തിയ പ്രധാനമന്ത്രി, 2026-ലെ ദീപാവലി നക്സലിസത്തിനും മാവോയിസ്റ്റ് ഭീകരതയ്ക്കും എതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലെ ചരിത്രപരമായ വിജയമാണെന്ന് വിശേഷിപ്പിച്ചു.
ആയുധധാരികളായ നക്സലുകളെ തുടച്ചുനീക്കിയെങ്കിലും നക്സലിസത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവശേഷിക്കുന്നത് രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞുകയറിയിട്ടുള്ള ‘ദിമാഗി നക്സലുകൾ’ ആണെന്നും അവരിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന. പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും.
സാമ്പത്തിക ബാധ്യതയില്ലാതെ കെഎസ്ആർടിസിക്ക് പുതിയ ബസുകൾ ലഭ്യമാക്കുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പദ്ധതിക്ക് ഭരണപക്ഷത്ത് പിന്തുണ. ആകെ 102 ഭരണപക്ഷ എംഎൽഎമാരിൽ 79 പേരും പദ്ധതിക്കായി സമ്മതപത്രം കൈമാറിക്കഴിഞ്ഞു.
എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സാധ്യത. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിലും അന്വേഷണം ഉണ്ടായേക്കും. സ്ഥാനമൊഴിയും മുൻപ് സീറാം സാംബ ശിവ റാവു നൽകിയ റിപ്പോർട്ടിൽ മന്ത്രിയെ പോലും സംശയനിഴലിലാക്കുന്ന കാര്യങ്ങളാണ് പറയുന്നത്.
എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി (എൻ ഒ സി) ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടാണ് ഈ പുതിയ സർക്കുലറെന്നും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ വൈകുന്നതിൽ അന്ത്യശാസനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. നിർമ്മാണപ്രവൃത്തികൾ ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ അന്ത്യശാസനം.
ചേരാനല്ലൂർ അപകടത്തിൽ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷൻ പെറ്റീഷനുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ 17കാരന് നൽകിയ സ്റ്റേഷൻ ജാമ്യം നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് റിവിഷൻ പെറ്റീഷൻ സമർപ്പിക്കാൻ ഒരുങ്ങുന്നത്.
കേരള വാട്ടർ അതോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 31 ന് മുൻപ് പുതിയ ഘടന നടപ്പിലാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്. പുതിയ സിനിമകളുടെ പ്രൊമോഷന് പരിപാടികളെയും റിലീസിനെത്തന്നെയും സാരമായി ബാധിക്കുന്ന പുതിയ നിർദേശത്തിന് എതിരെ സംസ്ഥാനത്തെ സിനിമാ സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്.
യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്. സർക്കാർ നിർദ്ദേശപ്രകാരമാണ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്സൈസ് കമ്മീഷണർ സർക്കുലർ നൽകിയത്.
യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാപ്രേരണ കേസിൽ നിർണായക വഴിത്തിരിവ്. മരിച്ച യുവതിയുടെ ഭർത്താവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുഹൈലിനെതിരെ ചുമത്തിയ കേസും ആത്മഹത്യാക്കുറിപ്പും ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കും.
പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. യുവനടിയുടെ ബന്ധു നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇതോടെയാണ് പ്രതിക്കെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും. നിലവിൽ പ്രതിപക്ഷ നേതാവ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. കൻ്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകും. ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം.
കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന ‘മലയിൽ’ ബസിന്റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ട്രിപ്പ് മുടക്കിയതിനാണ് നടപടി.
സ്കൂൾ കുട്ടികൾക്കും മറ്റും വിൽക്കുന്നതിനായി സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. അരൂക്കുറ്റിയിലെ നദുവത്ത് നഗർ സ്വദേശിയായ അഹമ്മദ് ഹാഷിമിനെയാണ് (51) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്ന വാണിജ്യവൽക്കരണവും വർഗീയവൽക്കരണവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കച്ചവടത്തിനുള്ള സാധ്യതയുണ്ടെന്ന് ഉത്തരവിറങ്ങി.സർക്കാർ നീക്കം അപലപനീയമാണെന്നും സ്വാശ്രയ വിദ്യാഭ്യാസ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടുവെന്നുമാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം.
റിയാദ് ഉൾപ്പെടെ സൗദിയിലെ പ്രമുഖ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തു. ഇതിനിടെ ഇറാന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
പാങ്ങപ്പാറ അഭിറാം കൊലകേസിൽ രണ്ടാം പ്രതിയായ ഉമർ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാധ്യമങ്ങളുടെ മുന്നിൽ പൊട്ടികരഞ്ഞ ഉമർ തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു.
ഉത്തർപ്രദേശിൽ അബ്ദുൾ ജയിക്കു’മെന്ന എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒവൈസിയുടെ പക്കൽ ഉത്തർപ്രദേശിനുവേണ്ടി കർമപരിപാടികളൊന്നുമില്ലെന്നും അദ്ദേഹത്തേപ്പോലുള്ള ആളുകൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
മൊബൈൽ ടവറിൽനിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി മാസും അഹമ്മദി(20) നെയാണ് മുവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 90,000 രൂപ വിലമതിക്കുന്ന ചെമ്പ് കേബിളുകളാണ് ഇയാൾ മോഷ്ടിച്ചത്.
കർണാടകയിൽ ഇ20 പെട്രോളിൽ അനുവദിനീയമായ അളവിലും അധികം എഥനോൾ കണ്ടെത്തിയ സംഭവവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് അംഗീകാരം നൽകിയിരിക്കുന്നത്.കാലക്രമേണെ പെട്രോളിലെ എഥനോളിന്റെ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തെന്നും ‘വോട്ട് നിരോധനം’ രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയെ തകർക്കുകയാണെന്നും കോൺഗ്രസ്. രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.
ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ അസ്വസ്ഥരായിരുന്ന പെൻഗ്വിൻ തിരുത്തലുകൾക്കായി നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന് ദി ഗാര്‍ഡിയനോട് സോണിയ വ്യക്തമാക്കി. അതേസമയം ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു.
കർണാടക മുഖ്യമന്ത്രി ഹാസനാംബെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ ഭക്തർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദർശനത്തിനായി സാധാരണക്കാരെ പോലീസ് തടഞ്ഞതാണ് വലിയ സ്ക്രീനിന് നേരെ ചെരുപ്പേറിയാൻ കാരണമായത്.
പെട്രോളിൽ അനുവദനീയമായ അളവിനെക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എഥനോൾ കലർത്തുന്നതിൽ ചില പെട്രോൾ പമ്പുകൾ അനുവദനീയ പരിധി ലംഘിച്ചതായി സർക്കാരിന് പരാതികൾ കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് വായുമലിനീകരണം ‘വളരെ മോശം’ വിഭാഗത്തിൽ തുടരുകയാണ്. പല പ്രദേശങ്ങളിലും മലിനീകരണ തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ദീപാവലി രാത്രിയിൽ വായുവിലെ സൂക്ഷ്മകണങ്ങളായ പിഎം 2.5-ന്റെ അളവിൽ 300 ശതമാനം മുതൽ 800 ശതമാനത്തിലേറെ വരെ വർധന ഉണ്ടാകും.
ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. കപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഇറാനെതിരെ പുതിയ നീക്കവുമായി അമേരിക്ക. ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരിൽ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു. കര വഴിയും കടൽ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെൻട്രൽ കമാൻഡ് നടത്തി.
ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ദൗത്യം പൂർത്തിയായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ്. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇറാൻ പുനഃരാരംഭിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനൊപ്പം ചേർന്ന് ഇസ്രയേലിനെതിരേ ആക്രമണം നടത്താൻ മുതിരരുതെന്ന് ലെബനനിലെ സായുധസംഘമായ ഹിസ്ബൊള്ളയ്ക്ക് കാട്സ് മുന്നറിയിപ്പും നൽകി.
ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ് ഇസാക്ക് ഹെർസോഗിന്റെ തീരുമാനം. സർക്കാർ രൂപീകരണത്തിക്കാനുള്ള കത്ത് പ്രസിഡന്റ് ഇന്ന് ഔദ്യോഗികമായി ഗാദി ഐസൻകോട്ടിന് നൽകും.
അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാന വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ക്ഷണിച്ച് ട്രംപ്. ഒരു മാധ്യമപരിപാടിക്കിടെയായിരുന്നു ഡാന വൈറ്റിനുള്ള അസാധാരണക്ഷണം. . എന്നാൽ ഡാന വൈറ്റ് ട്രംപിന്റെ ക്ഷണം നിരസിക്കുകയാണ് ചെയ്തത്.
ഇന്ത്യൻ വംശജനായ പ്രതിയുടെ കേസിൽ നിർമിതബുദ്ധി ഉപയോഗിച്ച് വാദങ്ങൾ സമർപ്പിച്ച അമേരിക്കൻ അഭിഭാഷകർക്ക് കോടതിയുടെ രൂക്ഷവിമർശനം. എഐ ഉപയോഗിച്ച് ഹർജി തയ്യാറാക്കിയത് ഉത്തരവാദിത്വമില്ലാത്ത നടപടിയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ തുടർന്നാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സൂപ്പര്‍ ലീഗ് കേരളയിലെ അവസാന സ്ഥാനക്കാരുടെ പോരില്‍ തൃശൂര്‍ മാജിക് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്സിനെ വീഴ്ത്തി. വാലന്റൈന്‍ എക്കേജിയൂബയും ശിലാജിത് സാന്ത്രയുമാണ് സ്കോറര്‍മാര്‍. സീസണില്‍ തൃശൂര്‍ ആദ്യമായാണ് നിശ്ചിത സമയത്ത് ജയം നേടുന്നത്.
അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെയും അര്‍ഷ്ദീപ് സിംഗിനെയും പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും. കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിനായി ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ താൽപ്പര്യപത്രം ബിസിസിഐക്ക് കൈമാറി.
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 209 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചാമനായി ക്രീസിലെത്തി വെടിക്കെട്ട് സെഞ്ചുറി നേടിയ അര്ജുന് രജ്പുത്തിന്റെ സെഞ്ചുറി കരുത്തിൽ 46.3 ഓവറില്‍ 208 റണ്‍സിന് ഓള് ഔട്ടായി.
എട്ട് വർഷത്തിനുശേഷം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ദിപാവലി മുഹൂർത്ത വ്യാപാര സെഷൻ. 250 പോയിന്റ് നേട്ടത്തോടെ ഒരു ഘട്ടത്തിൽ 81300 എന്ന നിലവാരത്തിലെത്തിയ സെൻസെക്സ് വ്യാപാരത്തിനൊടുവിൽ 28 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി വ്യാപാരത്തിനിടെ 25100 പോയിന്റ് തൊട്ടുവെങ്കിലും 43 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, മീഡിയ സെക്ടറുകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐ ടി, ബാങ്കിംഗ്, റിയാലിറ്റി ഓഹരികൾ നഷ്ടം നേരിട്ടു. 2.20 മുതൽ 3.30 വരെയായിരുന്നു പ്രത്യേക വ്യാപാരം നടന്നത്. ഒരു മണിക്കൂർ നീളുന്ന വ്യാപാര സെഷൻ നിക്ഷേപകർക്ക് ഐശ്വര്യത്തിനായുള്ള പ്രതീകാത്മക തുടക്കമായാണ് കണക്കാക്കപ്പെടുന്നത്.
ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സന്തോഷവാർത്തയുമായി ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളായ പഞ്ച് ഇവിക്കും നെക്സോൺ ഇവിക്കും വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മോഡൽ നിരയിലുടനീളം വിവിധ ഓഫറുകളാണ് കമ്പനി നൽകുന്നത്. 2026 നവംബർ 15 വരെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഗ്രീൻ ബോണസ്, പ്രത്യേക ഓഫറുകൾ, പഴയ വാഹനം കൈമാറുമ്പോഴുള്ള എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം, നിലവിലെ ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി ബെനിഫിറ്റുകൾ എന്നിവയാണ് ഓഫറുകളിൽ ഉൾപ്പെടുന്നത്
ഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2027 ജൂണിനകം 3 പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പുതിയ മോഡലുകളുടെ പേരുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മഹീന്ദ്ര വിഷൻ എസ്, ബി.ഇ 07 ഇലക്ട്രിക് എസ്യുവി, സ്കോർപിയോ ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്ക് എന്നിവയായിരിക്കും ഈ നിരയിൽ ഉൾപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വാഹനങ്ങളും നിലവിൽ പരീക്ഷണയോട്ടത്തിന്റെ ഘട്ടത്തിലാണ്. വിവിധ അവസരങ്ങളിൽ ഇവയുടെ പരീക്ഷണ മോഡലുകൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന ഈ മൂന്ന് വാഹനങ്ങളുടെയും ഡിസൈൻ, ഫീച്ചറുകൾ, മറ്റ് വിവരങ്ങൾ എന്നിവ പരിശോധിക്കാം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തിൽ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ സഹനിർമാണം ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയുമാണ്.
രൺവീർ സിങ് നായകനാകുന്ന ജയ് മേത്ത ചിത്രം ‘പ്രളയ്’ വിവാദത്തിൽ. മുംബൈയിലെ പ്രസിദ്ധമായ ആസാദ് മൈതാനത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് വിവാദം. ചിത്രീകരണത്തിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷനും സർക്കാരുകൾക്കുമെതിരെ രൂക്ഷപ്രതികരണമാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഹൻസൽ മേത്ത നടത്തിയത്. മലയാളിതാരം കല്യാണി പ്രിയദർശന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘പ്രളയ്’.
ഷിഗെല്ല രോഗബാധ വീണ്ടുംകൂടുന്നു. നവംബറിലെ ആദ്യ ആറുദിവസത്തിനിടെ 23 പേർക്ക് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം 13 പേർ രോഗബാധിതരായി. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു. ഈവർഷം ഇതുവരെ 583 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. 116 പേർക്ക് രോഗം സംശയിക്കുന്നു. എട്ടുപേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് രോഗം ആദ്യം റിപ്പോർട്ട് ചെയ്ത 2025-ൽ 132 പേർക്കായിരുന്നു രോഗം. അന്ന് മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.
തോളിലെ പേശീഞരമ്പുകൾക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും ആവർത്തിച്ചുള്ള സന്ധി തെറ്റലും ചികിത്സിക്കാൻ നൂതന ശസ്ത്രക്രിയാ രീതികൾ കൂടുതൽ സാധ്യതകൾ തുറക്കുന്നതായി ഓർത്തോപീഡിക് വിദഗ്ധർ. കീഹോൾ ശസ്ത്രക്രിയ, ഗ്രാഫ്റ്റുകൾ, സങ്കീർണമായ പുനർനിർമാണ ശസ്ത്രക്രിയകൾ എന്നിവയിലെ മുന്നേറ്റങ്ങൾ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ശനിയാഴ്ച ആരംഭിച്ച ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി (സെസ്ക്) കേരള ചാപ്റ്ററിന്റെ രണ്ടാമത് ദ്വിവത്സര സമ്മേളനമായ സെസ്കോൺ 2026-ൽ ചർച്ചയായി.
