സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറത്തും കോഴിക്കോട്ടുമായി അഞ്ച് പേർക്കാണ് രോഗസാധ സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു ജനാധിപത്യ സർക്കാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പി എസ് സി ചെയർമാൻ എം ആർ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവിന് ശേഷമേ ഹാജരാകൂ എന്ന് ബൈജു നേരത്തെ മറുപടി നൽകിയിരുന്നു. എന്നാൽ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്ന് വ്യക്തമാക്കിയാണ്, വീണ്ടും നോട്ടീസ് നൽകിയത്.
കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്. പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽഫോണിൽ ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഡോക്ടർ ഒളിവിലായതിനാൽ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.
ഡിവൈഎസ്പി വി ഹംസയെ തിരിച്ചെടുത്തു. ക്രിമിനൽ പശ്ചാത്തലം ആരോപിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി നിർബന്ധിത വിരമിക്കൽ നൽകിയ ഡിവൈഎസ്പിയെയാണ് സർവീസിൽ തിരിച്ചെടുത്തത്. ഹംസ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കല്‍.
ചിറയിൻകീഴിലെ കയ്യാങ്കളിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടായെന്നും കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. കെപിസിസി പ്രസിഡൻ്റുമായി എംഎൽഎ സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ കേസ് പിൻവലിച്ചു ഇതേ തുടർന്നാണ് അച്ചടക്ക നടപടികൾ പിൻവലിച്ചതെന്നും എംഎം ഹസ്സൻ പറഞ്ഞു.
എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോർട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, എക്സൈസ് മന്ത്രി ഇതിന് മറുപടി പറയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വിദ്യാര്‍ഥികള്‍ എന്തിന് മാപ്പ് പറയണമെന്നും അവര്‍ അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും പ്രകാശ് രാജ് പ്രതികരിച്ചു.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ സമർപ്പിച്ച നഷ്ടപരിഹാര ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്.
തിരുവനന്തപുരം നന്തൻകോട് നിർമ്മാണം തടസ്സപ്പെട്ട ഫ്ലാറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഫോറൻസിക്ക് പരിശോധനയിൽ പുരുഷന്റെ അസ്ഥിക്കൂടം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നിയമ നടപടികൾ പുരോമിക്കുകയാണ്.
മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കവര്‍ന്ന കേസില്‍ കാട്ടീവീട്ടില്‍ ഇഹാബ് ഹംസ പിടിയിലായി. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വേങ്ങര പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീട്ടിലെ 9 അംഗങ്ങളെ നഷ്ടപ്പെടുകയും പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിക്കുകയും ചെയ്ത ശ്രുതി പുതിയ ജീവിതത്തിലേക്ക്. വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ സ്ഥാനത്ത് നിന്ന് മുൻ മന്ത്രി കെ രാജൻ ചടങ്ങിൽ പങ്കെടുത്തു.
മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പരാക്രമം നടത്തിയ സിപിഎം പാർട്ടിയംഗം അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്താണ് പിടിയിലായത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.
തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ചത് ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ പുതിയ ഫോറസ്റ്റ് റിസർച്ച് സെൻററിെൻറ നിർമ്മാണത്തിന് തുടക്കമായി. കാടുകളിലെ മരങ്ങൾ, കണ്ടൽക്കാടുകൾ, മലയോര മേഖലകളിലെയും തീരദേശങ്ങളിലെയും സസ്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാനും ഗവേഷണം നടത്താനുമാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ മാറ്റി, തന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായ സ്റ്റീഫൻ മില്ലറെ ആ സ്ഥാനത്തേക്ക് നിയമിക്കുന്നു. നവംബർ 9 ന് സ്റ്റീഫൻ മില്ലർ ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ഏഴാം റൗണ്ടില്‍ ആധികാരിക വിജയത്തോടെ മലപ്പുറത്തിന്റെ തിരിച്ചുവരവ്. രണ്ട് ഗോളുകള്‍ നേടിയ ബോസ്‌നിയന്‍ താരം നെദീം ഹാദ്‌സിച്ചാണ് താരം. എല്‍ഫോര്‍സിയാണ് മറ്റൊരു സ്‌കോറര്‍. ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും തുടരുന്നു.
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വർഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകള്‍ നേടി. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലായിരുന്നു അവസാനമായി ഷമി ഇന്ത്യയുടെ വെള്ള ജഴ്‌സി അണിഞ്ഞത്.
അടുത്ത സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരുമെന്ന് സൂചന. 2023ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഓരോ ടീമിനും മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ താരത്തിന് പകരം മറ്റൊരാളെ കളിപ്പിക്കാം, കളിയുടെ ഗതിക്ക് അനുസരിച്ച് ടീമുകള്‍ക്ക് ബാറ്ററേയോ ബൗളറേയോ അധികമായി ഇലവനില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമത്തിന്റെ പ്രത്യേകത.
നാസയുടെ ആർട്ടെമിസ് II ദൗത്യം ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് താൽക്കാലിക ‘ദ്വാരം’ സൃഷ്ടിച്ചതായി കണ്ടെത്തൽ. ‘ജിയോഫിസിക്കൽ റിസർച്ച്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തായ്‌വാനിലെ നാഷണൽ ചെങ് കുങ് സർവകലാശാലയിലെ ഗവേഷകരാണ് പടനം നടത്തിയത്. ആർട്ടെമിസ് II വിക്ഷേപണവും റോക്കറ്റ് എക്സ്ഹോസ്റ്റും ഇതിന് കാരണമായെന്നാണ് ഗവേഷകർ പറയുന്നത്.
ദിലീപിനെയും തമന്ന ഭാട്ടിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ എത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് എത്തുന്നത്. നവംബർ 13-ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’യിലെ ആദ്യ ഗാനം ‘മല്ലിക മേനക’ പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ചേർന്നതാണ് ഗാനം. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 13ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഒരു ഗ്രാമിന് 14,357 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഒരു ഗ്രാമിന് 13,160 രൂപയുമാണ്.
ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ കരുത്താർജിക്കാൻ ടാറ്റ കുനോ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ഉടൻ വിപണിയിലെത്തിക്കാൻ ടാറ്റ മോട്ടോഴ്‌സ്. എംജി വിൻഡ്‌സർ ഇവിക്ക് നേരിട്ടുള്ള എതിരാളിയായാണ് പുതിയ വാഹനം എത്തുക. 2027 അല്ലെങ്കിൽ 2028ൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷണത്തിലൂടെ ലഭിക്കുന്ന നാരുകൾ (ഡയറ്ററി ഫൈബർ) സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന പോഷകമാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കാത്തത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും, കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് പോഷകങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളർ – 94.10, പൗണ്ട് – 125.90, യൂറോ – 105.05, സ്വിസ് ഫ്രാങ്ക് – 114.69, ഓസ്ട്രേലിയൻ ഡോളർ – 64.70, ബഹ്റൈൻ ദിനാർ – 249.77, കുവൈത്ത് ദിനാർ – 302.34, ഒമാനി റിയാൽ – 244.25, സൗദി റിയാൽ – 25.04, യു.എ.ഇ ദിർഹം – 25.63, ഖത്തർ റിയാൽ – 25.80, കനേഡിയൻ ഡോളർ – 66.77.
