◾ഖത്തര്‍ ലോകകപ്പിനു നാളെ കിക്കോഫ്. ഭൂഗോളം ഫുട്ബോളിലേക്കു ചുരുങ്ങുന്ന 29 രാവുകള്‍ക്കായി ആവേശോജ്വലമായ കാത്തിരിപ്പ്. നാളെ രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയാണു നേരിടുക. തിങ്കളാഴ്ച മുതല്‍ നാലു മല്‍സരങ്ങളുണ്ടാകും. ഡിസംബര്‍ 18 നാണു ഫൈനല്‍. ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ കേരളത്തിലുടനീളം വിവിധ ടീമുകളുടെ ഫാന്‍സ് ആവേശപൂര്‍വം രംഗത്തുണ്ട്.
◾ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ട ളാഹയില്‍ മറിഞ്ഞ് ഇരുപതിലേറെ പേര്‍ക്കു പരിക്ക്. വിജയവാഡ, വെസ്റ്റ് ഗോദാവിരി പ്രദേശത്തുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 44 പേരാണുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ പുതുക്കടയില്‍നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി വഴി പോകണം. തിരിച്ചു വരുന്ന വാഹനങ്ങള്‍ പ്ലാപ്പള്ളിയില്‍നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട വഴി പോകണം. വിഷയത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് റിപ്പോര്‍ട്ട് തേടി.
◾മദ്യപിപ്പിച്ച് മോഡലിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന് സ്വദേശിനി ഡിമ്പിള്‍ ലാമ്പ എന്ന ഡോളിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിമ്പിള്‍ ലാമ്പയുടെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്റേതാണ്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾തന്നെ ബാറിലേക്കു കൊണ്ടുപോയ ഡിമ്പിള്‍ ലാമ്പ ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയിക്കുന്നതായി ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി. അവശയായ തന്നോട് ഡിമ്പിള്‍ ലാമ്പ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡനശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡിമ്പിള്‍ ലാമ്പയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഇറക്കിവിട്ടു. തന്റെ ഫോണ്‍ പൊലീസ് വിട്ടുതരുന്നില്ലെന്നും യുവതി പരാതിപ്പെട്ടു.
◾ഡിജെ പാര്‍ട്ടികളില്‍ പൊലീസ് ശ്രദ്ധ വേണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ സതീദേവി. പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നും സതീദേവി പറഞ്ഞു.
◾അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിനു മാര്‍ക്കു നല്കുന്നതിനു പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ എം ജി സര്‍വകലാശാല സുപ്രീംകോടതിയില്‍. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ ഹൈക്കോടതി ഇടപെടല്‍ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അധ്യാപക നിയമനം അക്കാദമിക് വിഷയമാണ്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സര്‍വകലാശാലക്കാണ്. ഇതില്‍ കോടതി ഇടപെടരുതെന്നും ഹര്‍ജിയില്‍ പറയുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അനധികൃതമായി ഒരു പേഴ്സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ല. മുന്‍കാലങ്ങളിലുള്ള അത്രയും സ്റ്റാഫംഗങ്ങളുടെ എണ്ണമാണ് ഇപ്പോഴുമുള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡില്‍ ഓടിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ കാര്‍ പോലും മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണര്‍ പറഞ്ഞു.
◾കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ വിസിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
◾ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
◾യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. കൊല്ലം ആര്യങ്കാവ് കടമന്‍പാറ വനംവകുപ്പ് ഓഫീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പുതുശ്ശേരി സ്വദേശി സന്ദീപിന്റെ പരാതി. ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഎഫ്ഒ നല്‍കിയത്. പിസിസിഎഫിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
◾സംസ്ഥാനത്തെ ടൂറിസ്റ്റു ബസ് വ്യവസായത്തെ തകര്‍ക്കാന്‍ വാശിയോടെ മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപന മേധാവി വിനോദയാത്രക്ക് ഒരാഴ്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്.ടി.ഒക്കു നല്‍കണം. വിനോദയാത്രയ്ക്ക് ഒരാഴ്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ച് അനുമതി പത്രം വാങ്ങണമെന്നാണ് പ്രധാന നിര്‍ദേശം.
◾സുന്നി വേദിയില്‍ രാഷ്ട്രീയ പോരുമായി സമസ്ത നേതാക്കള്‍. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിന്‍ നദ്വിയും മുക്കം ഉമര്‍ ഫൈസിയും തമ്മിലാണ് ഇടഞ്ഞത്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചത്, ബാഗ് തട്ടിപ്പറിച്ചെടുത്തശേഷം തിരിച്ചുതന്നതിനെ അഭിനന്ദിക്കുന്നതുപോലെയാണെന്ന് മുഷാവറ അംഗം ബഹാവുദ്ദീന്‍ നദ്വി വിമര്‍ശിച്ചു. സര്‍ക്കാരിനെ അഭിനന്ദിച്ച മുക്കം ഉമര്‍ ഫൈസിയാകട്ടേ, സമസ്ത ആര്‍ക്കും കീഴടങ്ങിയിട്ടില്ലെന്നും മറുപടി നല്കി.
◾അട്ടപ്പാടി മധു കൊലക്കേസില്‍ ഒടുവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47,000 രൂപയാണ് അനുവദിച്ചത്. പ്രതിഫലവും ചെലവും ആവശ്യപ്പെട്ട് അഭിഭാഷകന് രാജേഷ് എം മേനോന് കളക്ടര്‍ക്ക് കത്തയച്ചിരുന്നു.
◾തലശ്ശേരിയില്‍ കാറില്‍ ചാരിയതിന് ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
◾വളര്‍ത്തു നായയെ വില്ക്കാന് വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞു പരുക്കേല്പിച്ച കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോയ്സണ്‍ (32), ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കല്‍ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാര്‍ഡില്‍ ചിറയില്‍ ജാന്‍സിയെ എന്ന നബീസത്തിനെയാണ് പ്രതികള്‍ ആക്രമിച്ചത്.
◾എറണാകുളം പനമ്പിള്ളി നഗറില്‍ കുട്ടി ഓടയിലേക്കു വീണിടത്തു സ്ലാബിടാതെ കമ്പിവേലികൊണ്ട് അടച്ച് കൊച്ചി നഗരസഭ. സ്ലാബിടണമെന്നു കോടതി ഉത്തരവിട്ടിരിക്കേയാണ് ഉറപ്പില്ലാത്ത ഇരുമ്പുവേലി സ്ഥാപിച്ചത്.
◾തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എയര്‍ബസ് അപകടത്തില്‍പ്പെട്ട് പതിനഞ്ചു പേര്‍ക്കു പരിക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്കു പോവുകയായിരുന്ന എയര്‍ബസാണ് അപകടത്തില്‍ പെട്ടത്.
◾കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകന് കിരണ്‍ ഒളിവിലാണ്. തൃപ്പുണിത്തുറ ഹില്‍ പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി. ഇത് സംബന്ധിച്ച് സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
◾പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പൊലീസിനെതിരെ ഗോഹട്ടി ഹൈക്കോടതി. ക്രിമിനല്‍ നിയമ നടപടികള്‍ കാറ്റില്‍ പറത്തിയാണ് പൊലീസിന്റെ നടപടി.. ഒരു ഓഡറും ഇല്ലാതെ എങ്ങനെയാണ് ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പൊലീസിന് കഴിയുക എന്ന് കോടതി ചോദിച്ചു.
◾കള്ളപ്പണക്കേസില്‍ ജയിലിലുള്ള ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) സഹ തടവുകാരന് കാല് തിരുമ്മിക്കൊടുക്കുന്ന വീഡിയോ പുറത്ത്. ആരോപണം ഉയര്‍ന്നതിനു പിറകേ, തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീടു ദിവസങ്ങള്‍ക്ക് ശേഷമാണ് സിസിടിവി വീഡിയോ പുറത്തുവന്നത്. ഇപ്പോള്‍ പ്രചരിക്കുന്നതു പഴയ വീഡിയോ ആണെന്നു തിഹാര്‍ ജയില്‍ അധികൃതര്‍.
◾സ്റ്റീല്‍ ഉല്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഈ വര്‍ഷം മേയിലാണ് സര്‍ക്കാര്‍ ഇവയ്ക്ക് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തില്‍ താഴെയുള്ള കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. സ്റ്റീല്‍ കയറ്റുമതിക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെ കയറ്റുമതി തീരുവ മേയ് മാസം മുതല്‍ ചുമത്തിയിരുന്നു. അന്നുമുതല്‍ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കുറഞ്ഞു. കയറ്റുമതി തീരുവ നീക്കിയതോടെ വില വര്‍ധിക്കാന്‍ സാധ്യത.
◾ഇന്തോനേഷ്യയിലെ ബാലിയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രധാന പങ്കുവഹിച്ചെന്നു പ്രശംസിച്ച് വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളതെന്നും വൈറ്റ് ഹൗസ് അനുസമരിച്ചു.
◾ഇന്ത്യയുടെ വിദേശ നാണയശേഖരം നവംബര്‍ 11ന് സമാപിച്ചവാരം രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധന. 1,473 കോടി ഡോളറിന്റെ വര്‍ദ്ധനയുമായി 54,472 കോടി ഡോളറാണ് വിദേശ നാണയശേഖരമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. നവംബര്‍ നാലിന് സമാപിച്ച ആഴ്ചയില്‍ ശേഖരം 52,999 കോടി ഡോളറായിരുന്നു. അതേസമയം, ശേഖരം ഇപ്പോഴും 2022ന്റെ തുടക്കത്തിനെ അപേക്ഷിച്ച് 8,500 കോടി ഡോളറോളം കുറവാണ്. വിദേശ കറന്‍സി ആസ്തി 1,180 കോടി ഡോളര്‍ ഉയര്‍ന്ന് 48,253 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 264 കോടി ഡോളര്‍ മുന്നേറി 3,970 കോടി ഡോളറിലുമെത്തി.
◾പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു. നേരത്തെ, കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ഒടുവില്‍ മോഹിത് ഗുപ്ത രാജി വെയ്ക്കാനിടയുണ്ടായ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. സഹസ്ഥാപക സ്ഥാനത്ത് നിന്ന് മോഹിത് രാജിവച്ചെങ്കിലും ഒരു നിക്ഷേപകന് എന്ന നിലയില്‍ അദ്ദേഹം കമ്പനിയുമായുള്ള ബന്ധം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ സൊമാറ്റോയുടെ നഷ്ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 430 കോടി രൂപയായിരുന്നു.
◾രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കര്‍ തന്നെയാണ്. അരുണ്‍ അലത്ത്, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എന്‍ കനവില്‍ നില് മിഴികളും’ എന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25നു തിയറ്ററുകളിലെത്തും. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്സ്’.
◾ഷറഫുദ്ദീന് നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ പാട്ടെത്തി. ഷാന്‍ റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായി എത്തുന്നു. അനഘ നാരായണന് ആണ് നായിക. ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന് , ശാലു റഹിം, കിജന്‍ രാഘവന്, വനിത കൃഷ്ണചന്ദ്രന് ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഓസ്ട്രിയന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ഹോര്‍വിന്‍ ഗ്ലോബല്‍ സെന്മെന്റിഒ എന്ന ഇലക്ട്രിക് സ്കൂട്ടര്‍ മോഡലിനെ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലന് ഇഐസിഎംഎ എക്സ്പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. പരമാവധി വേഗത 200 കിലോമീറ്റര്‍, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇന്ത്യന്‍ വിപണിയിലുള്ള ഇ വാഹനങ്ങളൊന്നും 300 കിലോമീറ്റര്‍ എന്ന യാത്രാപരിധി വാഗ്ദാനം ചെയ്യുന്നില്ല. 2.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. റഡാര്‍ ഉപയോഗിച്ചുള്ള അപകട സൂചന, വിവിധ റൈഡിങ് മോഡ്, എബിഎസ് ട്രാക്ഷന്‍ കണ്ട്രോള് തുടങ്ങിയ ഒട്ടേറെ സന്നാഹങ്ങളും വാഹനത്തിലുണ്ട്. വാഹനം ആദ്യം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പിന്നാലെ ഇന്ത്യയിലേക്കും എത്തുമെന്നാണ് സൂചന.
◾ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത ഒരദ്ധ്യായമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അദ്ദേഹത്തിന്റെ വീരോജ്ജ്വലമായ ജീവിതത്തെ ആസ്പദമാക്കി വിനയന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രത്തിന്റെ തിരക്കഥ. ചരിത്രകാലഘട്ടത്ത സൂക്ഷ്മവിവരണങ്ങളോടെ ആവിഷ്കരിക്കുന്ന ഈ തിരക്കഥ നോവല്‍പോലെ വായിച്ചു രസിക്കാവുന്ന രചനയാണ്. ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്. ഡിസി ബുക്സ്. വില 237 രൂപ.
◾പതിവായി ഹെഡ്ഫോണ് ഉപയോഗിക്കുന്നവര്‍ക്ക് കേള്‍വി നഷ്ടമാകുമെന്ന് പഠനം. അപകടകരമായ തീവ്രതയില്‍ ഹെഡ്ഫോണ് ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്തെ ഒരു ബില്യണ്‍ ആളുകള്‍ക്ക് കേള്‍വി ശക്തി പോകാന്‍ സാധ്യതയുണ്ടെന്നാണ് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഹെഡ്ഫോണ്, ഇയര്‍ബഡ് എന്നിവയുടെ ഉപയോഗം കാരണം യുവാക്കള്‍ക്കാണ് കേള്‍വി നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യത കൂടുതല്‍. 12 വയസ് മുതല്‍ 34 വയസ് വരെയുള്ള വിഭാഗത്തിലെ 24% പേരും അപകടകരമായ തീവ്രതയിലാണ് ഹെഡ്ഫോണ് ഉപയോഗിക്കുന്നത്. അതിനാല്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ‘സേഫ് ലിസനിംഗ് പോളിസി’ വിഭാവനം ചെയ്യണമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ ലോകത്ത് 430 ദശലക്ഷത്തിലേറെ ആളുകള്‍ക്ക് കേള്‍വിക്കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2000-2021 കാലങ്ങളിലായി യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിന 19,000 ആളുകളിലായി നടത്തിയ പഠനം പ്രകാരം, 23% മുതിര്‍ന്നവരും അപകടകരമായ അളവിലുള്ള ശബ്ദം ശ്രവിക്കുന്നവരാണെന്നും 27% കുട്ടികളും ഇത്തരത്തില്‍ അപകടകരമായ തീവ്രതയിലുള്ള ശബ്ദം കേള്‍ക്കുന്നവരാണെന്നും പറയുന്നു. ഈ കണക്കുകളെല്ലാം ലോകത്ത് സുരക്ഷിതമായ അളവില്‍ ശബ്ദം കേള്‍ക്കുന്നതിന്റെ അനിവാര്യതയെ സൂചിപ്പിക്കുന്നതാണെന്നും ഇതിനാല്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.52, പൗണ്ട് – 96.97, യൂറോ – 84.34, സ്വിസ് ഫ്രാങ്ക് – 85.43, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.41, ബഹറിന്‍ ദിനാര്‍ – 216.64, കുവൈത്ത് ദിനാര്‍ -264.85, ഒമാനി റിയാല്‍ – 212.03, സൗദി റിയാല്‍ – 21.69, യു.എ.ഇ ദിര്‍ഹം – 22.19, ഖത്തര്‍ റിയാല്‍ – 22.39, കനേഡിയന്‍ ഡോളര്‍ – 60.77.