ജോലിക്ക് വരാത്ത ദിവസങ്ങളിലും ശമ്പളം ഒപ്പിട്ട് വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്പെന്‍ഷന്‍. സിഐടിയു സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ കെവി പ്രതിഭയെ ആണ് ബെവ്കോ ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തത്. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളിയാണ് പ്രതിഭ .
വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡണ്ടായ കെവി പ്രതിഭ ജോലി ചെയ്യുന്ന തൃശൂര്‍ വെയര്‍ ഹൗസില്‍ വരാത്ത ദിവസങ്ങളിൽ പേരിന് നേരെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തൽ. 2020 ഡിസംബര്‍ 26,28,29 തീയ്യതികളിലും 2021 സപ്തംബര്‍ 25 നും ജോലിക്കെത്താതെ ആ ദിവസത്തെ ശമ്പളം വാങ്ങി.
ഹാജര്‍ പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത് വ്യാജരേഖ ചമയ്ക്കലായി കാണിച്ച് പത്തുമാസം മുമ്പ് ബെവ്കോയിലെ തൃശൂര്‍ ജില്ലാ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ബെവ്കോ ആസ്ഥാനത്ത് പൂഴ്ത്തിയെന്നാണ് വാർത്തകൾ.