മദ്ധ്യാഹ്ന വാർത്തകൾ 20260923 204402 0000

 

 

ഇന്ത്യയിലെ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരും.

 

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം നാളെ നടക്കും. ഒക്ടോബർ മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും ദീർഘകാല കരാറുകളും യോഗത്തിൽ ചർച്ചയാകും.

 

മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തബാധിതരെ കാണാൻ പോയ യാത്രയുടെ സ്പോൺസർ ആരാണ് എന്നാണ് എം വി ഗോവിന്ദന്റെ ചോദ്യം. കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണമില്ലാത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംസ്ഥാനത്ത് മോദി-ഇഡി-വിഡി കൂട്ടുകെട്ടാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിയെ തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.

 

മെസിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി അന്വേഷണത്തിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആന്‍റോ അഗസ്റ്റിന്‍. എറണാകുളം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി നാളെ പരിഗണിക്കും.

 

കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്.

 

വിവിധ സംസ്ഥാനങ്ങളിലെ പുതിയ പ്രഭാരിമാരെ ബിജെപി പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റി എം നാഗരാജിനെ നിയമിച്ചു. കെ സുരേന്ദ്രൻ, അനിൽ ആന്റണി, ജോർജ് കുര്യൻ എന്നിവർക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്

 

സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. എം ടി അബ്ദുല്ല മുസ്‌ലിയാരാണ് പുതിയ ട്രഷറർ. കൂടാതെ, നേതാക്കൾക്കെതിരായ വിവാദ പരാതികൾ അന്വേഷിക്കാൻ എട്ടംഗ ഉന്നതാധികാര സമിതിക്കും രൂപം നൽകി

 

 

വി ഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവയായി മാറിയെന്നും വിമാന യാത്രകൾ സ്പോൺസർ ചെയ്യുന്നത് അജ്ഞാതരായ സാമ്പത്തിക ശക്തികളാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും മറുപടി എന്താണെന്നും അദ്ദേഹം ചോദിച്ചു.

 

 

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെയാണ് അന്വേഷണ സംഘം.

 

മാസപ്പടി കേസിൽ പിണറായിക്കെതിരായ അന്വേഷണത്തിന് പിന്നിൽ വി ഡി സതീശനും അമിത് ഷായും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് എം വി ജയരാജൻ ആരോപിച്ചു. ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നീക്കം ബി ജെ പിയും യു ഡി എഫും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 

ദില്ലിയിലെ കൂട്ടബലാത്സംഗ സംഭവം ഉൾപ്പെടെ സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നത് അതീവ ഗൗരവകരമാണെന്നും നിയമവാഴ്ചയുടെ തകർച്ചയാണ് ഇത് കാണിക്കുന്നതെന്നും സ്വന്തം മണ്ഡലമായ വയനാട് സന്ദർശനത്തിനിടെ പ്രിയങ്ക പറഞ്ഞു.

 

വയനാട് സന്ദർശനത്തിനിടെയുള്ള വൻ സുരക്ഷാ സന്നാഹത്തിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തി. സുരക്ഷാ വർധിപ്പിച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് അവർ വ്യക്തമാക്കി. ഈ സ്ഥിതി തുടർന്നാൽ സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

 

മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താത്ത വി ഡി സതീശന്റെ നിലപാടിനെതിരെ പി രാജീവ് രംഗത്ത്. വിമാന കമ്പനിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

 

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സി പി എം നേതാവ് എം എ ബേബി ആവശ്യപ്പെട്ടു. കമ്മീഷനിലെ ഭിന്നതകൾ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ഇടക്കാല സംരക്ഷണം. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതി സെപ്റ്റംബർ ഏഴിന് റദ്ദാക്കിയ ഇടക്കാല സംരക്ഷണമാണ് സുപ്രീംകോടതി പുനസ്ഥാപിച്ചത്.

 

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമം ഭരണഘടനാ ബഞ്ചിന് വിടണമോ എന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ ഹർജി വിശാല ബഞ്ചിന് വിടണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ജസ്റ്റിസ് ദീപാങ്കർ ദത്ത ഇതിനെ എതിർത്തു

 

പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് മമത ബാനർജി രംഗത്തെത്തിയിരിക്കുന്നത്.

 

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 8 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കൊള്ള നടന്നത് വ്യക്തമാക്കുന്ന 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

മേഘാലയയിൽ ഭരണ മുന്നണിയിൽ എംഎൽഎമാരുടെ കൂടുമാറ്റം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിൽ ഉൾപ്പെടുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) യുടെ എട്ട് എംഎൽഎമാർ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി പ്രവേശം നടന്നത്.

 

ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി ബാങ്കിങ് സേവനങ്ങളിൽ നേരിടുന്ന തടസ്സം കുറയ്ക്കുന്നതിന് വേണ്ടി 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം.

 

തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിൻ്റെ സാമ്പത്തിക വിഭാഗം തലവൻ മുഹമ്മദ് അബു അൽവാനെ വധിച്ചതായി ഇസ്രായേലിൻ്റെ അവകാശവാദം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

 

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടന്നു. അമേരിക്കൻ ഉപരോധം ഇറാന്റെ വിമാനക്കമ്പനികളെ ബാധിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ സമാധാന ശ്രമങ്ങൾ.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *