ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിലുമായി ഏകദേശം 3,000-ത്തോളം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരുൾപ്പെടെ 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തുണ്ടായ വൻ നാശനഷ്ടങ്ങൾ നികത്താനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഏകദേശം 400 മുതൽ 500 കോടി ഡോളർ (4 to 5 billion dollars) വരെ ആവശ്യമായി വരുമെന്ന് നേപ്പാൾ ധനകാര്യ മന്ത്രി സ്വർണിം വാഗ്ലെ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കും.പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നേപ്പാളിൽ 2,426 പേരെയും ടിബറ്റിലെ ഗൈറോങ് കൗണ്ടിയിൽ 554 പേരെയുമാണ് കാണാതായിട്ടുള്ളതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച രസുവ ജില്ലയിൽ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് റോഡ് മാർഗ്ഗം എത്തിക്കാനാണ് നിലവിൽ ഭരണകൂടം മുൻഗണന നൽകുന്നത്.
