ഒരു ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് സമ്പര്‍ക്കം വഴി പകരുന്ന അര്‍ബുദം ശുദ്ധജല ജീവികളില്‍ കണ്ടെത്തിയതായി ഗവേഷകര്‍. കാനഡയിലെ ക്യുബെക്കിലും യുഎസിലെ വെര്മോണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മെംഫ്രെമാഗോഗ് നദിയിലെ ബ്രൗണ്‍ ബുള്‍ഹെഡ് ക്യാറ്റ് ഫിഷിലാണ് ഈ പ്രത്യേക തരം അര്‍ബുദം കണ്ടെത്തിയത്. ഇതിന് മുന്‍പ് ശുദ്ധജല മത്സ്യങ്ങളില്‍ ഇത്തരം അര്‍ബുദം നിരീക്ഷിച്ചിട്ടില്ല. നായ്ക്കളിലും ടാസ്മാനിയന്‍ ഡെവിള്‍സിലും കടലിലെ ഷെല്ഫിഷിലും പകരുന്ന അര്‍ബുദം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ബുദ കോശങ്ങള്‍ എങ്ങനെ പടരുന്നുവെന്നതിന്റെ കൃത്യമായ മാര്‍ഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രത്യുത്പാദന സമയത്ത് മത്സ്യങ്ങള്‍ കൂട്ടം കൂടുമ്പോഴോ, ചുറ്റുമുള്ള ജലത്തിലൂടെയോ ഒക്കെയാകാം അര്‍ബുദ കോശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സമ്പര്‍ക്കം വഴി പടരുന്ന അര്‍ബുദം കാരണം മെംഫ്രെമാഗോഗ് നദിയിലെ ഈ മീനിന്റെ എണ്ണത്തില്‍ 30 ശതമാനം വരെ കുറവ് വരുത്തിയതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍ത്ത് അമേരിക്കയിലെ മറ്റ് ശുദ്ധജല തടാകങ്ങളിലും ഇത്തരം അര്‍ബുദ രോഗ സാധ്യത മീനുകളില്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. മനുഷ്യര്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ മീനുകളില്‍ നിന്ന് അര്‍ബുദം പടരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ശുദ്ധജല ജീവികളില്‍ പകരുന്ന അര്‍ബുദം കണ്ടെത്തി
