ഇനി നാക്കു പിഴ ഉണ്ടാകരുതെന്ന് സുധാകരനോട് നേതൃത്വം
അച്ചടക്ക നടപടി വേണമെന്ന് ഒരു വിഭാഗം
വിശദീകരണം തേടി എല്ലാം അവസാനിപ്പിക്കാനും നീക്കം
നെഹ്റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കെ.സുധാകരനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ സുധാകരനോട് വിശദീകരണം ആവശ്യപ്പെട്ട ശേഷം എല്ലാം അവസാനിപ്പിക്കാനും മറുഭാഗത്ത് നീക്കം.
ഇനി ഒരുതവണകൂടി വാക്കുപിഴയും നാക്കു പിഴയും ഉണ്ടാകരുതെന്ന് നേതൃത്വം സുധാകരന് അവസാന താക്കീത് നൽകിയിട്ടുണ്ടെന്നാണ് സൂചന.
നെഹ്റുവിനെ കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ കാര്യകാരണങ്ങൾ സംബന്ധിച്ച് സുധാകരനോട് എഐസിസി നേരിട്ട് വിശദീകരണം തേടിയെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവര്‍ വ്യക്തമാക്കി.
നെഹ്റുവിനെക്കുറിച്ചുള്ള പ്രസ്താവന നാക്ക് പിഴയാണെന്ന് സുധാകരൻ പറഞ്ഞതായാണ് വിവരം. സംസ്ഥാന നേതൃത്വത്തോടും താരീഖ് അൻവര്‍ സുധാകരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിട്ടുണ്ട് . വിഷയത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞുവെന്ന പറഞ്ഞ താരീഖ് അൻവര്‍ അദ്ദേഹത്തിൻ്റെ മറുപടി തൃപ്തികരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും നാക്ക് പിഴയുണ്ടാകാമെന്നും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞ താരീഖ് അൻവര്‍ തത്കാലം ഹൈക്കമാൻഡ് സുധാകരനെ കൈവിടില്ലെന്ന് സൂചനയാണ് നൽകുന്നത്.
എന്നാൽ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും യുഡിഎഫ് മുന്നണിയിലും സുധാകരനെതിരെ അമര്‍ഷം ശക്തമാണ്. മുസ്ലീം ലീഗ് തങ്ങളുടെ അമര്‍ഷം ഇതിനോടകം പരസ്യപ്പെടുത്തി കഴിഞ്ഞു. നാളെ കോഴിക്കോട് ചേരുന്ന ലീഗിൻ്റെ ഉന്നതാധികാര സമിതി യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷമുള്ള ലീഗ് നിലപാട് എന്താവും എന്നത് നിര്‍ണായകമാണ്.u