കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുന്ന കര്‍ഷക ബന്ധുവാണ് യുഡി എഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ വില 300 രൂപയാക്കും, വന്യജീവി ആക്രമണം തടയാന്‍ നടപടി ഉണ്ടാകും, നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം നല്‍കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടികളുണ്ടാകും. രണ്ടാം ഭൂപരിഷ്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍നിന്ന് ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാടകയ്ക്കെടുക്കാന്‍ ‘കെയര്‍വെല്‍ എവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വിമാന കമ്പനിക്ക് 187 കോടി നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആര്.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത ഡോ. മോഹനന് കുന്നുമ്മലിന്റെ നടപടി വൈസ് ചാന്‍സലര്‍ പദവിക്ക് നിരക്കാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍. വൈസ് ചാന്‍സലര്‍മാര്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നടന് ദേവന്. ജനങ്ങളില്‍ നിന്ന് തനിക്കുള്ള പിന്തുണ ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ഇതുവരെ സംസാരിക്കാനായിട്ടില്ല. പഴയ പാര്‍ട്ടി പുനരുജീവിപ്പിച്ച് ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ദേവന് വ്യക്തമാക്കി.
ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് ‘ഹാഫ് വേ ഹോം’ എന്ന പേരില്‍ പദ്ധതി ആലോചിക്കുന്നതായി ജയില്‍ വകുപ്പ് മേധാവി എസ് ശ്രീജിത്ത് ഐപിഎസ്. സാമൂഹിക നീതിവകുപ്പും പൊലീസും ജയില്‍വകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിലക്കു ലംഘിച്ച് പാലയാട് ക്യാമ്പസ്സില്‍ എസ്എഫ്ഐ ഷീ ഫെസ്റ്റ് സംഘടിപ്പിച്ചു. വിലക്കിയെങ്കിലും ബലം പ്രയോഗിച്ച് തടയില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
ഒരു കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ ഒലവക്കോടുനിന്ന് പിടികൂടി. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്, വേങ്ങര അസറുദീന്‍, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.
പിറവത്ത് പാഴൂര്‍ ആറ്റതീരം പാര്‍ക്കിന്റെ ഒരു ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുവീണു. പാര്‍ക്കിന്റെ 200 മീറ്റര്‍ ഭാഗമാണ് ഇടിഞ്ഞത്. ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. അപകട സമയത്ത് ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കോതമംഗലം എസ്എച്ച്ഒയ്ക്ക് എതിരായ ഭീഷണികേസില്‍ അര്ജ്ജുന് ആയങ്കിയെ കോതമംഗലം കോടതി രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെരഞ്ഞെടുപ്പിനു തലേന്ന് കോതമംഗലത്തെ റിസോര്‍ട്ടില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ അജ്ജുന് ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഭീഷണി മുഴക്കിയത്.
പയ്യന്നൂര്‍ കരിവള്ളൂരില്‍ യുവതിയെ പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജീഷക്കും കൂടെയുണ്ടായിരുന്ന അമ്മ പത്മിനിക്കും പൊള്ളലേറ്റു. വിവാഹ മോചന കേസ് നല്‍കിയതിനു പ്രതികാരം ചെയ്ത ഭര്‍ത്താവ് സനല്‍കുമാറും പൊള്ളലേറ്റ് ആശുപത്രിയിലാണ്.
പാവറട്ടിയില്‍ മനോരോഗിയായ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തകരന് കോഴിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. മകന് ബെന്‍ഹറിനെ പാവറട്ടി പോലീസ് പിടികൂടി. കത്തികൊണ്ട് കഴുത്തറുത്ത് വെട്ടുകത്തികൊണ്ട് തലയില്‍ വെട്ടിയെന്നു പോലീസ് പറഞ്ഞു.
വീട്ടില്‍ മദ്യപിക്കുന്നതു ചോദ്യം ചെയ്തതിന് മദ്യലഹരിയില്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്ന മകന് പിടിയില്‍. കോഴിക്കോട് വെള്ളിപ്പറമ്പില്‍ 64 വയസുള്ള ശശിധരനാണ് മരിച്ചത്. 29 വയസുള്ള മകന് അഭിരാമിനെ അറസ്റ്റു ചെയ്തു.
കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന് ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച കളിക്കാനായി കൂട്ടുകാരനൊപ്പം പോയ ബിലാലിനെ കാണാതായിരുന്നു.
ചൊക്ലിയിലെ 17കാരന് ശിവസൂര്യയുടെ തിരോധനം അന്വേഷിക്കാന്‍ എട്ടു പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ ചൊക്ലി എസ് ഐ ആര് രാഗേഷിനാണ് അന്വേഷണ ചുമതല.
തിരുവല്ലത്ത് തെരുവുനായയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ പനത്തുറ ഭാഗത്ത് 11 പേര്‍ക്ക് കടിയേറ്റു.
തമിഴ്നാട്ടില്‍ ലഹരിയും കൊലപാതകവും വര്‍ധിച്ചെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കേയാണ് ക്രമസമാധാന നില തകര്‍ന്നെന്നും പല അക്രമസംഭവങ്ങള്‍ക്കും പിന്നില്‍ ലഹരിമാഫിയയാണെന്നും സ്റ്റാലിന് ആരോപിച്ചത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന, രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയിലെ, ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍. ആരോപണം ഗൗരവമേറിയതാണങ്കില് എന്തുകൊണ്ട് സിബിഐ കേസെടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
പരീക്ഷാ നടത്തിപ്പു ചുമതലയുള്ള എന്‍ടിഎയുടെ പിഴവുകള്‍ക്ക് വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും ശിക്ഷ അനുഭവിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ‘മോദിജീ, ഇതു ചൂഷണയന്ത്രമാണെ’ന്നും രാഹുല്‍ എക്സില്‍ കുറിച്ചു. യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകള്‍ റദ്ദാക്കി പുനപരീക്ഷ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കേയാണു രാഹുലിന്റെ പ്രതികരണം.
ഝാര്‍ഖണ്ഡില്‍ പരീക്ഷാക്രമക്കേടുകള്‍ക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറനോടു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ബിജെപി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല സംഘടനാ ചുമതലകളില്‍നിന്നും പാര്‍ട്ടി അംഗത്വത്തില്‍നിന്നും രാജിവച്ചു.
അരുണാചല്‍ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. മിലിട്ടറി ക്യാമ്പിലെ രണ്ട് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു.
മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള സര്‍ക്കാര്‍ ആദിവാസി ആശ്രമം സ്കൂള്‍ ഹോസ്റ്റലില്‍ പ്രേതബാധയുണ്ടെന്ന ഭീതിയില്‍ അറുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടു. എന്നാല്‍ പ്രേതബാധയല്ലെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ‘മാസ് ഹിസ്റ്റീരിയ’ ആണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യയിലെ രണ്ട് പൈലറ്റുമാര്‍ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന ഏര്‍പ്പെടുത്തിയതോടെയാണ് പുതിയ കണ്ടെത്തല്‍.
സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍ തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച ‘മെക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റ്’ പ്രാദേശിക സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ചുവടുവയ്പ്പാണെന്ന് സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിക്കലിനെക്കുറിച്ച് സൂചന നല്കി 41 കാരനായ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-27 സീസണ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നാണ് പ്രതികരണം. ഇതിനകം ക്ലബ്ബിനും രാജ്യത്തിനുമായി 1,330 മത്സരങ്ങളില്‍ നിന്ന് 976 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 12 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വായ്പാ വിതരണം ഈ കാലയളവിലുണ്ടായി. പ്രവര്‍ത്തനക്ഷമതയിലെ മികവും ഗ്രാമീണ വിപണിയിലെ ശക്തമായ സ്വാധീനവും കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്നു. ക്രെഡിറ്റ് റേറ്റിംഗിലെ മുന്നേറ്റം കമ്പനിയുടെ സാമ്പത്തിക ഭദ്രതയ്ക്കുള്ള അംഗീകാരമായി. ഇതിന്റെ ഫലമായി കമ്പനിയുടെ ശരാശരി വായ്പാ ചെലവ് 10.27 ശതമാനത്തില്‍ നിന്ന് 10.13 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ ഫണ്ട് സമാഹരിക്കാന്‍ സാധിക്കുന്നത് വരും പാദങ്ങളിലും ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വര്‍ധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാന്‍ വാട്സാപ്പിന് ഇനി നിര്‍മിതബുദ്ധിയുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങള്‍ തിരയാന്‍ ഓണ്‍-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്കാം ഡിറ്റക്ഷന്‍’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍, വാട്സാപ്പ് ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീന് ലേണിങ് മോഡല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. തുടര്‍ന്ന്, അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എ.ഐ. മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വാട്സാപ്പ് അറിയിക്കുന്നത്. തട്ടിപ്പിന് എന്തെങ്കിലും സാധ്യത കണ്ടെത്തിയാല്‍ ഉപയോക്താവിന് ഉടനടി മുന്നറിയിപ്പ് ലഭിക്കും. സംഭാഷണം ബ്ലോക്ക് ചെയ്യണോ, റിപ്പോര്‍ട്ട് ചെയ്യണോ, അല്ലെങ്കില്‍ സാധാരണഗതിയില്‍ തുടരണോ എന്ന് ഉപയോക്താവിന് തുടര്‍ന്ന് തിരഞ്ഞെടുക്കാം.
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’യുടെ ട്രെയ്ലര് പുറത്ത്. 20 നാണ് ചിത്രം റിലീസ്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്ക് താരം മാളവിക ശര്‍മ്മ നായിക ആയി വേഷമിടുന്ന ചിത്രത്തില്‍, ഇവരെ കൂടാതെ ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകന്, വൈഷ്ണവി, റുഷിന്‍, ആനന്ദ് മന്മഥന് എന്നിവരും താരനിരയിലുണ്ട്.
അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘മെല്‍കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അരുണ്‍ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന് ആന്‍ഡ് മാത്യു എന്റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ ജസ്റ്റിന് മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിഖില്‍ മോഹന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു യൂത്ത്ഫുള്‍ എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയന് ആണ്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവിയായ ബിഇ 6 മോഡലിന്റെ സ്പെഷ്യല്‍ എഡിഷന് വിപണിയില്‍ അവതരിപ്പിച്ചു. സ്പോര്‍ട്ടെക് എഡിഷന് എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യല്‍ എഡിഷിന് 11.45 ലക്ഷം രൂപ മുതല്‍ 19.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഓഗസ്റ്റ് 26ന് ഡെലിവറി ആരംഭിക്കും. ഏഴ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 59 കിലോവാട്ട്അവര്‍, 70 കിലോവാട്ട്അവര്‍, 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ 683 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷന് തെരഞ്ഞെടുക്കുന്നവര്‍ക്ക് 11.45 രൂപ മുതലാണ് വില. ഒറ്റയടിക്ക് വാങ്ങുന്ന ഓപ്ഷന് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ 19.45 രൂപ മുതലാണ് വില ആരംഭിക്കുന്നത്. റൂബി വെല്‍വെറ്റ്, ഗ്രാഫൈറ്റ് സ്റ്റോം എന്നിവയാണ് രണ്ടു പുതിയ നിറങ്ങള്‍.
ചില ജീവിതങ്ങള്‍ ഒരു നിശ്ചിതസമയത്തിനുള്ളില്‍ തീവ്രമായി കത്തിയെരിഞ്ഞ് അപ്രത്യക്ഷമാകും. ആ സമയപരിധിക്കുള്ളില്‍ നടന്ന സംഭവങ്ങളാണ് പിന്നീട് അവശേഷിക്കുന്നവരുടെ ജീവിതം നിര്‍ണ്ണയിക്കുക. വെറും 120 ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്കായി എഴുതപ്പെട്ടത്. ആ ദിവസങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍ എന്തൊക്കെയാണ്? പ്രണയത്തിന്റെയും വിധിയുടെയും ചില നിമിഷങ്ങള്‍ ശാശ്വതമായി നിലനില്ക്കാന് കഴിയാത്തത്ര മനോഹരമാണെന്ന വേദനിപ്പിക്കുന്ന സത്യത്തിന്റെയും കഥ. ‘120 ഡേയ്സ് ഓഫ് ഫിദ’. വിപ്പുല് മാധവ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 133 രൂപ.
ചെറുപയറു മാത്രമല്ല, പരിപ്പ്, സോയബീന്‍സ്, കിഡ്നി ബീന്‍സ്, കടല, ഓട്സ് തുടങ്ങി പലതരത്തിലുള്ള വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. കടുക്, ഉലുവ, റാഡിഷ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ മുളപ്പിച്ച് ഇലയോടുകൂടി കഴിക്കുന്നതും നല്ലതാണ്. മുളപ്പിക്കുന്നതിലൂടെ വിത്തുകളിലെയും ധാന്യങ്ങളിലെയും പോഷകമൂല്യം വര്‍ധിക്കും. വിത്തുകളും ധാന്യങ്ങളും മുളപ്പിക്കുന്നതിലൂടെ അവയില്‍ അടങ്ങിയ ഫൈറ്റിക് ആസിഡും ലെക്റ്റിനുകളും പോലുള്ള ആന്റിന്യൂട്രിയന്റുകള്‍ കുറയാന്‍ സഹായിക്കും. കൂടാതെ ഇത് ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം എളുപ്പമാക്കുന്നു. മുളപ്പിച്ച ധാന്യങ്ങളിലും വിത്തുകളിലും കലോറി വളരെ കുറവായതു കൊണ്ട് ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇരുമ്പ്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം പോലുള്ള ധാതുക്കളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം മുളപ്പിച്ച ആഹാരസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തയോട്ടം വര്‍ധിപ്പിച്ച് പ്രധാനപ്പെട്ട അവയവങ്ങളില്‍ മതിയായ അളവില്‍ ശുദ്ധരക്തം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. മുളപ്പിച്ച ആഹാരസാധനങ്ങളില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല, ഇവയുടെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.61, പൗണ്ട് – 129.66, യൂറോ – 110.96, സ്വിസ് ഫ്രാങ്ക് – 118.25, ഓസ്ട്രേലിയന്‍ ഡോളര്‍ – 68.05, ബഹറിന്‍ ദിനാര്‍ – 254.25, കുവൈത്ത് ദിനാര്‍ -309.80, ഒമാനി റിയാല്‍ – 248.65, സൗദി റിയാല്‍ – 25.52, യു.എ.ഇ ദിര്‍ഹം – 26.04, ഖത്തര്‍ റിയാല്‍ – 26.28, കനേഡിയന്‍ ഡോളര്‍ – 69.00.
