Screenshot 20260718 134017 4

കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് യുഡി എഫ് സർക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റബറിൻ്റെ വില 300 രൂപയാക്കും, വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടി ഉണ്ടാകും, നെൽ കർഷകർക്ക് നൽകാനുള്ള പണം തിരികെ നൽകും. പൂട്ടി കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‎ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

‎സംസ്ഥാനത്ത് പുതിയ ഭരണം നാല് മാസങ്ങൾ പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരുന്നില്ലെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഉയർന്നത് സർക്കാരിന് ആശ്വാസമേകുന്ന ഘടകമാണെങ്കിലും നടപ്പുസാമ്പത്തിക വർഷത്തിൽ ആകെ കടമെടുക്കാവുന്ന പരിധിയുടെ പകുതിയോളം തുക സർക്കാർ കടമെടുത്തു കഴിഞ്ഞുവെന്നാണ് വിവരം.

 

‎ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി വൈസ് ചാൻസലർ പദവിക്ക് നിരക്കാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. വൈസ് ചാൻസലർമാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

 

‎ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്പോൺസാണെന്നും,തൻറെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ദേവൻ വ്യക്തമാക്കി.

‎ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് ‘ഹാഫ് വേ ഹോം’ എന്ന പേരിൽപദ്ധതി ആലോചിക്കുന്നതായി ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്ത് ഐപിഎസ്. സാമൂഹിക നീതിവകുപ്പും പൊലീസും ജയിൽവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് അദ്ദേഹം പറഞ്ഞു.

‎കണ്ണൂർ സർവ്വകലാശാലയിലെ പാലയാട് ക്യാമ്പസ്സിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ചു. വൈസ് ചാൻസലറുടെ മുൻ‌കൂർ അനുമതി ഇല്ലെന്ന് ക്യാമ്പസ്‌ ഡയറക്ടർ അറിയിച്ചു. എന്നാൽ, ഷീ ഫെസ്റ്റ് നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐയും, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാലയും അറിയിച്ചു.

‎എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞത്. പാർക്കിന്‍റെ 200 മീറ്റർ ഭാഗമാണ് ഇടിഞ്ഞത്. തീരം ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു.

‎തിരുവല്ലത്ത് തെരുവുനായയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11 പേർക്ക് കടിയേറ്റു. റോഡിലൂടെയെത്തിയ നായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. കടിയേറ്റ 11 പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

‎ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി എട്ട് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല.

 

‎പാലക്കാട് ഒരു കിലോ എംഡിഎംഎയുമായി ഒലവക്കോട് വെച്ച് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.

‎കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

‎തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെയും ലഹരിമാഫിയയെയും ചൊല്ലി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നൽകിയവരെ കൊലപ്പെടുത്തുകയാണെന്നും സർക്കാർ ലഹരിക്കെതിരെ എന്ന് പറയുമ്പോഴും കൊലപാതകങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ ആരോപിച്ചു

‎യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകൾ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ പരീക്ഷാ ബോഡിയുടെ പിഴവുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുകയാണെന്നും, തെറ്റ് ചെയ്യുന്നത് എൻ ടി എ എന്നാൽ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞു.

‎ബിജെപി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ പുതിയ ദേശീയ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും സ്മൃതി ഇറാനിയും പാർട്ടി കേഡറിലേക്ക് തിരിച്ചെത്തുമെന്നും, യുവജനങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നും സൂചനയുണ്ട്.

‎ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, പ്രധാനമന്ത്രി മോദിയുടെ അനുയായിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‎മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള സർക്കാർ ആദിവാസി ആശ്രമം സ്കൂൾ ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന ഭീതിയിൽ അറുന്നൂറിലധികം വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടു. എന്നാൽ ഇത് പ്രേതബാധയല്ലെന്നും കടുത്ത മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ‘മാസ് ഹിസ്റ്റീരിയ’ ആണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

‎എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന ഏർപ്പെടുത്തിയതോടെയാണ് പുതിയ കണ്ടെത്തൽ.

 

‎സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ‘മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്’ പ്രാദേശിക സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ചുവടുവയ്പ്പാണെന്ന് സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.

‎പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് തന്റെ വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി 41 കാരനായ പോര്‍ച്ചുഗല്‍ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-27 സീസണ്‍ തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നാണ് പ്രതികരണം. ഇതിനകം ക്ലബ്ബിനും രാജ്യത്തിനുമായി 1,330 മത്സരങ്ങളില്‍ നിന്ന് 976 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *