yt cover 23

 

മെസിയെ കേരളത്തിലേക്കു കൊണ്ടുവരുമെന്നു പ്രചരിപ്പിച്ച് മുന്‍ സ്പോര്‍ട്സ് മന്ത്രിയും റിപ്പോര്‍ട്ടര്‍ ടിവി ഉടമയും നടത്തിയ ഇടപാടുകള്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും മറ്റു ബാധ്യതകളും ഉണ്ടാക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കായികരംഗത്ത് കേരളത്തിനു ചീത്തപ്പേരുണ്ടാക്കി. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന നടപടികള്‍ ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചട്ടം മറികടന്ന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മന്ത്രിയുടെ വിദേശയാത്രയ്ക്ക് 14 ലക്ഷത്തോളം രൂപ ചെലവാക്കിയെന്ന് കായികമന്ത്രി ഒജെ ജെനീഷ്.

അരുണാചല്‍പ്രദേശിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞെന്ന് റിപ്പോര്‍ട്ട്. അപ്പര്‍ സുബന്‍സിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് സംഭവം. ഇന്ത്യന്‍ സംഘം പട്രോളിങ് നടത്തിയിരുന്ന മേഖലകളൊക്കെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൈയടിക്കിയെന്ന് അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ കത്തു നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്, ദേവസ്വം വിജിലന്‍സ് എസ്പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന ക്രമക്കേടുകളുണ്ടെന്ന് മന്ത്രി കത്തില്‍ പറയുന്നു.

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സി പി എം നേതാക്കളെ ചോദ്യം ചെയ്യും.

കെഎം ബഷീര്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കുമെന്ന് ആഭ്യന്തരവകുപ്പ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാനത്തെ റോഡുകളില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോര്‍ഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി പൊലീസ്. ആഭ്യന്തരമന്ത്രിക്കും പോലീസിനുമെതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റിനു സമീപത്തു നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

കാലവര്‍ഷക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 33 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും മൂന്നു പേരെ കടലില്‍ കാണാതാവുകയും ചെയ്തിട്ടും സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മെസിയെ കേരളത്തില്‍ കൊണ്ടുവരാന്‍ നടത്തിയ ഇടപാടുകളില്‍ ഒരു ക്രമക്കേടുും നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അന്വേഷണം നടത്താനാണ്. മന്ത്രിക്ക് സ്പെയിനില്‍ പോകാന്‍ കരാര്‍ വേണ്ട. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്‍.എസ്.എസില്‍ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കില്‍ ഗണേഷ് കുമാര്‍ കോടതിയില്‍ കേസ് കൊടുക്കട്ടെയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സ്വന്തം അച്ഛനെപ്പറ്റി വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ച ആളാണ് ഗണേഷ് കുമാര്‍. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശന്‍ ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈശാഖ് എസ് ദര്‍ശന്‍ അറസ്റ്റില്‍. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കോഴിക്കോട് കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍, മുന്‍ ഡയറക്ടര്‍ റെനീഷ് 100 പവന്‍ സ്വര്‍ണം വിറ്റതായി കണ്ടെത്തി. 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ സ്വര്‍ണം ആദ്യം പണയപ്പെടുത്തുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ ലേഖയുടെ മരണം ‘സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്’ ആണെന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ ആരോപിച്ചു. രാഷ്ട്രീയ വിരോധം മൂലം ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ച് അവരെ സ്ഥലം മാറ്റിയെന്നും, ഇതില്‍ മുഖ്യമന്ത്രി വി ഡി സതീശന് പങ്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോഴിക്കോട് ചാലിയാറില്‍ ഇന്നലെ അര്‍ധരാത്രി മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂര്‍ കുതിരാടം സ്വദേശി ബാസില്‍ ആണ് മരിച്ചത്. ബാസിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ നീന്തിരക്ഷപ്പെട്ടിരുന്നു.

മുന്‍മന്ത്രി എം.ബി. രാജേഷിന്റെ സഹോദരന്‍ എം.ബി. ബ്രിജേഷ് നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശിനിയും ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് മരിച്ചത്.

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്കു തയ്യാറെന്നും സഭാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്നു ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകിട്ട് മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ജന്തര്‍ മന്തറിലെ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ മാത്രമല്ല, അയോധ്യാ ക്ഷേത്രക്കൊള്ളയെക്കുറിച്ചും മറുപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ജോണ്‍ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയില്‍ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയില്‍ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയില്‍ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടും. എഫ്സിആര്‍എ ബില്ലില്‍ ജെപിസി സമവായത്തില്‍ എത്തിയശേഷമേ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂ.

ജീവിതത്തില്‍ കുറുക്കുവഴികള്‍ തിരഞ്ഞെടുക്കരുതെന്നും യുവാക്കള്‍ അവര്‍ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതില്‍ നിന്ന് അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. റാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ലാതൂരിലെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗോങ്കറുടെ മകന് പരീക്ഷയ്ക്കു മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ആകാശച്ചുഴിയില്‍ വീണ വിമാനത്തിന്റെ മുന്‍പ് ചെയ്ത അറ്റകുറ്റപണികളുടെ രേഖകള്‍ എഎഐബി ആവശ്യപ്പെട്ടു. ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ തീരുമാനം.

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍ തിരിച്ചടി. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ടാറ്റയില്‍ തുടരില്ലെന്ന് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചതോടെ ടിസിഎസ്, ടൈറ്റന്‍ തുടങ്ങിയ ടാറ്റയുടെ പ്രധാന ഓഹരികള്‍ക്കെല്ലാം കനത്ത ഇടിവാണ് നേരിട്ടത്.

ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ ഹൂതികള്‍ ചരക്കു കപ്പല്‍ ആക്രമിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടു. ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സിന്‍ റെസായി.

വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളെ നിര്‍ത്തി ഭിക്ഷാടനം നടത്തിച്ച സൗദി പൗരനെ കിഴക്കന്‍ പ്രവിശ്യയിലെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് തടയല്‍ നിയമപ്രകാരം കേസെടുത്തത്.

യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സെയ്ന്റ് ജെര്‍മന്‍ യൂറോപ്പ് ലീഗ് ജേതാക്കളായ ആസ്റ്റന്‍ വില്ലയെ നേരിടും. ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബര്‍ഗിലെ റെഡ്ബുള്‍ അറീനയില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12:30-നാണ് കിരീടപ്പോരാട്ടം.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സെപ്റ്റംബര്‍ 13, 15, 17 തീയതികളില്‍ നടത്തുമെന്ന് ബിസിസിഐയും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും. അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായി സംഘടിപ്പിക്കുന്ന പരമ്പര ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക.

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുരുഷ, വനിതാ ഹോക്കി ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടം ഒഴിവാക്കി. ഒന്നാം ഘട്ടം 16 ടീമുകളെ വീതം നാല് പൂളുകളായി തിരിച്ചുള്ള ഗ്രൂപ്പ് മത്സരങ്ങളാണ്. ടീമുകള്‍ മുമ്പ് കളിക്കാത്ത എതിരാളികളുമായി മൂന്ന് മത്സരങ്ങള്‍ കൂടി കളിക്കും. പുരുഷ-വനിതാ ലോകകപ്പുകള്‍ ഒരേസമയമാണ് നടക്കുക. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റല്‍വീലിലും ബെല്‍ജിയത്തിലെ വാവ്രെയിലുമായി ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ജൂലൈയില്‍ ഇടിവ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റനിക്ഷേപം 28,973.41 കോടിയായിരുന്നു. ജൂലൈയില്‍ ഇത് 24,697.39 കോടിയായി കുറഞ്ഞു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് കുറഞ്ഞെങ്കിലും, മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വിഹിതം ജൂലൈയില്‍ വീണ്ടും ഉയര്‍ന്നു. ജൂണിലെ 31,781 കോടിയില്‍ നിന്ന് 0.6 ശതമാനം വര്‍ധിച്ച് ജൂലൈയില്‍ 31,961 കോടി രൂപയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപമാണിത്. ജൂലൈയില്‍ സ്‌മോള്‍ക്യാപ് ഫണ്ടുകളിലേക്ക് എത്തിയത് 7,767.50 കോടി രൂപയാണ്. മിഡ്ക്യാപ് ഫണ്ടുകള്‍ക്ക് 6,192.31 കോടി രൂപ ആകര്‍ഷിക്കാനായി. അതേസമയം, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് 1,321.69 കോടി രൂപ പിന്‍വലിക്കപ്പെട്ടു. ജൂലൈയില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 4.3 ശതമാനം വര്‍ധിച്ച് 85.76 ലക്ഷം കോടി രൂപയായി. ജൂണില്‍ ഇത് 82.22 ലക്ഷം കോടി രൂപയായിരുന്നു.

വേഗത്തില്‍ വളരുന്ന എഐ വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതിന്റെ ഭാഗമായി വീണ്ടും ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ പ്രമുഖ ഐടി കമ്പനിയായ ഓറക്കിള്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ എഐയുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ച്ചറിനായി കമ്പനി ഏകദേശം 5570 കോടി ഡോളര്‍ ആണ് ചെലവഴിച്ചത്. ഈ നിക്ഷേപങ്ങള്‍ക്കായി 4300 കോടി ഡോളറാണ് കമ്പനി കടമെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി 21,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ഏകദേശം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 13 ശതമാനത്തിന് തുല്യമായിരുന്നു. നിലവില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1,41,000 ആണ്. കമ്പനിയുടെ രണ്ടാം സാമ്പത്തിക വര്‍ഷ പാദം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഇതിന് മുന്‍പ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെട്ടിച്ചുരുക്കല്‍ നടപ്പാക്കിയാല്‍ ചില ടീമുകളില്‍ വലിയ തോതിലുള്ള പിരിച്ചുവിടല്‍ സംഭവിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കായ ‘ഹായ്വാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി സെയ്ഫ് അലി ഖാനും, വില്ലനായി അക്ഷയ് കുമാറും വേഷമിടുന്നു. ബൊമ്മന്‍ ഇറാനി, ശ്രീയ പില്‍ഗോങ്കര്‍, സയ്യാമി ഖേര്‍ എന്നിവരുള്‍പ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലെ കഥയുടെ അതേ പകര്‍പ്പല്ലെന്നും കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച വേഷം ബൊമ്മന്‍ ഇറാനി ചെയ്യുന്നു. പ്രീതിം സംഗീതം നല്‍കുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബര്‍ 11 ന് തിയേറ്ററുകളിലെത്തും. 17 വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒരുമിക്കുന്ന ചിത്രമാണിത്.

ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വിശാല്‍ നായകനാകുന്നതും സംവിധാനം ചെയ്യുന്നതുമായ ‘മകുടം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതില്‍ വിശാല്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-ാമത്തെ ചിത്രവും വിശാലിന്റെ 35-ാമത്തെ സിനിമയുമായ ഇത്, കടല്‍ പശ്ചാത്തലത്തിലുള്ള ചേസിംഗുകള്‍, തീ പാറുന്ന സംഘട്ടനങ്ങള്‍, ശക്തമായ സംഭാഷണങ്ങള്‍ എന്നിവയോടെയുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. ദുഷാരാ വിജയന്‍, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജി. വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍ നിര്‍വഹിക്കുന്നു. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി, ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും.

ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അടുത്തവര്‍ഷം അവതരിപ്പിക്കും. രണ്ടു മോഡലുകളാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുക. അഡ്വഞ്ചര്‍, നേക്കഡ് മോഡലുകളായിരിക്കും ഇവ. ഇമോട്ടര്‍സൈക്കിളുകള്‍ കൂടി വരുന്നതോടെ ഹീറോയ്ക്ക് ഇലക്ട്രിക് സെഗ്മെന്‍ഡില്‍ കൂടുതല്‍ മേല്‍ക്കൈ ലഭിക്കും. സ്‌കൂട്ടര്‍ പ്ലാറ്റ്ഫോം ഉണ്ടായിട്ടും തീര്‍ത്തും പുതിയ പ്ലാറ്റ്ഫോമിലാണ് ഇ മോട്ടര്‍സൈക്കിളുകള്‍ വരുന്നത്. മികച്ച പ്രകടം, റൈഡിങ് കംഫര്‍ട്ട്, ഗ്രേഡബിലിറ്റി, റേഞ്ച് എന്നിവയെ അടിസ്ഥാനമാക്കി, മോട്ടര്‍സൈക്കിള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ പെര്‍ഫോമന്‍സ് നല്‍കുന്ന മോഡലുകളായിരിക്കും ഇവയെന്ന് ഹോറോ മോട്ടോര്‍ കോര്‍പ്പ് സ്ഥിതീകരിച്ചു. യുബിഇഎക്സ്, വിഎക്സ്സി എന്നിങ്ങനെ രണ്ടു പ്ലാറ്റ്ഫോമുകളിലാണ് ഡിസൈന്‍. സീറോ മോട്ടര്‍സൈക്കിളുമായി ചേര്‍ന്നാണ് വിഎക്സ്സി മോഡല്‍ വികസിപ്പിക്കുന്നത്. ഇ മോട്ടര്‍സൈക്കിളുകള്‍ കൂടി വരുന്നതോടെ ഹീറോ വിഡ പോര്‍ട്ട്ഫോളിയോ കൂടുതല്‍ വലതാകും. അതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് ഇലക്ട്രിക് വിഭാഗത്തിലും മുന്‍നിരയിലെത്താനാകും.

2008 ല്‍ ആദ്യത്തെ ഹിമാലയയാത്ര. തുടര്‍ന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂര്‍വ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തില്‍നിന്ന് തുടങ്ങി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, കാശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഒറീസ, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, കൈലാസം വരെ എത്തിനില്‍ക്കുന്ന, ഭാരതം മുഴുവന്‍ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്കര്‍മ്മമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേര്‍ക്കണ്ണാടിയാകുന്ന കൃതി. ‘കന്യാകുമാരി മുതല്‍ കൈലാസം വരെ’. സുലേഖ എം. ഗ്രീന്‍ ബുക്സ്. വില 902 രൂപ.

കാന്‍സറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കവിയില്ലെങ്കിലും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കാനാവുമെന്നു പറയുകയാണ് ഇന്റേര്‍ണല്‍ മെഡിസിന്‍ വിദഗ്ധനായ ഡോ.പ്രിയം ബൊര്‍ദൊലോയ്. അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത് ഭക്ഷണം കഴിച്ചതിനുശേഷം പത്തുമിനിറ്റ് നടക്കുക എന്നതാണ്. ഇതിലൂടെ ഗ്ലൂക്കോസ് നില ഉയരുന്നത് തടയാനാവും. ഗ്ലൂക്കോസ് നില അമിതമായി ഉയരുന്നത് ഡിഎന്‍എ തകരാറിലാവാനും പ്രതിരോധശേഷി കുറയ്ക്കാനും കാന്‍സര്‍ സാധ്യത കൂട്ടാനും കാരണമാകും. മറ്റൊന്ന് ചൂടുചായയും കോഫിയും കുടിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്. 65 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടുള്ളവ കഴിക്കുന്നത് കാന്‍സറിനു കാരണമാകും. മറ്റൊന്ന് സംസ്‌കരിച്ച മാംസങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നതാണ്. ദിവസവും ഇവ കഴിക്കുന്നത് കുടലിലെ കാന്‍സറിനുള്ള സാധ്യത പതിനെട്ടുശതമാനം കൂട്ടും. ഇതിനു പകരം മുട്ട, മീന്‍, ഫ്രഷ് ചിക്കന്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം. മൈദ കൊണ്ടുള്ള ഭക്ഷണപദാര്‍ഥങ്ങളും കുറയ്ക്കണം. വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, മധുരമുള്ള സിറിയല്‍ എന്നിവയ്ക്കുപകരം ഓട്സ്, ബ്രൗണ്‍ റൈസ്, ഗോതമ്പുബ്രെഡ് എന്നിവ ഉള്‍ക്കൊള്ളിക്കാം. ഭക്ഷണത്തില്‍ പതിനേഴുശതമാനം മുഴുധാന്യങ്ങള്‍ ചേര്‍ക്കുക വഴി കുടലിലെ കാന്‍സര്‍ സാധ്യത പതിനേഴുശതമാനം കുറയ്ക്കാം. പൂപ്പല്‍ പിടിച്ച ധാന്യങ്ങളോ, നട്സോ കഴിക്കരുത്. ഇത് കരളിലെ കാന്‍സറിനുള്ള സാധ്യത കൂട്ടും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.37, പൗണ്ട് – 128.83, യൂറോ – 110.08, സ്വിസ് ഫ്രാങ്ക് – 117.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.34, ബഹറിന്‍ ദിനാര്‍ – 253.26, കുവൈത്ത് ദിനാര്‍ -308.55, ഒമാനി റിയാല്‍ – 248.05, സൗദി റിയാല്‍ – 25.45, യു.എ.ഇ ദിര്‍ഹം – 25.97, ഖത്തര്‍ റിയാല്‍ – 26.17, കനേഡിയന്‍ ഡോളര്‍ – 68.48.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *