yt cover 20

 

സെക്രട്ടേറിയറ്റിന് മുന്നില്‍ 37 ദിവസം പിന്നിട്ട എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം പിന്‍വലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ ആയിരുന്നു ചര്‍ച്ച. 13 ദിവസമായി നിരാഹാരം കിടന്നിരുന്ന സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

സെപ്റ്റംബര്‍ 24നുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര നേതാവ് വളര്‍മതി. ഗവണ്‍മെന്റ് സെക്ടറിലും എയ്ഡഡ് പോലെ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിരാഹാരം അവസാനിപ്പിച്ചുവെങ്കിലും വിഷയങ്ങള്‍ അനുകൂലമായി പരിഗണിക്കുന്നത് വരെ ഇവിടെ തുടരുമെന്നും വളര്‍മതി വ്യക്തമാക്കി.

മെസിയുടെ കേരള സന്ദര്‍ശനം ആദ്യം സര്‍ക്കാരിനെ അറിയിച്ച കമ്പനിയുടെയും സ്‌പോണ്‍സറുടെയും വിലാസം ഒന്നുതന്നെയെന്ന് കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍. ഗോട്ട് ആഡിന്റെയും പിന്നീട് സ്‌പോണ്‍സറായി വന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെയും മേല്‍വിലാസം ഒന്ന് തന്നെയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനത്തിനു പിന്നില്‍ നടന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകളെന്നാണ് സംസ്ഥാന കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ജന്റീന ടീം ക്ഷണം സ്വീകരിച്ചെന്നോ വരാന്‍ തയ്യാറാണെന്നോ വ്യക്തമാക്കുന്ന രേഖകളോഉറപ്പുകളോ കായിക വകുപ്പിന്റെ പക്കലില്ല. അര്‍ജന്റീന ടീം ഈ വിവരം അറിഞ്ഞിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍പോലുമില്ലെന്നുംസൂചനയുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴ വാങ്ങി എന്ന ജി സുധാകരന്റെ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പരാതി നല്‍കി. മുന്‍ എംഎല്‍എ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

കേരളതീരത്തെ എം.എസ്.സി എല്‍സ കപ്പല്‍ അപകടത്തില്‍, കൂടുതല്‍ ചരക്കുകള്‍ കടലിനടിയില്‍ തുടരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ പരിശോധന കാലവര്‍ഷത്തിന് ശേഷം മാത്രമായിരിക്കും നടക്കുക. നിലവിലെ സാഹചര്യം സുരക്ഷിതമായ പരിശോധനയ്ക്ക് അനുയോജ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി മന്ത്രി എന്‍ ഷംസുദ്ദീന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 10 പ്രവര്‍ത്തകര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പരീക്ഷ രേഖകള്‍ നല്‍കാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.

തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പന്ത്രണ്ടാംദിനവും തിരച്ചില്‍. തിരച്ചില്‍ നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ഗഫൂര്‍ സന്ദര്‍ശിച്ചു.

തൊടുപുഴയില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം ബാവ എന്നിവരെ ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം.പി. പരമേശ്വരന്‍ അന്തരിച്ചു. 92 വയസായിരുന്നു. തൃശ്ശൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം.

തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്ക് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചു. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു എന്നാണ് ആരോപണം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുയുസിമാര്‍ക്ക് എസ്എഫ്‌ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് എംഎസ്എഫ് ആരോപണം. എംഎസ്എഫ് പ്രവര്‍ത്തകനായ യുയുസിക്ക് പണം നല്‍കാമെന്ന് എസ്എഫ്‌ഐ ജില്ല സെക്രട്ടറി ആദില്‍ സമ്മതിച്ചതായുള്ള ഓഡിയോ സന്ദേശം പുറത്തുവന്നു.

മഹാരാഷ്ട്രയില്‍ സിബിഎസ്ഇ സൗത്ത് സോണ്‍ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ കുടുംബം. തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫൈസ് അബ്ദുള്‍ ജലാലിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം, എല്ലാം ചെയ്തത് താനാണെന്നായിരുന്നു അര്‍ജുന്‍ ആയെങ്കിയുടെ പ്രതികരണം.

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് നോട്ടീസ് നല്‍കിയത്.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതി കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യില്‍ സ്വദേശി മലഞ്ഞ വീട്ടില്‍ സയ്യിദ് സഫ്വാന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.

കുഞ്ഞിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ തമിഴ്‌നാട് സ്വദേശി മുപ്പിലി രാജ, വാഗമണ്‍ സ്വദേശി അപര്‍ണ, കൊല്ലം പരവൂര്‍ സ്വദേശി അനീന തസ്‌നി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

താനൂര്‍ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തില്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ച യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ഇന്നും സഭയില്‍ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നല്‍കാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതി ഹര്‍ജി തള്ളി. മൂന്ന് പ്രതികളാണ് പരിശോധന ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് 15ന് നാഗ്പൂരിലെ കസ്തൂര്‍ചന്ദ് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍വെച്ച് മോഹന്‍ ഭാഗവത് ജെന്‍സികളുമായി സംസാരിക്കും. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങള്‍, ഇന്ത്യയുടെ ഭാവി എന്നിവയെക്കുറിച്ചാകും മോഹന്‍ ഭാഗവത് ജെന്‍സികളുമായി സംസാരിക്കുക.

ജാര്‍ഖണ്ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഷെയ്ക് ഹസീനയെ കൈമാറണമെന്ന ആവശ്യം ആവര്‍ത്തിച്ച് ബംഗ്ലാദേശ്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

അരുണാചല്‍ പ്രദേശ് – അസം അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്. അസം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവരാണ് വെടിവെച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം. നരേഷ് പാല്‍ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു. നിയമനം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് മാറ്റം. ഗംഗ്വാറിന് പകരം ദീപ്തി ഗൗര്‍ മുഖര്‍ജി പുതിയ സെക്രട്ടറിയാവും.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മരുമകന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ മുന്‍ സി.ഇ.ഒ വിനീത് ജെയ്ന്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ തള്ളി ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി. യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹര്‍ജി അംഗീകരിച്ച് ഭാവിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കാത്ത വിധമാണ് റദ്ദാക്കിയത്.

മുന്‍ ക്രിക്കറ്റ് താരവും ബിജെപിയുടെ രാജ്യസഭ എംപിയുമായ ഹര്‍ഭജന്‍ സിങ് പങ്കുവെച്ച വീഡിയോ പഞ്ചാബിലെ ദൃശ്യങ്ങളല്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. സോംബി മയക്കുമരുന്ന് ഉപയോഗിച്ച പഞ്ചാബിലെ യുവാക്കളുടെ ദൃശ്യങ്ങളെന്ന് പറഞ്ഞാണ് ഹര്‍ഭജന്‍ സിങ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവെച്ചത്.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നല്‍കിയ സംഭവത്തില്‍ തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുല്‍ ഗ്രാമത്തില്‍ ഓഗസ്റ്റ് 5 നായിരുന്നു സംഭവം.

ബിസിസിഐ മുന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ ഓഫീസില്‍ രണ്ട് കത്തുകള്‍ കൂടി ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊല്‍ക്കത്തയിലെ ഠാക്കൂര്‍പുകുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കൊളംബിയയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 132 ആയി. 570 പേര്‍ക്ക് പരിക്കേറ്റതായും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യഇനിയും വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ വധഭീഷണിയെ തുടര്‍ന്ന് വിമാനം മാറി സഞ്ചരിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിലെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ അങ്കാറ വിമാനത്താവളത്തില്‍നിന്ന് പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപിനെ പിന്നീട് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് ഈ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്.

ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇന്‍ഫാന്റിനോയെ മാറ്റാന്‍ ഫിഫ ആലോചിക്കുന്നുണ്ടെങ്കില്‍ അത് അവര്‍ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം പദവി ഒഴിഞ്ഞാല്‍ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും ട്രംപ് പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയും പവന് 2,320 രൂപ കൂടി 1,13,760 രൂപയുമായി. ഇന്നലെ പവന് 290 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 240 രൂപ കൂടി 11,685 രൂപയും 14 കാരറ്റിന് ഗ്രാമിന് 185 രൂപ കൂടി 9,100 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി 5,865 രൂപയിലെത്തി. വെളളി വില ഗ്രാമിന് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നു. ട്രോയ് ഔണ്‍സിന് ഏകദേശം 4,300 മുതല്‍ 4,415 ഡോളര്‍ വരെയാണ് നിലവില്‍ അന്താരാഷ്ട്ര സ്പോട്ട് മാര്‍ക്കറ്റിലെ നിരക്ക്. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

കമ്പ്യൂട്ടറിലെ ഫോട്ടോകളും വിഡിയോകളും ഗൂഗ്ള്‍ ഫോട്ടോസിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യുന്ന രീതി നിര്‍ത്തലാക്കി. ഇതിനോടകം ഈ രീതിയില്‍ ബാക്കപ്പ് ചെയ്ത ചിത്രങ്ങളും വിഡിയോകളും സുരക്ഷിതമായി തുടരും. തുടര്‍ന്നും ഓട്ടോമാറ്റിക്കായി ഫോട്ടോ ബാക്കപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് ഗൂഗ്ള്‍ ഡ്രൈവിന് പകരം നേരിട്ട് ഗൂഗ്ള്‍ ഫോട്ടോസ് വഴി തന്നെ ബാക്കപ്പ് സജ്ജീകരിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. ഒന്നാമതായി, ഗൂഗ്ള്‍ ഫോട്ടോസ് വെബ്‌സൈറ്റിലെ ‘+’ ബട്ടണ്‍ ഉപയോഗിച്ച് ബാക്കപ്പ് ഫോള്‍ഡേഴ്സ് തിരഞ്ഞെടുത്ത് കമ്പ്യൂട്ടറിലെ ആവശ്യമായ ഫോള്‍ഡറുകള്‍ സെറ്റ് ചെയ്യാം. രണ്ടാമതായി, ഗൂഗ്ള്‍ ഡ്രൈവില്‍ ഇതിനകം സൂക്ഷിച്ചിട്ടുള്ള ഫോട്ടോകള്‍ നേരിട്ട് ഗൂഗ്ള്‍ ഫോട്ടോസിലേക്ക് മാറ്റാനും സാധിക്കും. എന്നാല്‍ പഴയതുപോലെ തനിയെ പ്രവര്‍ത്തിക്കുന്നതിന് പകരം, ഗൂഗ്ള്‍ ഫോട്ടോസ് വെബ്‌സൈറ്റ് ബ്രൗസറില്‍ തുറന്നിരിക്കുമ്പോള്‍ മാത്രമേ പുതിയ ബാക്കപ്പുകള്‍ നടക്കൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെര്‍ടെയ്നര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. കാലഭൈരവ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാലഭൈരവയും സര്‍ഷ്യംസും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്സും, ബ്രഹ്‌മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍’. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 2026 സെപ്റ്റംബര്‍ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ഏഴ് കടല്‍ ഏഴ് മലൈ’യിലെ ഗാനം പുറത്തെത്തി. നമക്കായ് ഒരു വാനം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയും ആന്‍ഡ്രിയ ജെറമിയയുമാണ് ആലപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 നാണ് ചിത്രത്തിന്റെ റിലീസ്. പൂര്‍ത്തിയായി രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്. 2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി.

കൈലാഖ് എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യയിലെ കുതിപ്പിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ വിദേശ രാജ്യത്തേക്കും ചേക്കേറാനുള്ള ഒരുക്കങ്ങളിലാണ്. ഫാബിയ എന്ന വാഹനത്തിന്റെ പകരക്കാരനായി യൂറോപ്യന്‍ വിപണികളിലേക്ക് പറക്കാനാണ് കൈലാഖ് ഒരുങ്ങുന്നത്. സ്‌കോഡ-ഫോക്‌സ്വാഗണ്‍ ഇന്ത്യ 2.0 എന്ന സ്ട്രാറ്റജിയുടെ ഭാഗമായി നിര്‍മിച്ച മൂന്നാമത്തെ മോഡലാണ് കൈലാഖ്. സ്‌കോഡ നിര്‍മിച്ചിട്ടുള്ളവയില്‍ വെച്ച് ഏറ്റവും ചെറിയ എസ്യുവിയുമാണ് ഈ ഇന്ത്യന്‍ നിര്‍മിതമായി ഒരുങ്ങിയിട്ടുള്ള കൈലാഖ് എസ്യുവി. സ്ലാവിയ, കുഷാഖ് എന്നീ മോഡലുകളില്‍ കരുത്തേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായായിരിക്കും ഈ എസ്യുവി കടല്‍കടക്കുന്നത്. ട്രാന്‍സ്മിഷന്‍ സംവിധാനം ഒരുക്കാന്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സും ഇതിനൊപ്പം നല്‍കും. 1.5 ലിറ്റര്‍ ടിഎസ്‌ഐ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ യൂറോ-7 പാലിക്കുന്ന എന്‍ജിനാണ്. അതുകൊണ്ടാണ് കൈലാഖില്‍ ഇത് നല്‍കാനുള്ള സാധ്യതകള്‍ തെളിയുന്നത്.

‘സത്യത്തിന്റെയും മിഥ്യയുടെയും നേര്‍ത്ത ഒരു വെള്ളിനൂലിലൂടെയാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ ജീവിതം നടന്നുതീര്‍ക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സത്യമാവണേ എന്നു കൊതിക്കുന്ന മിഥ്യകള്‍ക്കും, മിഥ്യയാവണേ എന്നു കൊതിക്കുന്ന സത്യങ്ങള്‍ക്കും ഇടയിലൂടെയുള്ള ഒരു കാല്‍പ്പനിക ജീവിതം. സത്യ മെന്താണെന്നും മിഥ്യയെന്താണെന്നും മനസ്സിലായി വരുമ്പോഴേക്കും ആ ദൂരമത്രയും നമ്മള്‍ പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും. ജീവിതത്തിന്റെ വസന്തത്തില്‍ പകയും പ്രതികാരവും കൊണ്ട് നാമൊന്നും നേടുന്നില്ലെന്നും, എത്രകാലം ജീവിച്ചു എന്നതിലല്ല, എത്രമാത്രം ജീവിച്ചു എന്ന തിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍. വടക്കന്‍ കേരളത്തിലെ നാടോടിക്കഥകളിലെ നിത്യസാന്നിധ്യമായിരുന്ന ഒടിയന്‍ എന്ന സങ്കല്പത്തിലൂന്നിയ ഒരു കഥ’. ‘ഒടിയന്‍’. രണ്ടാം പതിപ്പ്. രാഹുല്‍ രാഘവ്. സ്റ്റോറി സ്ലേറ്റ് പബ്ളിക്കേഷന്‍സ്. വില 379 രൂപ.

പങ്കാളിക്കൊപ്പം അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയറ്ററില്‍ പോയി സിനിമ കാണുന്നതും മ്യൂസിയം സന്ദര്‍ശിക്കുന്നതൊക്കെ നമ്മുടെ പ്രായത്തിന് റിവേഴ്സ് ഗിയറിടുമെന്ന് ‘ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തില്‍’ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുഹൃത്തുകള്‍ക്കൊപ്പം സിനിമകള്‍ ആസ്വദിക്കുക, സംഗീതകച്ചേരികളില്‍ പോയി പാട്ട് കേള്‍ക്കുക, മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക ഒക്കെ പ്രായമാകുന്നത് പതുക്കെയാക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇത്തരക്കാരില്‍ ജീവശാസ്ത്രപരമായ പ്രായം കുറവായിരിക്കുമെന്ന് പുതിയ പഠനം. സാംസ്‌കാരികമായി ഇടപെടുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ പെട്ടെന്ന് വയസ് കുറയുമെന്നല്ല, മറിച്ച് വാര്‍ദ്ധക്യത്തിലും യുവത്വത്തിന്റെ ഉന്‍മേഷവും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ആളുകളെ പ്രാപ്തരാക്കും. ഇത്തരത്തിലുള്ള വിനോദങ്ങളില്‍ സ്ഥിരമായി പങ്കാളികളാകുന്നവരുടെ ശരീരത്തിന്റെ ആന്തരിക പ്രായം ശരാശരി 66.9 വയസാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഒട്ടും താല്പര്യം കാണിക്കാത്തവരില്‍ ഇത് 69.9 വയസായി ഉയര്‍ന്നു കാണപ്പെടുന്നു. അതായത്, കലയും സംസ്‌കാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നത് മനുഷ്യന്റെ വാര്‍ധക്യ സഹജമായ ശാരീരിക മാറ്റങ്ങളെ പതുക്കെയാക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.41, പൗണ്ട് – 128.80, യൂറോ – 110.08, സ്വിസ് ഫ്രാങ്ക് – 117.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.28, ബഹറിന്‍ ദിനാര്‍ – 253.06, കുവൈത്ത് ദിനാര്‍ -308.82, ഒമാനി റിയാല്‍ – 248.20, സൗദി റിയാല്‍ – 25.48, യു.എ.ഇ ദിര്‍ഹം – 25.98, ഖത്തര്‍ റിയാല്‍ – 26.15, കനേഡിയന്‍ ഡോളര്‍ – 68.46.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *