◾പാല്‍വില ലിറ്ററിന് ഒമ്പതു രൂപയോളം വര്‍ധിപ്പിക്കണമെന്നു മില്‍മ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തോട വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്മാന് കെ എസ് മണി പറഞ്ഞു. ഇപ്പോള്‍ ലിറ്ററിന് അമ്പതു രൂപയാണു വില. പാല് വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കി.
◾രാജ്ഭവനിലേക്ക് ലക്ഷം പേരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്ന പേരിലാണ് എല്‍ഡിഎഫ് മാര്‍ച്ച് നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയിലാണ്. ജില്ലാ കേന്ദ്രങ്ങളിലും ഇന്നു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു. സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റു ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. പോലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. കൊടി ചുറ്റിയ മുളവടികള്‍ പൊലീസിനുനേരെ എറിഞ്ഞു. കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഒടുവിലാണ് കൂട്ട അറസ്റ്റുണ്ടായത്.
◾കുഫോസ് വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ നിയമം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ നിമയനം നടത്തിയ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണ്. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലക്ഷന് കമ്മിറ്റി നടപടിയും നിയമവവിരുദ്ധമാണ്. സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയമേയുള്ളൂ. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതംഗ ചുരുക്ക പട്ടികയിലുണ്ടായിരുന്ന ഡോ. കെ.കെ വിജയന് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
◾കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എംപി. യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ പ്രധാന പദവികളില്‍ നിയമിച്ചതെന്നും സുധാകരന്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ഗവര്‍ണറെ പന പോലെ വളര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചട്ട വിരുദ്ധമായി വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ പട്ടിക നല്കിയ സംസ്ഥാന സര്‍ക്കാരിനൊപ്പം ഒത്തുകളിച്ച് നിയമനം നടത്തിയ ഗവര്‍ണര്‍ ഒത്തുകളിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍നിന്നു ഓടിരക്ഷപ്പെടുകയാണ്. കേരളത്തില്‍ ‘ബ്രയിന്‍ ഡ്രയിനാണ് ‘ നടക്കുന്നത്. സതീശന് പറഞ്ഞു.
◾തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ആര് സുനുവിനെ അറസ്റ്റു ചെയ്യാന്‍ വേണ്ടത്ര തെളിവുകളില്ലെന്നു പൊലീസ്. കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇങ്ങനെ പ്രതികരിച്ചത്. ഒളിവില്‍ പോകാതിരിക്കാനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ ആളുകളെ തെരയുന്നുണ്ട്.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗ കേസിന്റെ ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിരുന്നോയെന്നു ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നാണ് ആദ്യമൊഴിയില്‍ മനസിലാകുന്നത്. മാനസികമായും അല്ലാതെയും അടുപ്പത്തിലായിരുന്നെന്ന് മൊഴിയില്‍ ഉണ്ട്. ബലാത്സംഗം പോലെ ക്രൂരമാണ് സിനിമാക്കഥ പോലുള്ള വ്യാജ ആരോപണം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
◾ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവന്‍ പൊലീസും ചീത്ത കേള്‍ക്കേണ്ടി വരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന് യോഗത്തിനിടെ സ്പീക്കര്‍ പറഞ്ഞു.
◾എല്‍ഡിഎഫിന്റെ രാജ്ഭവന് മാര്‍ച്ചില്‍, ഹാജര്‍ ഉറപ്പു നല്കി ഉദ്യോഗസ്ഥരെ രംഗത്തിറക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹര്ജിക്കാരന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു.
◾ഇന്നത്തെ രാജ്ഭവന് മാര്‍ച്ചോടെ കേരളത്തിന്റെ മനസ് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ നിയമപരമായി ഒപ്പിട്ടേ മതിയാകൂവെന്നും ഗോവിന്ദന് പറഞ്ഞു.
◾ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് താന്‍ ശ്രമിച്ചതെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസിലെ പ്രസംഗമാണു വിവാദമായത്. എതിര് ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചതെന്നു സുധാകരന്.
◾ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയക്കു വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്മേഷവാനായി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്. ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.
◾എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും. സ്വിഗ്ഗി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാലു കിലോമീറ്ററിനുള്ളിലെ വിതരണ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.
◾സിപിഎം പ്രവര്‍ത്തകനായ ആനാവൂര്‍ നാരായണന് നായര്‍ വധക്കസില്‍ ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. മൂന്നു പ്രതികള്‍ ഒരു ലക്ഷം രൂപ വീതവും രണ്ടുപ്രതികള്‍ അമ്പതിനായിരം രൂപ വീതവും പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനില്‍, നാലാം പ്രതി ഗിരീഷ് കുമാര്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.
◾നെഹ്റു വര്‍ഗീയതയോടു സന്ധിചെയ്തെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന അപകടകരമാണെന്നു സിപിഎം. സുധാകരന് നെഹ്റുവിനെ പോലും വര്‍ഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റാനാണു ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
◾വിഭജനത്തിനു ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണ നൈപുണ്യമാണെന്ന് എ.കെ. ആന്റണി. മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദത്തെ അദ്ദേഹം ചെറുത്തു. ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നെഹ്റു വഹിച്ച പങ്ക് വളരെ വലുതാണെന്നും ആന്റണി ചൂണ്ടികാട്ടി. കെപിസിസി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു ആന്റണി.
◾കഠിനാധ്വാനത്തിലൂടെയാണു വളര്‍ന്നതെന്ന് സോഷ്യല്‍ മീഡിയാ താരങ്ങള്‍. കൊച്ചിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് സംഗമമായ ‘ട്രെന്‍ഡ് സെറ്റേഴ്സി’ല്‍ സംസാരിച്ച നൂറിലേറെ താരങ്ങളും അനുഭവങ്ങള്‍ പങ്കുവച്ചു. കേരള കൗമുദി ദിനപത്രവും പ്രാണ ഇന്‍സൈറ്റും ചേര്‍ന്നു ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ഫ്രാങ്കോ ലൂയിസ്, ജോയ് മണ്ണൂര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. ഹാരിസ് അമീറലി, ജയരാജ് ജി നാഥ്, ഉണ്ണിമായ തുടങ്ങിയവര്‍ക്കു പുരസ്കാരം സമ്മാനിച്ചു.
◾കേരള കോണ്‍ഗ്രസ് എം ഓഫിസിലെ സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് (77) മരിച്ചത്.
◾വിസ തട്ടിപ്പു കേസില്‍ വീട്ടമ്മ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പൂമീന്‍പൊഴിക്കു സമീപം ശരവണ ഭവനില്‍ ശശികുമാറിന്റെ ഭാര്യ രാജി മോളാണ് (38) അറസ്റ്റിലായത്. നൂറോളം പേരില്‍നിന്ന് അമ്പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെ വാങ്ങി തട്ടിപ്പു നടത്തിയെന്നാണു കേസ്. പണം നല്കിയവര് പരാതിയുമായി പോലീസ് സ്റ്റേഷന് മുന്നില്‍ കഴിഞ്ഞ ദിവസം തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു.
◾കായംകുളം ജലോത്സവത്തിന് തുഴച്ചില്‍ക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. ചിറക്കടവം മുറിയില്‍ മാളിക പടീറ്റതില്‍ വീട്ടില്‍ യൂസഫ് മകന് സുധീര്‍ (32) നെയാണ് അറസ്റ്റ് ചെയ്തത്.
◾പത്തനംതിട്ട കടമ്പനാട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച മൂന്നു പേരെ പൊലീസ് പിടികൂടി. കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോണ്സണ്, രാധാകൃഷ്ണപിള്ള എന്നിവരാണ് പിടിയിലായത്. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അടിപിടി ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരുടെ സംഘമാണ് കുട്ടികളെ മര്‍ദ്ദിച്ചത്.
◾ആലപ്പുഴ പാതിരപ്പള്ളി പെട്രോള്‍ പമ്പില്‍ പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദിച്ചയാളെ പോലീസ് പിടികൂടി. മുകേഷിനെ മര്‍ദിച്ചതിന് കളപ്പുര സ്വദേശി ശ്രീരാഗിനെയാണു പിടികൂടിയത്.
◾കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ സംസ്കാരത്തിനൊപ്പം നില്‍ക്കണം. മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് കുട്ടിക്കാലം. കുട്ടികളുടെ വിശുദ്ധിയും നിഷ്കളങ്കതയുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നും ഇന്നലെ നല്കിയ ശിശുദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
◾മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 8.39 ശതമാനമായി കുറഞ്ഞു.
◾രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായ നാലു ശ്രീലങ്കന്‍ സ്വദേശികളെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ട്രിച്ചിയിലെ ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ കഴിയുന്ന ഇവരെ 10 ദിവസത്തിനകം തിരിച്ചയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ട്രിച്ചി കളക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. മോചിതരായ മുരുകന്, ശാന്തന്, റോബര്‍ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുക. ഭര്‍ത്താവ് മുരുകനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അപേക്ഷിക്കുമെന്നു നളിനി പറഞ്ഞിരുന്നു.
◾ജയിലില്‍ കഴിയുന്ന പിഎഫ്ഐ സ്ഥാപക ചെയര്മാന് അബൂബക്കറിനെ എയിംസിലേക്കു മാറ്റും. എന്‍ഐഎ ഡല്‍ഹി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അര്‍ബുദ രോഗബാധിതനായ അബൂബക്കര്‍ 54 ദിവസമായി തിഹാര്‍ ജയിലിലാണ്. അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
◾ഡല്‍ഹി സര്‍ക്കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ മലയാളി ബിസിനസുകാരന് വിജയ് നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നേരത്തെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്. ആം ആദ്മി പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവിയാണ് വിജയ് നായര്‍.
◾ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് അക്രമവുമായി നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാവ് ഭരത്സിങ് സോളങ്കിയുടെ പോസ്റ്ററുകള്‍ കത്തിച്ചു. സിറ്റിയിലെ ജമാല്‍പൂര്‍ ഖാദിയ സീറ്റില്‍ സിറ്റിംഗ് എംഎല്‍എ ഇമ്രാന് ഖേദാവാലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
◾ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, 11 പ്രാദേശിക ബിജെപി നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രോഹിണിയിലെ 53 ാം വാര്‍ഡില്‍ നിന്നുള്ള 11 ബിജെപി നേതാക്കളാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് ചുവടുമാറിയത്.
◾അമ്പതു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്റര്‍ 4,400 കരാര്‍ തൊഴിലാളികളെകൂടി പിരിച്ചുവിട്ടു. ഇലോണ്‍ മസ്ക് ഏറ്റെടുത്തശേഷം 3,800 ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചു വിട്ടിരുന്നു.
◾രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് ടേബിള്‍ ടെന്നിസ് താരം ശരത് കമല്‍ അചന്ത അര്‍ഹനായി. മലയാളി ബാഡ്മിന്റണ്‍ താരമായ എച്ച്.എസ് പ്രണോയിയും ട്രിപ്പിള്‍ ജമ്പ് താരമായ എല്‍ദോസ് പോളും അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായി. ഇന്നലെയാണ് ദേശീയ കായിക മന്ത്രാലയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
◾ഒളിംപ്യന്മാരായ എം.സി മേരി കോം, പി.വി സിന്ധു, ശിവ കേശവന് എന്നിവരുള്‍പ്പെടെ 10 പ്രമുഖ കായികതാരങ്ങള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷന് അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മീരാഭായ് ചാനു, ഗഗന് നാരംഗ്, അചന്ത ശരത് കമാല്‍, റാണി രാംപാല്‍, ഭവാനി ദേവി, ബജ്റംഗ് ലാല്‍, ഓം പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
◾ഖത്തര്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് ആഡംബര താമസ സൗകര്യങ്ങളുമായി ക്രൂയ്സ് ഷിപ്പുകളും. എംഎസ് സി യൂറോപ്പയുടെ മൂന്നു ആഡംബര കപ്പലുകളാണ് ദോഹ തുറമുഖത്തുള്ളത്. 22 നിലകളുള്ള കപ്പലില്‍ 6,762 യാത്രക്കാര്‍ക്കു താമസിക്കാം. ആറ് നീന്തല്‍ക്കുളങ്ങളും 13 റെസ്റ്റോറന്റുകളും ഗെയിം സ്റ്റേഷനുകളുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ ഭാര്യമാര്‍ ഈ കപ്പലില്‍ റൂമുകള്‍ ബുക്കു ചെയ്തു. 28,000 രൂപയാണ് ഒരുദിവസത്തെ മുറിവാടക. ലക്ഷ്വറി സ്യൂട്ടുകള്‍ക്ക് എണ്‍പതിനായിരം രൂപ.
◾രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. ഒക്ടോബറില്‍ 8.39 ശതമാനമായാണ് കുറഞ്ഞത്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു. മെയ് മാസത്തിലാണ് റെക്കോര്‍ഡ് ഉയരത്തില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്. ധാതു എണ്ണയുടെയും ലോഹങ്ങളുടെയും അടക്കം വില കുറഞ്ഞതാണ് ഒക്ടോബറിലെ പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറില്‍ 8.08 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 6.48 ശതമാനമായി കുറഞ്ഞു.
◾ഒക്ടോബറില്‍ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയര്‍ന്നു. 3.4 ദശലക്ഷം ഇടപാടുകളാണ് പേടിഎം നടത്തിയിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പ വിതരണം 2021 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 387 ശതമാനം വര്‍ദ്ധിച്ചു. പേടിഎം സൂപ്പര്‍-ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരുന്നത്. രാജ്യത്തുടനീളം ഇപ്പോള്‍ 5.1 ദശലക്ഷത്തിലധികം ഉപാഭോക്താക്കള്‍ സബ്സ്ക്രിപ്ഷന് നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ മര്‍ച്ചന്റ് പേയ്മെന്റ് 42 ശതമാനം ഉയര്‍ന്ന് 1.18 ലക്ഷം കോടി രൂപയായി. പേടിഎമ്മിന്റെ ഏകീകൃത വരുമാനം 1,914 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2021 ല്‍ ഇത് 1,086.4 കോടി രൂപയായിരുന്നു.
◾നിരഞ്ജ് മണിയന് പിള്ളയെ നായകനാക്കി സാജന് ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹനം’ എന്ന ചിത്രത്തിലെ ട്രെയ്ലര് പുറത്തെത്തി. ഒരു വിവാഹം പശ്ചാത്തലമാക്കിയുള്ള ആക്ഷേപഹാസ്യമാണ് ചിത്രമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന് ആര് ചന്ദ്, സാജന് ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ, സാബുമോന്, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്.
◾കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തളര്‍ന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാന് അതിഥി വേഷത്തില്‍ എത്തുന്നു. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. സുജാത എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷം രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
◾ബിവൈഡിയുടെ ഇലക്ട്രിക് എസ്യുവി ആറ്റോ 3 വിപണിയിലെത്തി. 33.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒറ്റ വകഭേദത്തിലായി നാലു നിറങ്ങളില്‍ ലഭിക്കുന്ന എസ്യുവിക്ക് ഇതുവരെ 1500 ബുക്കിങ്ങുകള്‍ ലഭിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 500 വാഹനങ്ങള്‍ ജനുവരിയില്‍ വിതരണം ചെയ്യും. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന 60.48 കി.വാട്ട്്് ബാറ്ററിയാണ് വാഹനത്തില്‍. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.3 സെക്കന്‍ഡ് മാത്രം മതി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 50 മിനിറ്റ് മാത്രം മതി.
◾സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍നിന്നും ഗതകാലസ്മൃതികളെ മാധവന് പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോള്‍
തീക്ഷണവും ആവേശജനകവുമായൊരു പഴയകാലം പുനഃസൃഷ്ടിക്കപ്പെടുന്നു. ഒരമ്മയുടെ ഗൃഹാതുരമായ ഓര്‍മകള്‍ മകന് എഴുതുന്നു. ‘അമ്മയുടെ ഓര്‍മ്മപ്പുസ്തകം’. മാതൃഭൂമി ബുക്സ്. വില 297 രൂപ.
◾ദേഹത്തെ ചൊറിച്ചില്‍ അലര്‍ജി പ്രതികരണം കൊണ്ട് മാത്രമല്ല പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം കൊണ്ടും വരാമെന്ന് വിദഗ്ധര്‍. അതുകൊണ്ടുതന്നെ ചൊറിച്ചിലിനെ അവഗണിക്കരുതെന്ന് അര്‍ബുദരോഗ വിദഗ്ധന്മാര് പറയുന്നു. അടിവയറ്റില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ദഹനസംവിധാനത്തിന്റെ ഭാഗമായ അവയവമാണ് പാന്‍ക്രിയാസ്. ഇവിടെ ഉല്പാദിപ്പിക്കുന്ന ദഹനരസങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിച്ച് ഊര്‍ജോര്‍പാദനം നടത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും പാന്‍ക്രിയാസില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു. കരളില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ബൈലും പാന്‍ക്രിയാറ്റിക് ദഹനരസങ്ങളും ഒരേ നാളിയിലൂടെ ചെറുകുടലിലേക്ക് എത്തി ദഹനത്തെ സഹായിക്കുന്നത്. പാന്‍ക്രിയാസിസില്‍ ഉണ്ടാകുന്ന അര്‍ബുദം കരളില്‍ നിന്നുള്ള ബൈലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് മൂലം ബൈലിലെ മഞ്ഞ നിറത്തിലുള്ള ബിലിറൂബിന്‍ ശരീരത്തില്‍ കെട്ടിക്കിടന്നാണ് ദേഹമാസകലം ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. ഇത് മഞ്ഞപിത്തത്തിനും ചര്‍മത്തിന്റെയും കണ്ണുകളുടെയും നിറം മാറ്റത്തിനും കാരണമാകാം. ചെറിച്ചിലിന് പുറമേ അടിവയറ്റില്‍ തുടങ്ങി പുറം ഭാഗത്തേക്ക് പടരുന്ന അസ്വസ്ഥത, വിശപ്പില്ലായ്മ, ഭാരനഷ്ടം, മൂത്രത്തിന്റെ നിറം മാറ്റം, ക്ഷീണം, രക്തത്തില്‍ ക്ലോട്ടുകള്‍ തുടങ്ങിയവും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. പുകവലി, പുകയില ഉല്പന്നങ്ങളുടെ ഉപയോഗം, അമിതവണ്ണം, പ്രമേഹം, ജനിതക മാറ്റങ്ങള്‍ എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.
*ശുഭദിനം*
*കവിത കണ്ണന്*
അന്ന് രാവിലെ മുറ്റത്തിറങ്ങിയപ്പോഴാണ് തന്റെ പൂന്തോട്ടത്തില്‍ വെച്ചിരുന്ന കോടാലി കാണാതായ വിവരം അയാള്‍ തിരിച്ചറിഞ്ഞത്. അടുത്തവീട്ടിലെ കുട്ടി തലേദിവസം അവിടെ കളിച്ചിരുന്നത് അയാള്‍ ഓര്‍ത്തു. അവന് തന്റെ കോടാലി എടുത്തിരിക്കും എന്ന നിഗമനത്തില്‍ അയാള്‍ എത്തി. അപ്പോള്‍ മുതല്‍ അയാള്‍ക്ക് അവനെ സംശയമായി. അയാള്‍ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്റെ നോട്ടത്തില്‍ കള്ളലക്ഷണം ഉണ്ട്. സംസാരഭാഷയിലും ശരീരഭാഷയിലും അവന് കള്ളന് തന്നെയാണ്. എങ്കിലും നേരിട്ട് ചോദിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീടിന്റെ പിന്‍വശത്തുനിന്നും അയാള്‍ക്ക് കോടാലി കിട്ടി. അപ്പോള്‍ മുതല്‍ അയല്‍വീട്ടിലെ കുട്ടിയുടെ കള്ളന്റെ രൂപവും ഭാവവും നഷ്ടമായി. സ്വന്തം വ്യാഖ്യാനങ്ങളുടെ ഭ്രമണപഥത്തില്‍ നിന്ന് അപരന്റെ ജീവിതത്തെ വിധിക്കുന്നത് അവന്റെ അന്തസ്സിനോടുള്ള അവഹേളനമാണ്. എന്താണോ വിശ്വസിക്കാനിഷ്ടം അതാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്ത് ചിന്തിച്ചു സമാധാനിക്കാനാണോ ആഗ്രഹിക്കുന്നത് അങ്ങോട്ടാണ് ചിന്തകള്‍ സഞ്ചരിക്കുന്നത്. ഒരാളെ അയാളറിയാതെ ആരോപണങ്ങളുടെ സംശയദൃഷ്ടിയില്‍ നിര്ത്തുന്നതിനേക്കാള് ഭേദം അയാളെ വധിക്കുന്നതാണ്. സംശയിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമാണ് മാന്യതയോടെ ജീവിക്കാനുളള അവകാശം. മറ്റുള്ളവരെ വിധിക്കുമ്പോള്‍ ഇതൊന്ന് മനസ്സില്‍ ഓര്‍ത്തുവെയ്ക്കാം – ശുഭദിനം.