ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യത്തിലും സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന ‘ബിറ്റ്ചാറ്റ്’ ആപ്പിന്റെ റിപ്പോസിറ്ററികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗിറ്റ്ഹബിന് നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ നെറ്റ്വര്‍ക്കുകളോ ഇന്റര്‍നെറ്റോ സെന്‍ട്രല്‍ സെര്‍വറുകളോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡീസെന്‍ട്രലൈസ്ഡ് പിയര്‍-ടു-പിയര്‍ മെസ്സേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്. ഫോണ്‍ നമ്പറോ ഇമെയിലോ നല്‍കി ബിറ്റ്ചാറ്റില്‍ അക്കൗണ്ട് തുടങ്ങേണ്ടതില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടുകയും, ഒരു ഉപയോക്താവില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങള്‍ കൈമാറപ്പെടുകയും ചെയ്യുന്നു. കേന്ദ്രീകൃത സെര്‍വറോ ഐഡന്റിറ്റിയോ ഇല്ലാത്തതിനാല്‍, ആര് ആര്‍ക്കാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താനോ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനോ സാധിക്കില്ല. അടിയന്തര ഘട്ടങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും, അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതിനും, ക്രമസമാധാന തകര്‍ച്ചയ്ക്കും ഇത്തരം ഓഫ്‌ലൈന്‍ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന് ഐ4സി ചൂണ്ടിക്കാട്ടുന്നു.
