ഇന്ത്യയില്‍ സ്മാര്‍ട് വാച്ച്, ബാന്‍ഡ് വില്പനയില് കഴിഞ്ഞ പാദത്തില്‍ റെക്കോര്‍ഡ് വില്പന. മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 3.72 കോടി സ്മാര്‍ട് വാച്ചുകളും സ്മാര്‍ട് ബാന്‍ഡുകളുമാണ് വിറ്റത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56.4 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. മുന്‍നിര സ്മാര്‍ട് വാച്ച് ബ്രാന്‍ഡ് ബോട്ട് ആണ് വില്പനയില് ഒന്നാമത്. ഐഡിസിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ സ്മാര്‍ട് വാച്ചുകള്‍ അതിവേഗം കുതിക്കുന്ന വിഭാഗമായി മാറിയിട്ടുണ്ട്. ഒരൊറ്റ പാദത്തില്‍ 1.2 കോടി സ്മാര്‍ട് വാച്ചുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 178.8 ശതമാനം വളര്‍ച്ചയാണിത് കാണിക്കുന്നത്. ബേസിക് സ്മാര്‍ട് വാച്ചുകളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. മൊത്തം വില്പനയുടെ 95.5 ശതമാനവും ബേസിക് സ്മാര്‍ട് വാച്ചുകളാണ്. എന്നാല്‍, റിസ്റ്റ്ബാന്ഡുകളുടെ വില്പന 80.8 ശതമാനം ഇടിയുകയും ചെയ്തു. സ്മാര്‍ട് വാച്ചുകളില്‍ ആരോഗ്യ നിരീക്ഷണ ഫീച്ചറുകള്‍ക്കാണ് മിക്കവരും പ്രാധാന്യം നല്‍കുന്നത്. മൂന്നാം പാദത്തില്‍ 32.1 ശതമാനം വിപണി വിഹിതവുമായി ബോട്ട് ആണ് മുന്നില്‍ നില്‍ക്കുന്നത്. 13.8 ശതമാനം വിപണി വിഹിതവുമായി നോയിസ് രണ്ടാം സ്ഥാനത്താണ്. നോയിസിന് ഇന്ത്യയിലെ വെയറബിള്‍ വിപണിയില്‍ 29.5 ശതമാനം വിഹിതമാണുള്ളത്. 8.9 ശതമാനം വിഹിതവുമായി ഫയര്‍-ബോള്‍ട്ട് മൂന്നാം സ്ഥാനത്തുണ്ട്. വണ്‍പ്ലസ് ഈ വിഭാഗത്തില്‍ 8.2 ശതമാനം വിഹിതവുമായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു. അതേസമയം, റിയല്‍മി അഞ്ചാം സ്ഥാനത്താണ്.