സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം, നിപ രോഗബാധിതൻ്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. ‘www.hscap.kerala.gov.in’ൽ അലോട്ട്മെൻ്റ് ഫലം ലഭ്യമാകും.
പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ യു.ഡി.എഫ്. സർക്കാർ രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മ. ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകർ കൊച്ചിയിൽ യോഗം ചേർന്നു. പിഎം ശ്രീക്കും എൻ.ഇ.പിക്കുമെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
താരസംഘടന അമ്മയിൽ നാടകീയ രംഗങ്ങൾ. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മറ്റിയെ ഉടൻ തീരുമാനിക്കും.
മലയാള സിനിമയിലെ താര സംഘടനയായ `അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ്.
ഓപ്പറേഷൻ തൂഫാനിൽ ഓൺലൈൻ ഡെലിവറിക്കാർക്കടക്കം കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരിവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.സർക്കാരിന്റെ വീഴ്ച്ച അല്ല ഇത്. രാജ്യത്തൊട്ടാകെ മഴ കുറവുണ്ടെന്നും കേരളത്തിലും മഴ കുറവാണെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഗുരുനാഥൻമണ്ണ് സ്വദേശി ജോർജ്ജുകുട്ടി, ബാബു, അലകസ് എന്നിവരാണ് പിടിയിലായത്.
പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റുഗാർഡും നേവിയും സംയുക്തമായി നടത്തിയ തെരച്ചിലാണ് ബാംഗ്ലൂർ സ്വദേശി സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന രണ്ട് പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കും.
വീര്യം കുറഞ്ഞ മദ്യവുമായി യുഡിഎഫ് മുന്നോട്ട് പോകുന്നതിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് കെടി ജലീൽ. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നതിനെ മുസ്ലിം ലീഗ് എതിർക്കാതിരുന്നതോടെയാണ് പരിഹാസവുമായി ജലീൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
തൃശൂർ സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് സ്ത്രീകളടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്ററും വെള്ളാപ്പള്ളി നടേശന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ കെകെ മഹേശന്‍റെ ആത്മഹത്യയിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് ആഭ്യന്തര വകുപ്പ്. വിഎം സുധീരൻ നൽകിയ പരാതിയിൽ തുടർനടപടിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രിക്ക് മൗനം.
തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം. സെന്റ് പീറ്റേർസ് പോൾ സീ ഫുഡ് എക്സ്പോട്ട്സ് കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഏഴ് പേർക്ക് ജീവൻ നഷ്ടമായി. മരണപ്പെട്ടവരെല്ലാം സ്ത്രീ തൊഴിലാളികളാണ്. 64 പേരെ ചെന്നെയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സംസ്ഥാന ബജറ്റിലെ രണ്ട് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ളതും, കരിമണൽ ഖനനത്തിന് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായ നിർദ്ദേശങ്ങൾ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വിരുദ്ധമെന്ന് മുന്നറിയിപ്പ്
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 30 കൊല്ലമായി വി എം സുധീരൻ തന്നെ വേട്ടയാടുകയാണെന്നും, സിബിഐയും സുപ്രീം കോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തേക്കെന്ന് സ്ഥിരീകരിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ വിമത എംപിമാരിൽ ഒരാളുടെ സ്ഥിരീകരണം. ഹിംഗോളിയിൽ നിന്നുള്ള നാഗേഷ് പാട്ടീൽ അഷ്ടിക്കർ എംപി ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചത്.
വിജയിന്റെ രാഷ്ട്രീയ മുന്നേറ്റം തടയാൻ ബദ്ധവൈരികളായ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് ഡിഎംകെ. ഇരുപാർട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും, സിപിഎം-സിപിഐ സഖ്യ മാതൃകയിൽ ഒന്നിക്കാമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു
പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയിൽ അമേരിക്കയിലും ഇസ്രായേലിലും ഭരണനേതൃത്വത്തോട് അതൃപ്തിയെന്ന് സർവേകൾ. രണ്ട് വ്യത്യസ്ത സർവേകളിലാണ് കണ്ടെത്തൽ.യുദ്ധത്തിൻ്റെ ഫലം പ്രതികൂലമായെന്ന് 86 ശതമാനം പേരും കരുതുന്നതായി സർവേയിലുണ്ട്.
ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ “ഞാനാണ് ബോസ്” (I’m the boss) എന്ന പരാമർശം വെറുമൊരു തമാശ മാത്രമായിരുന്നെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ദി ആക്സിയോസ് ഷോ’ (The Axios Show) എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 15 മുതൽ അബുദാബിയിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും, ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും വെള്ളിക്കട്ടികളും കാണാതായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു.
നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള വീട്ടിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ചു.തൻ്റെ യാത്രയ്ക്കായുള്ള മുന്നൊരുക്കം മൂലം ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള കരുതലെടുത്താണ് പ്രധാനമന്ത്രിയുടെ നടപടി.
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ. കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ടിക്കറ്റ് എടുക്കാതെയുള്ള യാത്രകള്‍ പൂര്‍ണ്ണമായി തടയുന്നതിനാണ് ഈ കടുത്ത നടപടിയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപായി 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോയി. 860,000 ടണ്ണിലധികം അസംസ്കൃത എണ്ണയുമായി ‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’, ‘സൻമാർ ഹെറാൾഡ്’ എന്നീ കപ്പലുകൾ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.
