◾ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാവുന്ന വിധത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മാസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കും. സ്റ്റേഷനുകളില്‍ മൂന്നാംമുറ ഇല്ലെന്ന് ഉറപ്പാക്കണം. പോലീസിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തികള്‍ സേനക്കു കളങ്കമുണ്ടാക്കുന്നു. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ നളിനി അടക്കമുള്ള ആറു പ്രതികളും ജയില്‍ മോചിതരായി. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവനുസരിച്ചു മോചിപ്പിച്ചത്.
◾ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ഇടത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നു ദേവസ്വം ബോര്‍ഡുകളോടു ഹൈക്കോടതി. ക്ഷേത്രോപദേശക സമിതികള്‍ ദേവസ്വം ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ക്കു നിര്‍ദേശം നല്‍കി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പ്രീഡിഗ്രി സമര കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടത് പൊലീസിന്റെ വീഴ്ചമൂലം. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ഗുരുതരമായ വീഴ്ച ഉണ്ടെന്നു സുപ്രീംകോടതി. വ്യവസ്ഥകള്‍ പാലിക്കാതെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയതെന്നും കോടതി.
◾തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമന കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. ക്രൈംബ്രാഞ്ച് മേയറുടെ മൊഴി നേരത്തെ എടുത്തിരുന്നു. ക്രൈംബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വിജിലന്‍സില്‍ പരാതി നല്‍കിയ കോണ്‍ണഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍നിന്നു വിജിലന്‍സ് മൊഴിയെടുത്തു.
◾രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരേ തന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ നടത്തിയ വിമര്‍ശനം ശറിയല്ലെന്നു മുന്‍ധനമന്ത്രി തോമസ് ഐസക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ ഒരു തെറ്റുമില്ല. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത് മുന്നണിയും പാര്‍ട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ ‘ഭാര്യ’ എന്ന എന്ന പദത്തിനു പകരം ‘ജീവിത പങ്കാളി’ എന്നാക്കും. അവന്‍ / അവന്റെ എന്നതിനു പകരം അവന്‍ / അവള്‍, അവന്റെ/ അവളുടെ എന്നു മാറ്റണം. അപേക്ഷ ഫോമുകളില്‍ രക്ഷിതാക്കളുടെ വിവരങ്ങള്‍ക്കും ഇടം വേണം. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഈ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
◾കരാറുകാരനില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സഹനാഥന്‍ പിടിയില്‍. കരാറുകാരനായ പി.കെ. ഭാസ്‌കരന്‍ രണ്ടു വര്‍ഷം മുമ്പ് പണിത റോഡിന് ഇരുപത് ലക്ഷം രൂപയുടെ ബില്ല് മാറാനാണ് കൈക്കൂലി വാങ്ങിയത്.
◾മൂന്നാര്‍ കുണ്ടളക്കു സമീപം പുതുക്കടിയില്‍ വിനോദ സഞ്ചാരികളുടെ ട്രാവലറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാള്‍ സഞ്ചരിച്ച വാഹനത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ട്രാവലര്‍ താഴേക്കു പതിച്ചു. തെരച്ചില്‍ നടത്തിയെങ്കിലും വാഹനത്തിലുണ്ടായിരുന്ന രൂപേഷിനെ കണ്ടെത്താനായില്ല.
◾തിരുവനന്തപുരം നിറമണ്‍കരയില്‍ ഹോണ്‍ മുഴക്കിയതിനു സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച രണ്ടുപേരെ അറസ്റ്റു ചെ്തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവര്‍ കീഴടങ്ങുകയായിരുന്നു. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എ.എസ്.ഐ മനോജിനെ സസ്പെന്‍ഡ് ചെയ്തു. കരമന എസ്.ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.
◾മില്‍മയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ലഭിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. മലബാര്‍ മേഖലാ യൂണിയന്റെ കോഴിക്കോട് ഡയറിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥിക്ക് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്.
◾തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിച്ച നോര്‍ക്ക റൂട്ട്‌സ് – കാനറാ ബാങ്ക് വായ്പാ മേളയില്‍ 175 പേര്‍ക്ക് വായ്പ അനുവദിക്കും. മേളയില്‍ 270 പ്രവാസി സരംഭകര്‍ പങ്കെടുത്തു.
◾കളമശേരി മെഡിക്കല്‍ കോളജിലെ കരാര്‍ നിയമനങ്ങളില്‍ ക്രമക്കേട്. ദിവസ വേതനക്കാരുടെ ഒഴിവില്‍ കുടുംബശ്രീ നല്‍കിയ പട്ടികയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ആക്ഷേപം. കുടുംബശ്രീ പട്ടിക കളമശേരി മുന്‍സിപ്പാലിറ്റി റദ്ദാക്കി.
◾ഗുരുവായൂരില്‍ റോഡിലെ കുഴികള്‍ക്കെതിരേ നടന്‍ ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഓട്ടന്‍തുള്ളല്‍ കളിച്ച് പ്രതിഷേധിച്ചു. കുഴിയില്‍ വീണ് കിടപ്പിലായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹമീദിനെ ആംബുലന്‍സില്‍ സ്ഥലത്തെത്തിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
◾ബത്തേരി ബീനാച്ചിയില്‍ കടുവയുടെ ആക്രമണം. വളര്‍ത്തു മൃഗങ്ങളെ കൊന്നു. കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്.
◾അയല്‍വാസിയെ ഉപദ്രവിച്ച കേസില്‍ പിടികൂടിയ പ്രതി ആര്യനാട് പൊലീസ് സ്റ്റേഷനിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടില്‍ മോനി ജോര്‍ജ് (50), ആര്യനാട് തൂമ്പുംകോണം മരുതുംമൂട് വീട്ടില്‍ മനോജ് എന്ന ജെ.രാജീവ് (33) എന്നിവരെയാണ് പിടികൂടിയത്. കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കൈകൊണ്ടിടിച്ച് ചില്ലു തകര്‍ത്ത മോനി ജോര്‍ജിനെതിരേ വേറേയും കേസെടുത്തു. അതേസമയം മോനി ജോര്‍ജിനെ ആക്രമിച്ചതിന് വിനീഷ്, വിഷ്ണു, കിരണ്‍, ബൈജു എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
◾കുന്നംകുളത്ത് എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷത്തില്‍ നാല് കെ എസ് യൂ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദില്‍, റിസ്വാന്‍ ചിറമനങ്ങാട് സ്വദേശി അബ്ദുല്‍ മജീദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്‌കൂളിന് സമീപമായിരുന്നു സംഘര്‍ഷം.
◾അമേരിക്കയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഹൃദയാഘാതത്തെതുടര്‍ന്ന് അമേരിക്കന്‍ മലയാളി മരിച്ചു. പന്തളം മണ്ണില്‍ മനോരമ ഭവനില്‍ പരേതനായ എം.കെ തോമസിന്റെ മകന്‍ മാത്യു തോമസാണ് (ബാബു- 72) മരിച്ചത്. അമേരിക്കയില്‍നിന്ന് ദോഹ വഴി വരുന്നതിനിടയില്‍ ദോഹ – കേരള റൂട്ടിലാണ് ഹൃദയാഘാതമുണ്ടായത്.
◾ടോറസിടിച്ച് ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു. മലപ്പുറം വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് മരിച്ചത്. സഹയാത്രിക പാലത്തിങ്കല്‍ ഗ്രീഷ്മ (32) യ്ക്കു പരിക്കേറ്റു.
◾മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിച്ചതിന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
◾തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്. ക്ഷണിക്കാത്തതിനെച്ചൊല്ലി ഒരാള്‍ പെണ്‍കുട്ടിയുടെ അച്ഛനുമായി തര്‍ക്കിച്ചതിനൊടുവിലാണ് അടിപിടിയുണ്ടായത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം ഇടപെട്ടതോടെ കൂട്ടത്തല്ലായി മാറി.
◾പാലക്കാട് അഞ്ചുമൂര്‍ത്തി മംഗലത്ത് ദീപാവലിക്കു പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്തു. മണികണ്ഠനെ മര്‍ദിച്ചെന്ന കേസില്‍ അയല്‍വാസി റഹ്‌മത്തുള്ളയ്ക്കെതിരേയാണു കേസ്.
◾കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ സ്‌കൂളില്‍ തൂങ്ങി മരിച്ചു. നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ചത്.
◾കൊടുങ്ങല്ലൂരില്‍ കാറിന്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂര്‍ വീട്ടില്‍ അഖിലിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അരലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. കളമശേരിയില്‍ വടകയ്ക്കു താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം പോലീസിന്റെ പിടിയിായത്.
◾പത്തനംതിട്ട കൊടുമണ്ണില്‍ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയില്‍ ജോസ് മരിച്ചു. മദ്യപിച്ചെത്തിയ ജോസ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു.
◾മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. വീടിന്റെ ഓടു പൊളിച്ച് അകത്തു കയറിയാണ് ആസിഡാക്രമണം നടത്തിയത്.
◾ഇന്ത്യ പതിനഞ്ചു വര്‍ഷത്തിനകം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയിലെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യ യുകെയെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് ഈയിടെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
◾അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി ഏഴു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ഹിമാചല്‍ പ്രദേശിലെ പോളിംഗില്‍ വന്‍ ഇടിവ്. 67 ശതമാനം പേരാണു വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. ഡിസംബര്‍ എട്ടിനാണു വോട്ടെണ്ണല്‍.
◾ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി.
◾തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും കുടുംബ രാഷ്ട്രീയവുമാണ് തെലങ്കാനയില്‍ നടക്കുന്നത്. അന്ധവിശ്വാസവും പരദൂഷണവും അധിക്ഷേപങ്ങളും വളര്‍ത്തുന്നവരെ ജനങ്ങള്‍ തിരസ്‌കരിക്കും. ഇത്രയും പണിയെടുത്തിട്ടും തളരുന്നില്ലേയെന്നു ചോദിക്കുന്നവരുണ്ട്. ദിവസവും രണ്ടു മൂന്നു കിലോ ‘അധിക്ഷേപങ്ങള്‍’ പോഷകാഹാരമാകുന്ന തരത്തില്‍ ദൈവം അനുഗ്രഹിച്ചിട്ടുണ്ടെന്നാണു മറുപടി നല്‍കാറെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
◾സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണത്തിനെതിരേ രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ആര്‍ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പണ്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഫോര്‍വേര്‍ഡ് ബ്ളോക്ക് നേതാവ് ദേവരാജന്‍ എന്നിവരും പങ്കെടുത്തു.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനു വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയിലേക്ക് വരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ. പോരാടാന്‍ ധൈര്യമില്ലാത്തവര്‍ മാത്രമേ ബിജെപിയിലേക്ക് പോകൂ എന്നു തിരിച്ചടിച്ച് ശശി തരൂര്‍.
◾ദുബായില്‍നിന്ന് വിലകൂടിയ വാച്ചുകളുമായി എത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചശേഷമാണ് പുറത്തു പോകാന്‍ അനുവദിച്ചത്.
◾നാഗര്‍കോവിലില്‍ ബിഎസ്എഫ് ജവാന്റെ മരണാനന്തരം ഭാര്യയ്ക്കു ലഭിച്ച ധനസഹായം അവകാശപ്പെട്ടുള്ള തര്‍ക്കത്തിനിടെ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ തലയ്ക്കടിച്ചു കൊന്നു. നാഗര്‍കോവില്‍ മണക്കര അവരിവിളാകം ദുര്‍ഗ(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ പിതാവ് ആറുമുഖ പിള്ള (78), ഇളയ സഹോദരന്‍ മധു (42) എന്നിവരെ അറസ്റ്റ് ചെയ്തു. ദുര്‍ഗയുടെ ഭര്‍ത്താവ് അയ്യപ്പ ഗോപു ബിഎസ്എഫ് ജവാനായിരുന്നു.
◾തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചെന്നൈയില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാരിസ് കോര്‍ണറില്‍ സ്ഥിതി ചെയ്യുന്ന ബര്‍മാ ബസാറിലെ ഒരേ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന 20 വയസുകാരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സാഹിര്‍ ഹുസൈന്‍, നവാസ് , നാഗൂര്‍ മീരാന്‍ എന്നിവരാണു പിടിയിലായത്.
◾മഹാരാഷ്ട്രയിലെ താനെയില്‍ കള്ളനോട്ടു വേട്ട. എട്ടു കോടി രൂപയ്ക്കു തുല്യമായ രണ്ടായിരത്തിന്റെ 400 കെട്ട് കള്ളനോട്ടുകള്‍ പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി.
◾മരിച്ചയാളെ പുനര്‍ജീവിപ്പിക്കാന്‍ നരബലി നടത്താന്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗാര്‍ഹി മേഖലയിലാണു സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 25 കാരി യുവതി പിടിയിലായത്. അമര്‍ കോളനി കോട്ല മുബാറക്പൂര്‍ പ്രദേശത്ത് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്.
◾എല്‍ഐസിയുടെ ലാഭത്തില്‍ വന്‍ വര്‍ധന. രണ്ടാം പാദവാര്‍ഷികം അവസാനിച്ചപ്പോള്‍ 15,952 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,434 കോടി രൂപയായിരുന്നു ലാഭം. പ്രീമിയം വരുമാനം 27 ശതമാനം വര്‍ധിച്ചു. അക്കൗണ്ടിംഗ് നയം മാറ്റിയതിനെത്തുടര്‍ന്ന് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു.
◾അമേരിക്കയുടെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ നീക്കം ചെയ്തു. ഇന്ത്യയ്‌ക്കൊപ്പം ഇറ്റലി, മെക്‌സിക്കോ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും പട്ടികയില്‍നിന്ന് ഒഴിവാക്കി. ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍ എന്നിവയാണ് നിലവില്‍ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റിലുള്ളത്.
◾ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സി ക്ക് മുഹമ്മദന്‍സിനെതിരെ വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിയെ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് മുംബൈ സിറ്റി എഫ് സി. രണ്ടുഗോളുകള്‍ക്ക് പിറകിലായതിന് ശേഷമാണ് മുംബൈ തിരിച്ചുവന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും സമനിലയുമായി രണ്ടാം സ്ഥാനത്താണ് മുംബൈ.
◾ട്വന്റി ലോകകപ്പില്‍ ഇന്ന് കലാശക്കളി. മെല്‍ബണില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും. മത്സരത്തിന് മഴ ഭീഷണി. മത്സരം ഇന്ന് നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളെ മത്സരം നടത്തും.
◾രാജ്യത്തെ വ്യവസായ ഉല്‍പാദന വളര്‍ച്ചയില്‍ നേട്ടം. ആഗസ്റ്റില്‍ 18 മാസത്തെ താഴ്ചയായ നെഗറ്റീവ് 0.7 ശതമാനമായിരുന്ന വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച സെപ്തംബറില്‍ പോസിറ്റീവ് 3.1 ശതമാനമായി. ഉല്‍പാദനം, ഖനനം, ഊര്‍ജ മേഖലകള്‍ കൈവരിച്ച വളര്‍ച്ചയാണ് കാരണം. ഓഗസ്റ്റില്‍ വളര്‍ച്ചയില്‍ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉല്‍പാദന രംഗം 1.8 ശതമാനം, ഊര്‍ജ മേഖല 11.6 ശതമാനം നേട്ടം ഉണ്ടാക്കി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ വളര്‍ച്ച 7 ശതമാനം. 2021-2022 ഇതേ കാലയളവില്‍ ഇത് 23.8 ശതമാനമായിരുന്നു. സാമ്പത്തികവിദഗ്ദ്ധര്‍ ഇക്കുറി സെപ്തംബറില്‍ പ്രതീക്ഷച്ചിരുന്ന ഐ.ഐ.പി വളര്‍ച്ച 2.3 ശതമാനം വരെയായിരുന്നു. ആഗസ്റ്റില്‍ 1.4 ശതമാനം വളര്‍ച്ച വൈദ്യുതോത്പാദനം 11.6 ശതമാനത്തിലേക്കും ഖനനം നെഗറ്റീവ് 3.9 ശതമാനത്തില്‍ നിന്ന് പോസിറ്റീവ് 4.6 ശതമാനത്തിലേക്കും മുന്നേറിയതാണ് സെപ്തംബറില്‍ കരുത്തായത്.
◾ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകള്‍ ഒരുമിപ്പിച്ച് 5,000 പേര്‍ക്കു വരെ ഒരേസമയം അറിയിപ്പു നല്‍കാന്‍ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. 50 ഗ്രൂപ്പുകള്‍ വരെ ഒരു കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചു ലഭിക്കേണ്ട സന്ദേശം അയയ്ക്കാന്‍ ഈ കമ്യൂണിറ്റിയില്‍ അനൗണ്‍സ്മെന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. നിലവില്‍ അതതു ഗ്രൂപ്പില്‍ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. ഫീച്ചര്‍ ലഭ്യമാകാന്‍ വാട്സാപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.
◾ലോക സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 16-ന് ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ തിയറ്ററില്‍ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു.
◾സിനിമയില്‍ 17 വര്‍ഷം തികയ്ക്കുന്ന വേളയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലെ നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡിലെ സൂപ്പര്‍താരം ഷാഹിദ് കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരേയും വെളിപ്പെടുത്തി. ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് സന്തോഷം അറിയിച്ചത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹുസൈന്‍ ദലാല്‍ ആണ് സംഭാഷണം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. നവംബര്‍ 16നു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും.
◾ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന് പിന്നാലെ ഗ്രാന്‍ഡ് വിറ്റാരയ്ക്കും സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി. പെട്രോള്‍, സ്ട്രോങ് ഹൈബ്രിഡ്, സിഎന്‍ജി എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന ആദ്യ മാരുതി വാഹനവും വിറ്റാര തന്നെയായിരിക്കും. വിറ്റാര സിഎന്‍ജിയെ കൂടാതെ ചെറു എസ്യുവി ബ്രെസയുടെ സിഎന്‍ജി പതിപ്പു മാരുതി സമീപ ഭാവിയില്‍ വിപണിയിലെത്തിക്കും. അടുത്തിടെ വിപണിയിലെത്തിയ മാരുതി സുസുക്കി എക്സ്എല്‍ 6 സിഎന്‍ജിയുടേതിന് സമാനമായ 1.5 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 88 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും.ഹൈറൈഡറുടെ എസ്, ജി വകഭേദങ്ങളിലായി സിഎന്‍ജി ചുരുങ്ങുമെങ്കില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ അടിസ്ഥാന വകഭേദങ്ങള്‍ മുതല്‍ സിഎന്‍ജി പതിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ മോഡലിനെക്കാള്‍ 75000 രൂപ മുതല്‍ 95000 രൂപ വരെ ഉയര്‍ന്ന വിലയായിരിക്കും സിഎന്‍ജി പതിപ്പിന്.
◾വേരാഴങ്ങള്‍, വാക്കുകള്‍ക്കതീതമായൊരു വായനാലോകം തുറന്നിടുന്ന പുതു കവിതയുടെ മുദ്രകള്‍ പതിഞ്ഞ കവിതകളുടെ സമാഹാരമാണിത്. മരണവും ജീവിതവും പ്രണയവും വിരഹവുമൊക്കെ ചേര്‍ന്നുള്ള കെട്ടുപിണച്ചില്‍ ഈ കവിതകളില്‍ കാണാം. കുഞ്ഞു കവിതകളാണിതിലേറെയും. കാലിക പ്രാധാന്യമുള്ള പ്രമേയങ്ങളെ അധികരിച്ചെഴുതിയ മുപ്പത്തി ഒമ്പത് കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ‘വേരാഴങ്ങള്‍’. ശ്രീജ നടുവം. ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ്. വില 80 രൂപ.
◾പാലുത്പന്നങ്ങള്‍ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. ശരാശരി 61.8 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങള്‍ – മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുത്പന്നങ്ങളുടെ ഉപഭോഗം എന്നിങ്ങനെ വിശകലനം ചെയ്ത ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പാലുത്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രത്യേകിച്ച്, വെണ്ണ കഴിക്കുന്ന ആളുകള്‍ക്ക് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാകാന്‍ ചീസ് പ്രേമികളേക്കാള്‍ സാധ്യത കൂടുതലാണ്. പാലുത്പന്നങ്ങളിലെ ഉയര്‍ന്ന പൂരിത കൊഴുപ്പും കൊളസ്ട്രോളുമാണ് ഹൃദയത്തിന് തകരാറുണ്ടാക്കുന്നത്. ഹൃദ്രോഗിക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നേരത്തെ മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതിനാല്‍ ഉയര്‍ന്ന അളവില്‍ പാല്‍ കഴിക്കുന്നത് ഹൃദയാരോഗ്യം മോശമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാല്‍സ്യത്തിന്റെ വലിയ ഉറവിടമാണ് പാലുത്പന്നങ്ങള്‍. ഹെല്‍ത്തി ഫാറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍ ബി 12 എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന പാല്‍ ആരോഗ്യകരമായ ഉത്പന്നവുമാണ്. വെണ്ണയും ചീസും ഉയര്‍ന്ന കൊളസ്‌ട്രോളും പൂരിതമായ ട്രാന്‍സ് ഫാറ്റുകളും അടങ്ങിയവയായതിനാല്‍ അവ അനാരോഗ്യകരമായ ഭക്ഷണ വിഭാഗത്തില്‍ പെടുന്നു. 100 ഗ്രാം വെണ്ണയില്‍, മൂന്ന് ഗ്രാം ട്രാന്‍സ് ഫാറ്റ്, 215 മില്ലിഗ്രാം കൊളസ്ട്രോള്‍, 51 മില്ലിഗ്രാം പൂരിത കൊഴുപ്പ് എന്നിവയുണ്ട്. പാല്‍ താരതമ്യേന കൊഴുപ്പ് കുറഞ്ഞതാണ്. തൈര് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ല. അതിനാല്‍, ഹൃദയപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ശരീരത്തിന് അനുയോജ്യമായ പാലുല്‍പ്പന്നങ്ങള്‍ കഴിക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെല്ലാം അയാളെ വിട്ട് പോയി. തന്റെ സ്വഭാവത്തില്‍ തന്നെ ഒരു മാറ്റം കൊണ്ടുവരാന്‍ അയാള്‍ തീരുമാനിച്ചു. ഗുരുവിന്റെ അടുത്ത് തന്റെ പ്രശ്‌നം അവതരിപ്പിച്ചു. ഗുരു അദ്ദേഹത്തിന് ഒരു മരുന്ന് കൊടുത്തു. ഇത് ദേഷ്യം വരുമ്പോള്‍ വായില്‍ ഒഴിച്ച് വളരെ സാവധാനം ഇറക്കണമെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ദേഷ്യം വരുമ്പോള്‍ അയാള്‍ ഈ മരുന്ന് എടുത്ത് കഴിക്കും. പതിയെ പതിയെ അയാളുടെ ദേഷ്യം കുറഞ്ഞ് തുടങ്ങി. സുഹൃത്തുക്കളെയെല്ലാം അയാള്‍ക്ക് തിരികെ കിട്ടുകയും ചെയ്തു. അയാള്‍ നന്ദി പറയാന്‍ ഗുരുവിന്റെ അടുത്തെത്തി. അപ്പോള്‍ ഗുരു പറഞ്ഞു: ഞാന്‍ താങ്കള്‍ക്ക് തന്നത് വെറും പച്ചവെള്ളം മാത്രമാണ്. ദേഷ്യം വരുമ്പോള്‍ താങ്കള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അനുചിതമായ സമയത്ത് നടക്കുന്ന അപക്വമായ പ്രതികരണങ്ങളാണ് എല്ലാ കലഹങ്ങള്‍ക്കും കാരണം. ഓരോരുത്തരും തങ്ങളുടെ മാനസികാവസ്ഥയില്‍ നിന്നാണ് ഇടപഴകുന്നത്. ഇടപെടുന്നവരുടെ സ്വഭാവവൈശിഷ്ട്യമറിഞ്ഞ് പെരുമാറുന്നതാണ് ഉചിതം. ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്താനുളള ആദ്യപടി സ്വന്തം കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. കുറവുകളെ സ്വയം അംഗീകരിച്ചാല്‍ പിന്നെ നവീകരണ നടപടികള്‍ എളുപ്പമാകും. സമചിത്തതയാകട്ടെ നമ്മുടെ സമ്പത്ത് – ശുഭദിനം.