ചിപ്പ് നിര്‍മാണത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ ആപ്പിള്‍. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്പ്പറേഷന്, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് എന്നിവരുമായി ആപ്പിള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐഫോണുകളിലും മാക്കുകളിലും ഉപയോഗിക്കുന്ന അത്യാധുനിക 3-നാനോമീറ്റര്‍ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നത് തായ്വാന് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും എ.ഐ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മാക് കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡും ചിപ്പ് വിതരണത്തില്‍ വലിയ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ഇന്റലുമായി സഹകരിക്കുന്നത് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിച്ചേക്കാം. തായ്വാനും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്.
