ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് വാട്സ്ആപ് പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പണം സമ്പാദിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു. ഈ ഫീച്ചര്‍ വരുന്നതോടെ ചാനല്‍ ഉടമകള്‍ക്ക് തങ്ങളുടെ സബ്സ്ക്രൈബര്‍മാര്‍ക്കായി പ്രത്യേക ഉള്ളടക്കങ്ങള്‍ നല്‍കാം. ഈ വിവരങ്ങള്‍ കാണുന്നതിനായി വായനക്കാര്‍ നിശ്ചിത തുക സബ്സ്ക്രിപ്ഷന് ഫീസായി നല്‍കേണ്ടി വരും. എത്ര തുക ഈടാക്കണമെന്ന് ചാനല്‍ ഉടമകള്‍ക്ക് തന്നെ തീരുമാനിക്കാം. ഒരു ചാനലിന് എത്ര പെയ്ഡ് സബ്സ്ക്രൈബര്‍മാരുണ്ടെന്ന് ചാനല്‍ ഇന്‍ഫോ സെക്ഷനില്‍ എല്ലാവര്ക്കും കാണാന്‍ സാധിക്കും. വാട്സ്ആപ് ചാനല്‍ തുടങ്ങുന്നതിനായി വാട്സ്ആപ് തുറന്ന് ‘ചാനല്‍സ്’ സെക്ഷനില്‍ പോകുക. അവിടെയുള്ള പ്ലസ് (+) ഐക്കണില്‍ അമര്‍ത്തി ‘ക്രിയേറ്റ് ചാനല്‍’ എന്നത് തിരഞ്ഞെടുക്കുക. ചാനലിന്റെ പേരും വിവരണവും നല്‍കുക. ആവശ്യമെങ്കില്‍ പ്രൊഫൈല്‍ ചിത്രവും ചേര്‍ക്കാം. ശേഷം ‘കിയേറ്റ് ചാനല്‍’ അമര്‍ത്തുന്നതോടെ നിങ്ങളുടെ ചാനല്‍ തയാറാകും.
