Screenshot 20260331 1339472

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും. രാജ്യത്തിന്‍റെ മൂന്നാമത്തെ ആണവ അന്തർവാഹിനി രാജ്യത്തിന് സമർപ്പിക്കുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ്. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിലാണ് കമ്മീഷനിങ് നടക്കുക. ഇന്ത്യയുടെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് അരിധമൻ അന്തർവാഹിനി.

 

പീഡാനുഭവത്തിൻ്റെ ഓർമയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മലയാററൂർമല കയറി വിശ്വാസികൾ. വത്തിക്കാനിൽ ചടങ്ങുകൾക്ക് മാർപ്പാപ്പ നേതൃത്വം നൽകി.

 

കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു.

 

പ്രീ പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് കെപിസിസി അംഗം ജെഎസ് അഖിലിന്‍റെ പരാതി. മണ്ഡലങ്ങളിൽ ജയം പ്രവചിക്കുന്ന സർവേകൾ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും പരാതിയിൽ പറയുന്നു.

 

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന യുഡിഎഫിൻ്റെ പരാതിയിൽ മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.

 

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. മത സൗഹാർദത്തെ തകർത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പേരാവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി പിന്നാലെ, ശൈലജ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് അവിടുത്തെ യുഡിഎഫ് സ്ഥാനാർഥി.

 

കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.

 

തമിഴ്നാട്ടിലും കേരളത്തിലുമായി അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിച്ചു. കന്യാകുമാരി ജില്ലയിലെ പളുകൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നിർമൽ കൃഷ്ണ നിധി ലിമിറ്റഡിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് സിബിഐ പിന്മാറ്റം. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥാപനം അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

 

മാനന്തവാടി വടക്കനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന മുട്ടിക്കൊമ്പൻ എന്ന് പ്രദേശവാസികൾ വിളിച്ചിരുന്ന ടി ടി വൺ എന്ന ആനയെ ഇന്ന് പുലർച്ചയോടെ മയക്കുവെടി വച്ചു. രാത്രി മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. കർഷകനായ രജീവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

 

വർക്കലയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അക്രമത്തിൽ എട്ട് പേരെ പൊലീസ് പിടികൂടി. ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് വീണ്ടും കൂട്ടയടിയിൽ കലാശിച്ചത്.

 

സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് വിവരം.

 

മലപ്പുറം തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്‍റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75)യ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെയാണ് സംഭവം.

 

പാർലമെന്റ് ബജറ്റ് സമ്മേളനം 16-ാം തിയതി വരെ നീട്ടി. 16-ാം തിയതി സഭ ചേരുമ്പോൾ വനിതാസംവരണ ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്ന് സർക്കാർ പാർട്ടികളെ അറിയിച്ചു. സീറ്റുകൾ കൂട്ടികൊണ്ട് വനിതാ സംവരണം 2029 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.അതിനുള്ള ബിൽ മൂന്ന് ദിവസം കൊണ്ട് രണ്ട് സഭകളിലും പാസാക്കി വെസ്റ്റ് ബംഗാൾ ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പിന്തുണ കൂടുതലായി നേടുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 

ബംഗാളിലെ മാൽഡ ജില്ലയിൽ, സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ അറസ്റ്റിലായവരിൽ ഐ എസ് എഫ് സ്ഥാനാർത്ഥിയും. മൌലാന ഷാജഹാൻ അലിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും സംശയാസ്പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ ഇവർ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിഞ്ഞത്.

 

സർക്കാർ വ്യാഴാഴ്ച ഇന്ധന വില ഗണ്യമായി വർദ്ധിപ്പിച്ചതായി പെട്രോളിയം മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. പെട്രോൾ വിലയിൽ 42.7 ശതമാനത്തിന്റെയും ഡീസൽ വിലയിൽ 54.9 ശതമാനത്തിന്റെയും വർധനവ് വരുത്തി പാകിസ്ഥാൻ. അന്താരാഷ്ട്ര വിപണികളിലെ പെട്രോൾ വില വർദ്ധനവിന് ശേഷം പെട്രോളിന് 458.40 രൂപയായി പാകിസ്ഥാൻ വർധിപ്പിച്ചു.

 

ഇറാനിലെ കൂറ്റൻ പാലം വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *