യുദ്ധംമൂലം വീണ്ടും വന്‍ വിലവര്‍ദ്ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്കും പ്രീമിയം പെട്രോളിനും ഡീസലിനും വിമാനങ്ങള്‍ക്കുള്ള ഇന്ധനത്തിനും വില കൂട്ടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 2,092 രൂപയായി.
പ്രീമിയം പെട്രോളിന്റെയും പ്രീമിയം ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. എക്‌സ്പി 100 പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയും ഡീസല്‍ എക്‌സ്ട്രാ ഗ്രീന്‍ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയുമാക്കി.
വിമാന ഇന്ധന വില ഇരട്ടിയായി. വിമാനയാത്രയ്ക്കു ചെലവേറും. ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള നിരക്കു വര്‍ധന 25 ശതമാനമാക്കി സര്‍ക്കാര്‍ നിജപ്പെടുത്തി. എന്നാല്‍ രാജ്യാന്തര സര്‍വീസുകള്‍ക്ക് രാജ്യാന്തര നിലവാരത്തില്‍ നിരക്കു വര്‍ധനയുണ്ടാകും. എടിഎഫ് കിലോ ലിറ്ററിന് ഡല്‍ഹിയിലെ വില 2,07,341 രൂപയാണ്. മാര്‍ച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിലേറെയാണ് വിലവര്‍ധന.
പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു. ബില്ലിനെതിരേ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകളുമായി പ്രതിഷേധിച്ചു. രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവ് എ.എസ്. ബിനോയ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി.
കോവിഡ് കാലത്ത് മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ സര്‍ക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. എന്‍-95 മാസ്‌കുകള്‍ വാങ്ങിയതില്‍ എട്ടു കോടി രൂപയുടെയും പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഞ്ച് കോടി രൂപയുടെയും നഷ്ടം സംഭവിച്ചെന്ന് 74 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡന പരാതിയില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട രഞ്ജിത്ത് വീണ്ടും ജയിലില്‍. വൈദ്യ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളിലെന്നു കണ്ടതിനെത്തുടര്‍ന്നാണു രഞ്ജിത്തിനെ എറണാകുളം സബ് ജയിലില്‍ പ്രവേശിപ്പിച്ചത്. കള്ളക്കേസും ഗൂഡാലോചനയുമാണെന്ന് രഞ്ജിത്. വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റു ചെയ്തതും കോടതി റിമാന്‍ഡ് ചെയ്തതുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
രഞ്ജിത്തിനെ ഫെഫ്ക പുറത്താക്കി. ഡയറക്ട്ടേഴ്‌സ് യൂണിയനില്‍നിന്നും റൈറ്റേഴ്സ് യൂണിയനില്‍നിന്നും രഞ്ജിത്തിനെ മാറ്റി നിര്‍ത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
കര്‍മ്മ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരെ നേരത്തെ പരാതി നല്‍കിയ ബംഗാളി നടി. പരാതി നല്‍കിയ നടിക്ക് നന്ദി പറയുന്നു. തനിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ 15 വര്‍ഷമെടുത്തു. 2009ല്‍ പാലേരി മാണിക്യം സിനിമയ്ക്കിടെയുണ്ടായ സംഭവം 2024ലാണ് ബംഗാളി നടി പരാതിപ്പെട്ടത്. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞാണു തന്റെ കേസ് റദ്ദാക്കിയതെന്നും നടി.
സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ലെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാല്‍ അതിന്റെ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എഫ്‌സിആര്‍എ ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും താന്‍ സംസാരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
പത്തു വര്‍ഷത്തിനുള്ളില്‍ തഴച്ചുവളര്‍ന്ന കേരളത്തിലെ ഏറ്റവും ആസ്തിയുള്ള കോര്‍പ്പറേറ്റ് ഹൗസ് സി.പി.എം ആണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോള്‍ ഒരു സ്ഥാപനമാണ്. ബക്കറ്റുപിരിവും കൂപ്പണ്‍ പിരിവും നടത്തി നിര്‍മ്മിച്ചതായി അവകാശപ്പെടുന്ന പാര്‍ട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്‌ലക്‌സ് ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. 1977 മുതല്‍ ഗുരുവായൂരില്‍ വിജയിച്ച എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ചാണു ഫ്‌ലക്‌സ് സ്ഥാപിച്ചത്. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വ്യക്തമാക്കി.
യുഡിഎഫ് കാലം ഇരുണ്ട കാലമെന്നും യുഡിഎഫ് വാക്ക് പാലിക്കാത്തവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇരുണ്ടകാലം ഇനി വരരുതെന്നും പിണറായിയുടെ ആഹ്വാനം.
മുന്‍ മന്ത്രി ജി. സുധാകരന്‍ കോണ്‍ഗ്രസിലേക്കു ചേക്കേറിയത് പെട്ടെന്നല്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജി. സുധാകരന്‍ പുതിയ ആളാണെന്നു തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ പണ്ട് എതിര്‍ത്ത അതേ കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. പിണറായി പറഞ്ഞു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നിയമവിരുദ്ധമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍. 40,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യം ആശുപത്രികള്‍ക്ക് താങ്ങാനാകാത്തതും നിയമവിരുദ്ധവുമാണെന്നും അസോസിയേഷന്‍.
വിഡ്ഢിദിനത്തില്‍ ഫൂളാക്കാന്‍ പലപല തന്ത്രങ്ങള്‍. ഇന്നു രാവിലെ മുതല്‍ കൂടുതലായി പ്രചരിച്ചത് യുദ്ധംമൂലം ലോക്ഡൗണ്‍ എന്ന് അശോകസ്തംഭം സഹിതമുള്ള പിഡിഎഫാണ്.
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഈയിടെ ഉദ്ഘാടനം ചെയ്ത മലാപ്പറമ്പ് മാനാഞ്ചിറ നാലുവരിപ്പാതയില്‍ പലയിടത്തും വശങ്ങളിലെ ടാര്‍ അടര്‍ന്നു പോയി. അഴുക്കുചാല്‍, കേബിള്‍ ചാല്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്നു.
സ്വര്‍ണവില വര്‍ധിക്കുന്നു. ഗ്രാമിന് 180 രൂപ ഉയര്‍ന്ന് 13,885 രൂപയായി. 1440 രൂപ വര്‍ധിച്ച് 1,11,080 രൂപയാണ് പവന്‍വില.
അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീയെ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കല്‍ വീട്ടില്‍ ശാന്തകുമാരി (65) ആണു മരിച്ചത്.
നികുതി കുടിശ്ശികയെ തുടര്‍ന്നു മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹൈദരാബാദിലെ ഫ്ളാറ്റ് നഗരസഭാ അധികൃതര്‍ ഒരു ദിവസത്തേക്കു കണ്ടുകെട്ടി. 2017 മുതല്‍ കെട്ടിട നികുതി കുടിശികയായതോടെ പിഴ പലിശയും സഹിതം തുക 1.6 കോടി രൂപ അടയ്ക്കാനുണ്ട്. പണം അടയ്ക്കാനുള്ള നടപടി തുടങ്ങിയതോടെ ഫ്ളാറ്റ് തിരികെ നല്‍കി. മദ്യവ്യവസായി വിജയ് മല്യ രാജ്യം വിടുംമുന്‍പ് വാടകയ്ക്കെടുത്ത കെട്ടിടമായിരുന്നു ഇത്.
ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിംഗ് ഉത്തരവില്‍ വ്യക്തമാക്കി. രാകേഷ് കുമാര്‍ എന്നയാളും ഭാര്യയും മരുമകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
നാല് വയസുകാരനെ കാലില്‍ പൊക്കി നിലത്തടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ സന്ദീപ് പവാര്‍ പിടിയില്‍. മുംബൈയിലെ വസായില്‍ കളിക്കുന്നതിനിടെ നാലുവയസുകാരന്‍ ഓട്ടോയില്‍ കയറിയത് കണ്ടതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. അതുല്‍ കൊണ്ഡാരേയുടെ മകന്‍ വിഗ്‌നേഷിനാണ് അപ്രതീക്ഷിത ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.
യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധമെന്ന് ഇറാന്‍. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കണമെന്ന് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് പെസെഷ്‌കിയാന്‍ നിലപാട് അറിയിച്ചത്.
ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷാ സഹായം ആസ്വദിക്കുകയും എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്തിരിയുകയാണെന്നും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്കു നേരെ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഏവിയേഷന്‍ ഫ്യൂവലിംഗ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തമുണ്ടായി.
ഇറാനെതിരായ ആക്രമണം തുടരാന്‍ പ്രധാന രാജ്യങ്ങളുമായി സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. സുരക്ഷാ യോഗത്തിലാണ് ഈ തീരുമാനം.
റഷ്യയിലെ ക്രിമിയയില്‍ റഷ്യന്‍ സൈനിക വിമാനമായ ആന്റോനോവ്-26 തകര്‍ന്നു വീണ് 29 പേര്‍ മരിച്ചു. ക്രീമിയയിലെ മലയിടുക്കിലാണ് സൈനിക വിമാനം തകര്‍ന്നുവീണത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് അതീവ പ്രാധാന്യമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്.
ആയിരക്കണക്കിന് അമേരിക്കന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന ‘ആക്‌സിയോസ്’ എന്ന ജനപ്രിയ സോഫ്റ്റ്വെയര്‍ പാക്കേജില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്ത എല്ലാ സ്ഥാപനങ്ങളിലേക്കും മാരകമായ വൈറസുകള്‍ പടര്‍ന്നുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള പോരാട്ടത്തിനിടെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ഗുജറാത്ത് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ നിയമവിരുദ്ധമായ ബാറ്റുമായി ക്രീസിലെത്തിയതാണ് വിവാദത്തിന് കാരണമായത്. സംശയം തോന്നി തെവാത്തിയയുടെ ബാറ്റ് പരിശോധിച്ച ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ ഉടന്‍ തന്നെ ഇടപെടുകയും തെവാത്തിയയോട് ബാറ്റ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന. ഫിഫ റാങ്കിങ്ങളില്‍ 91 ാം സ്ഥാനത്തുള്ളസാംബിയയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ലയണല്‍ മെസ്സിയും സംഘവും കീഴടക്കിയത്. നിലവില്‍ ലോക മൂന്നാം റാങ്കുകാരാണ് അര്‍ജന്റീന.
