20251017 141017 0000

പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സി പി ഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം.

 

പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഎം ബിജെപി ബന്ധത്തിന് ഇടനില ആയിരിക്കുകയാണ് ഇപ്പോൾ പി എം ശ്രീ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവെച്ചത്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം പി എം ശ്രീപദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിക്കരുതെന്ന് പ്രതിപക്ഷം പറയുന്നില്ല എന്നാൽ കേന്ദ്രത്തിന്റെ നിബന്ധനകൾക്ക് നിരുപാധികം കീഴടങ്ങുന്നതിലാണ് എതിർപ്പെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

 

പി എം ശ്രീയിൽ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി ജി ആർ അനിൽ. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയിൽ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി, ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാൻ. ഇക്കാര്യം സർക്കാർ എസ്എഫ്ഐയോട് ചർച്ച ചെയ്തിരുന്നു. അന്നേ നിലപാട് അറിയിച്ചിരുന്നുവെന്നും ആശങ്ക വീണ്ടും അറിയിക്കുമെന്ന് പി എസ് സഞ്ജീവ് വ്യക്തമാക്കി.

 

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ എസ് എഫ്, വി ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും തുറന്നടിച്ചു. നിലപാട് എന്നത് ഒരു വാക്കല്ല, അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. മുൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി ശിവൻകുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നായിരുന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്.

 

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഈ വല്യേട്ടൻ അടിച്ചമർത്തലിൽ നിൽക്കേണ്ട കാര്യമില്ലെന്നും യുഡിഎഫിൽ അർഹമായ സ്ഥാനം നൽകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സിപിഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞുവെന്നും സിപിഐയിൽ വിള്ളൽ വീണുകഴിഞ്ഞുവെന്നും അടൂർ പ്രകാശ് പറഞ്ഞു. പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്നും ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടുമെന്നും ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു. 45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം – ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സംസ്ഥാനത്തിന്‍റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സര്‍ക്കാർ പരിഗണിക്കുന്നതിനെ സ്വാഗതം ചെയ്ത് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ. വ്യവസായ സൗഹൃദ നീക്കമാണ് ഇതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞു. പത്തു കൊല്ലം മുമ്പ് ഘട്ടംഘട്ടമായി ബാറുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉണ്ടായിരുന്നു. അതിൽ നിന്നുള്ള മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാരിന്‍റെ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെയാണ് വ്യക്തമാക്കിയത്.

 

എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ ഒരിക്കൽ പോലും കേൾക്കാൻ തയ്യാറാകാത്ത മന്ത്രിക്ക് ബ്രൂവറി വരുന്നതിൽ എലപ്പുള്ളിക്കാർക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ചോദിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്ന മന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു രേവതി ബാബു. ബ്രൂവറി വിഷയത്തിൽ ഞങ്ങളെ മന്ത്രി പഠിപ്പിക്കേണ്ടതില്ലെന്നും പ്രസിഡൻ്റ് തുറന്നടിച്ചു.

 

ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസിൽ തിരിച്ചെടുത്തത്. പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദ്ദിച്ചത് ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ കണക്കിലെടുത്ത് സേനയിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

 

ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും. അതേസമയം, കേസിൽ പ്രതിപട്ടികയിലുള്ള കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാലക ശിൽപ്പത്തിലെ പാളികളിലെ സ്വ‍ർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്.

 

ശബരിമല സ്വര്‍ണ്ണ ക്കവര്‍ച്ചയില്‍ ഹൈക്കോടതി പരമാര്‍ശം നേരിട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി. എസ്പ്രശാന്ത് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രംഗത്ത്. തൻ്റെ സ്വത്തു വിവരങ്ങൾ പരസ്യമാക്കാം തനിക്ക് മൂന്നു അക്കൗണ്ടുകളണ്ട് മൂന്നു ലക്ഷം ആസ്‌തിയുമുണ്ട് എന്നാൽ വിഡി സതീശൻ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് കോടിശ്വരനെന്ന് അപ്പോൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരം പുറത്തുവന്നു. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും.

 

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ ബൈക്കിൽ യാത്ര തുടർന്നു. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികൾ പാളുന്നെന്നും കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ ആകർഷണം നഷ്ടമായിയെന്നും മല്ലിക സാരാഭായ് പറയുന്നു. 50 വർഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥനും, ഉദ്യോഗസ്ഥർക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും കുറ്റപ്പെടുത്തിയ മല്ലിക, മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണെന്നും വ്യക്തമാക്കി.

 

കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

 

വിവരങ്ങൾ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തിൽ ഫയലുകൾ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് വിവരങ്ങൾ ലഭ്യമല്ല, വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികൾ പറഞ്ഞ് വിവരങ്ങൾ നിരസിച്ചാൽ ഓഫീസ് മേധാവിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. 351 പേർക്കെതിരെ കേസെടുത്തതിൽ രണ്ട് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്.

 

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.

 

കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി തീരുമാനം. ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു.

 

ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം. അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ ഒബ്സര്‍വേഷന്റും ഉള്‍പ്പെടെയാണ് ചോരുന്നത്. വെള്ളം നിലത്ത് വീഴാതിരിക്കാന്‍ ബക്കറ്റ് വെച്ചിരിക്കുകയാണ് ജീവനക്കാര്‍. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ആശുപത്രിക്കകത്തെ ഫാര്‍മസിക്ക് സമീപമെല്ലാം ചോര്‍ന്ന് ഒലിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറു കണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.

 

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം.

 

പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് നാല് സ്പിൽവേ ഷട്ടറുകൾ രണ്ട് ഇഞ്ച് (5 സെന്റിമീറ്റർ) വീതം ഉയർത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്.

 

നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള വട്ടവിള സുരേഷ് റോഡിൽ, ഗതാഗതത്തിനുള്ള പകരം സംവിധാനം ഏർപ്പെടുത്താതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. നേമം റെയിൽവേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയിൽവേയ്ക്ക് കൈമാറിയെന്നാണ് ആക്ഷേപം.

 

ആനയ്ക്കും പുലിക്കും പന്നിക്കും പുറമെ കുരങ്ങു ശല്യത്തിൽ വലഞ്ഞ് നെല്ലിയാമ്പതിക്കാർ. പുലയമ്പറ, കൈകാട്ടി, നൂറടി, പാടഗിരി പ്രദേശത്തെ വീടുകളിലും, കടകളിലുമെത്തിയാണ് കുരങ്ങുകൾ നാശം വിതയ്ക്കുന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികളിലെ വീടുകളിലെ ഓട് മാറ്റി ഇറങ്ങി ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതും, കുട്ടികളെ ഉപദ്രവിക്കുന്നതും പതിവെന്നാണ് നാട്ടുകാർ പറയുന്നത്.

 

സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷൻ ആണ് മരിച്ചത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കും കോടതി തടവ് ശിക്ഷ വിധിച്ചു. വള്ളികുന്നം വില്ലേജിൽ എസ് കെ സദനം വീട്ടിൽ ശിവൻകുട്ടിയുടെ മകൾ ദീപികയുടെ മരണത്തിലാണ് വിധി. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാം പ്രതിയായ ഭർത്താവിന് ഏഴ് വർഷം കഠിനതടവാണ് കോടതി വിധിച്ചത്.

 

ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് നിരവധി പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ പേർ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോൾവോ ബസിനാണ് കത്തുപിടിച്ചത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു. ബസിൽ 42 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്‌.

 

ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യത്തിന്റെ 90 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും വെല്ലുവിളികളേറെ ഉള്ളതിനാൽ ശ്രദ്ധയോടെയാണ് കന്നി ഗഗന്‍യാന്‍ ദൗത്യത്തിനായി മുന്നോട്ട് പോകുന്നതെന്ന് ഇസ്രൊ ചെയർമാൻ ഡോ.വി. നാരായണൻ ബെംഗളൂരുവിൽ പറഞ്ഞു. അമേരിക്കൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള ബ്ലൂബേ‍ർഡ് 6 സാറ്റ്‌ലൈറ്റ് വിക്ഷേപണം ഈ വർഷം അവസാനം ഉണ്ടാകുമെന്നും ഇസ്രൊ ചെയര്‍മാന്‍ അറിയിച്ചു.

 

ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികൾ. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.

 

ബി ജെ പി നേതാവ് റോഡിൽ തള്ളിയ മാലിന്യം തിരികെ വീട്ടില്‍ കൊണ്ട് ഇടാന്‍ ഉത്തരവിട്ട് ചീഫ് മുനിസിപ്പല്‍ ഓഫീസ‍ർ. മധ്യപ്രദേശിലെ ഛത്തർപൂർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ബിജെപി നേതാവ് മഹേഷ് റായി, തന്‍റെ വീടിന് പുറത്ത് തള്ളിയ മാലിന്യം അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് തന്നെ തള്ളാൻ ശുചീകരണ ജീവനക്കാരോട് ചീഫ് മുനിസിപ്പല്‍ ഓഫീസ‍ർ ശൈലേന്ദ്ര സിംഗ് ആവശ്യപ്പെടുകയായിരുന്നു.

 

സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ വെട്ടാൻ തെലങ്കാന സർക്കാർ. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിയമം കൊണ്ടുവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്-II ജീവനക്കാർക്ക് നിയമന ഉത്തരവുകൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ദില്ലിയിൽ വായു മലിനീകരണം കുറയ്ക്കാൻ ഈ മാസം 29ന് ക്ലൗഡ്സ് സീഡിങ് നടപ്പാക്കിയെക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിതർ സിംഗ് സിർസ പറഞ്ഞു. ഒക്ടോബർ 28 മുതൽ 30 വരെ ദില്ലിക്ക് മുകളിൽ മേഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതായി മന്ത്രി പറഞ്ഞു. ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി.

 

അമേരിക്കയുടെ ഉപരോധത്തിന് മറുപടിയുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്ന് പുടിൻ പ്രഖ്യാപിച്ചു. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും കനത്ത തിരിച്ചടി നൽകാൻ റഷ്യക്ക് അറിയാമെന്നും, അമേരിക്ക അത് നേരിടേണ്ടി വരുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഉപരോധം റഷ്യയെ ബാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. പുടിനുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

 

ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരെ ജനം പുറത്തുനിർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ട് തേടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെത്തിയത്. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ മോദിയുടെ ആദ്യ റാലിയാണിത്.

 

കുനാർ നദിയിൽ അതിവേഗം അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നു. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുനാർ നദിയിൽ കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാനുള്ള ഉത്തരവ് താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ നൽകിയെന്നാണ് വിവരം.

 

വെനസ്വേലയിലെ ഇടതു ഭരണം അട്ടിമറിക്കാൻ യു എസ് ശ്രമിക്കുന്നതായി ഗുരുതര ആരോപണം. വെനസ്വേലയുടെ തീരത്ത് യു എസ് ബി – 1 ബോംബർ വിമാനങ്ങൾ പറത്തിയുള്ള സൈനിക പ്രകോപനം ശക്തമാക്കിയതോടെയാണ് അട്ടിമറി നീക്കമെന്ന ആരോപണവും ശക്തമായത്. മയക്കുമരുന്ന് കടത്ത്, തടവറകളിൽ നിന്ന് കുറ്റവാളികളെ യു എസിലേക്ക് തുറന്നുവിടുന്നു എന്നീ ആരോപണങ്ങൾ നേരത്തെ മുതൽ തന്നെ വെനസ്വേലക്കെതിരെ അമേരിക്കൻ ഭരണകൂടങ്ങൾ ഉയർത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *