ചില മനുഷ്യരില്‍ കോവിഡ് തീവ്രമാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തി ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ശാസ്ത്രജ്ഞര്‍. ന്യൂയോര്‍ക്ക് നഗരത്തില്‍ കോവിഡ് മഹാമാരി മൂര്ധന്യാവസ്ഥയില് എത്തിയ സമയത്ത് കോവിഡ് രോഗികളില്‍ നിന്ന് ശേഖരിച്ച രക്തത്തിന്റെയും ശ്വാസകോശത്തിലെ ഫ്ലൂയിഡുകളുടെയും സാംപിളുകളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. ചില പ്രതിരോധ കോശങ്ങളുടെ ക്രമക്കേടാണ് ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്നതെന്ന് മൗണ്ട് സിനായിയിലെ ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. കോശസംയുക്തങ്ങളെ അഴിച്ചു പണിയുന്ന മാക്രോഫേജുകളെന്ന പ്രതിരോധ കോശങ്ങള്‍ ശ്വാസകോശത്തില്‍ കുറയുന്നതാണ് രോഗതീവ്രതയുടെ കാരണം. ഈ സ്ഥാനത്തേക്ക് പുതിയ ചില കോശങ്ങള്‍ രക്തത്തില്‍ നിന്ന് ശ്വാസകോശത്തിലെത്തി നീര്‍ക്കെട്ട് ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. മാക്രോഫേജുകളുടെ ശോഷണം നിയന്ത്രിച്ചും നീര്‍ക്കെട്ടുണ്ടാക്കുന്ന കോശങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം തടഞ്ഞും കോവിഡിനെയും മറ്റ് വൈറല്‍ ശ്വാസകോശ രോഗങ്ങളെയും ചികിത്സിക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പ്രായമായവരില്‍ മാക്രോഫേജുകളുടെ എണ്ണം കുറവായതാണ് ഇവരില്‍ കോവിഡ് രോഗതീവ്രതയേറുന്നതിന്റെ കാരണമെന്നും ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടുണ്ടാക്കുന്ന കോശങ്ങള്‍ ഇവരില്‍ അധികവും ആയിരിക്കും. രോഗികളുടെ പ്രതിരോധ സംവിധാനത്തിന്റെ അളവുകോലുകള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പഠനവും അടിവരയിരുന്നു. ശ്വാസകോശത്തിലെ മാക്രോഫേജുകള്‍ പുനഃസ്ഥാപിക്കുന്നതും ചില കോവിഡ് രോഗികളെ സഹായിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഗവേഷണ റിപ്പോര്‍ട്ട് സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന് ജേണലില്‍ പ്രസിദ്ധീകരിച്ചു.
മനുഷ്യരില്‍ കോവിഡ് തീവ്രമാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തി ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞര്‍.
