യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.
ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ആരോപണം. അതോടൊപ്പം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. രാഹുലിനെതിരായ ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വെയിറ്റ് ആന്‍ഡ് സീ എന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ തീരുമാനം നേതൃത്വം പറയുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. പൊതുയിടങ്ങളിൽ നിൽക്കുന്ന കോണ്‍ഗ്രസുകാര്‍ നല്ലനിലയിൽ നിൽക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. അതോടൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ. നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാർട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നും അവർ പറഞ്ഞു.
കോൺഗ്രസ് യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ പൊലീസിൽ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുൽ റഹ്മാൻ. സർക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടെ സർക്കാർ നിലപാട് എല്ലാവരും കണ്ടതാണെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ഹൂ കെയേര്‍സ്’ മനോഭാവമുള്ളവരോട് ധാർമികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും സ്ത്രീകളോടും പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു പറഞ്ഞു.
രാഹുൽ മാങ്കൂട്ടം ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമെന്ന് സിപിഎം നേതാവ് കെകെ ശൈലജ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല എന്നും ശൈലജ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണം അതീവ ഗൗരവമേറിയ വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. വിഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണ് യുവതി പറഞ്ഞത് വിഡി സതീശൻ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാവണമെന്നും വികെ സനോജ് പറഞ്ഞു.
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലും, ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
യുവനേതാവിനെതിരായ ആരോപണത്തിൽ കോൺഗ്രസ് ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട്ടെ എംഎൽഎയെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ദുഷിച്ചുനാറിയ യൂത്ത് കോൺഗ്രസ് നേതാവിനെക്കുറിച്ച് ഞങ്ങൾ എന്ത് പറയാനാണെന്നും ഇത്തരം ആളുകൾ നാടിൻ്റെ തലപ്പത്തേക്ക് വരുന്നത് ആപത്താണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്.
പാലക്കാട് മൂത്താൻതറയിലെ സ്കൂളിലെ സ്ഫോടക വസ്തുവിൻ്റെ ഉറവിടം അന്വേഷിക്കണമെന്ന് പാലക്കാട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ആർഎസ്എസ് ശാഖ നടക്കുന്നിടത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ആർഎസ്എസിൻ്റെ പ്രധാന കാര്യാലയം സ്കൂളിൻ്റെ തൊട്ടടുത്താണുള്ളത്. ആർഎസ്എസ് കാര്യാലയത്തിൽ പൊലീസ് റെയ്ഡ് നടത്തിയാൽ വലിയ ആയുധ ശേഖരം കണ്ടെത്താൻ കഴിയുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അറിയിച്ചു.
കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കോഴിക്കോട് ബി ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതന്റെ ഇമെയിൽ സന്ദേശം. കളക്ടറേറ്റിലെ ഇ മെയിൽ ഐ ഡിയിലേക്കാണ് സന്ദേശം എത്തിയത്. കളക്ടറേറ്റിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12-ാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
അമ്മ അടുത്തില്ലാതായതോടെ കരഞ്ഞു തളർന്ന കുഞ്ഞിന് പാലൂട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ.ഇന്നലെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷയിൽ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിൻ്റെ കരച്ചിൽ സഹിക്കാനാവാതെ വന്ന പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിൾ എ.പാർവതിയാണ് കുഞ്ഞിന് പാലൂട്ടിയത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ കരിപ്പൂർ അറസ്റ്റിൽ. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അതോടൊപ്പം ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മൂത്ത മകളും പ്രതിയാണെന്ന് പൊലീസ്. മരണപ്പെട്ട ആശ ബെന്നിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദീപയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ മാതൃകയില്‍ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലമ്പുഴയെ വടക്കന്‍ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ നടത്തുന്നത്.
അങ്കണവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബർ 8 മുതൽ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫീസർമാരും സൂപ്പർവൈസർമാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 56 പേർക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു.
നിർമിത ബുദ്ധിയുടെ കാലത്ത് സത്യം തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അതിവേഗം പ്രചരിക്കുന്ന വിവരങ്ങൾ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലാണ് ഇന്നത്തെ സമൂഹം. ഇത് അപകടകരമായ ഒരു പുതിയ കാലത്തെയാണ് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നതെന്നും
കാലിക്കറ്റ് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി.
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കെ ചാത്തല്ലൂരിലാണ് സംഭവം. പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്ചോലയിൽ കുളിക്കാൻ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി. ഈ സമയം കാട്ടാനയെ ഓടിക്കാൻ വനംവകുപ്പും സ്ഥലത്തുണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണ പ്രൊഫഷണൽ കുറ്റകൃത്യം എന്ന് മന്ത്രി കപിൽ മിസ്ര. പ്രതി രാജേഷ് കിംജി പ്രൊഫഷണൽ കുറ്റവാളിയാണെന്നും കള്ളക്കടത്ത്, വധശ്രമം, ഉൾപ്പടെ 9 കേസുകളിൽ മുൻപ് പ്രതിയാണ്, ഇന്നലെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു മുൻപ് ഇയാൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നും കപില്‍ മിശ്ര പ്രതികരിച്ചു.
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. ഇന്നലെ സ്കൂൾ സമയത്തിന് ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആറ് കുട്ടികൾ വെള്ളത്തിലിറങ്ങിയെങ്കിലും ഒരു കുട്ടി മാത്രം കരയിൽ നിന്നു. ഈ കുട്ടി നിലവിളിച്ചതോടെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഡിജിറ്റൽ വാലറ്റുകളിലൂടെ 3.91 ബില്യൺ പാക് രൂപ (ഏകദേശം 121 കോടി രൂപ) സമാഹരിച്ചതായി റിപ്പോർട്ട്. ഈ തുക പാകിസ്ഥാനിലുടനീളം 313 പുതിയ പരിശീലന കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് സമാഹരിച്ചതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇത് ഡിജിറ്റൽ ഹവാലാ സംവിധാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം. കാലാപാനി-ലിപുലേഖ്-ലിമ്പിയാധുര മേഖലയിലൂടെയുള്ള ഹിമാലയൻ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം വീണ്ടും പുനരാരംഭിക്കുന്നതിനെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം എതിർത്തതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.
ഗാസയെ പൂർണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാൻ ഇസ്രയേൽ. അൻപതിനായിരം റിസർവ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നിവ റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വാങ്ങിക്കഴിഞ്ഞതായി രണ്ട് കമ്പനികലിലേയും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇന്ത്യൻ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ 2026വരെ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യൻ ടീമിലെ തലമുറമാറ്റത്തിന്റെ കാലത്ത് ചീഫ് സെലക്ടറെന്ന നിലയില്‍ മികവ് കാട്ടാനും ഇന്ത്യൻ ടീമിന് ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി കിരീടങ്ങള്‍ നേടാനും ഏകദിന ലോകകപ്പ് ഫൈനലിലെത്താനും കഴിഞ്ഞതായി ബിസിസിഐ വിലയിരുത്തി. 2023 ജൂണിലാണ് അഗാര്‍ക്കര്‍ ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായി ചുമതലയേറ്റത്.