അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന്റെ സൂചകമായ ഇ-വേ ബില്ലുകളുടെ കണക്കില്‍ ജൂലൈയില്‍ റെക്കോഡ്. ഏകദേശം 13.99 കോടി ഇ-വേ ബില്ലുകളാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനയുണ്ടായി. ജൂണിലെ കണക്ക് പരിശോധിച്ചാല്‍ ഇത് 10.4 ശതമാനം വരും. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. ചരക്കുനീക്കം സാധാരണ കുറയുന്ന മണ്‍സൂണ്‍ കാലത്തുണ്ടായ മാറ്റം പ്രാദേശിക വിപണിയില്‍ ഡിമാന്‍ഡ് കൂടിയതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. ജൂലൈയിലെ ജി.എസ്.ടി വരുമാനവും ഇതിനെ ശരിവെക്കുന്നതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി വരുമാനം 9.7 ശതമാനവും പ്രാദേശിക ഇടപാടുകളില്‍ നിന്നുള്ള വരുമാനം 6.7 ശതമാനവും ഉയര്‍ന്നു. ഇക്കൊല്ലം പതിവിലും കൂടുതല്‍ മണ്‍സൂണ്‍ ലഭിച്ചതിലൂടെ കാര്‍ഷിക – പ്രാദേശിക സാമ്പത്തിക രംഗത്തും ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ രണ്ടാം പാദത്തിലും നടപ്പുസാമ്പത്തിക വര്‍ഷത്തിലും 6.5 ശതമാനം വളര്‍ച്ച നേടുമെന്നും ആര്‍.ബി.ഐ വിശദീകരിക്കുന്നു.