ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനാവുന്ന ചിത്രമാണ് ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്നു സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ജോണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സ്റ്റാര്‍ ഗേറ്റ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവര്‍ക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്‌നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അഭിഷേക് ശ്രീകുമാര്‍, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍ എന്നിവര്‍ ഈ അഞ്ച് ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു.