ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതിയില്‍ ജിയോ ഹോട്സ്റ്റാറിന് വന്‍ കുതിപ്പ്. ആഗോള ഒടിടി ഭീമന് എന്നറിയപ്പെടുന്ന നെറ്റ്ഫ്ളിക്സിന് ഒപ്പം എത്തുന്ന നിലയിലേക്കാണ് ജിയോ ഹോട്സ്റ്റാറിന്റെ വളര്‍ച്ച. ജിയോ ഹോട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷന് 30 (300 മില്യണ്‍) കോടി പിന്നിട്ടു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 31.63 കോടി സബ്സ്ക്രൈബേഴ്സ് ആണ് നെറ്റ്ഫ്ളിക്സിനുള്ളത്. റിലയന്‍സ് നയിക്കുന്ന ജിയോസിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിച്ചതോടെയാണ് കണക്കുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഹോട്സ്റ്റാറിന് ആയത്. ഐപിഎല്‍ 2025 സീസണ് ലൈവ് സ്ട്രീമിങ്ങ് നടത്തിയ സമയത്ത് ജിയോ ഹോട്സ്റ്റാര് സബ്സ്ക്രിപ്ഷന് വന്‍ ഉയര്‍ച്ച നേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ജിയോ ഹോട്സ്റ്റാറിന് 5 കോടി വരിക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ സീസണ് പൂര്‍ത്തിയാകുമ്പോള്‍ ഇത് മുപ്പത് കോടിയില്‍ എത്തിനില്‍ക്കുകയാണ്. പരസ്യ, സബ്സ്ക്രിപ്ഷന് കണക്കുകള്‍ പ്രകാരം ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്റ് കാലം ജിയോ ഹോട്സ്റ്റാറിന് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്കി.