ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ….!!!
താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.
വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചെറിയ ഒരനക്കം മതി, വേഴാമ്പൽ ചിറകടിച്ച് പറന്നുപോകും. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകർന്നുകൊടുക്കുകയാണ് ആണിന്റെ ജോലി.
പരിസരത്ത് അപരിചിതർ ഉണ്ടെന്നുകണ്ട് ഭയന്നാൽ ആൺപക്ഷി മണിക്കൂറുകൾക്കുശേഷമേ തിരിച്ചെത്തൂ. അതീവ ജാഗ്രതയാണ് വേഴാമ്പലിന് അപ്പോൾ. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകൾ. പല വൃക്ഷങ്ങളുടേയും വിത്തുകൾ വിതരണം ചെയ്യുന്നതുകൊണ്ട് ”’ കാട്ടിലെ കർഷകൻ”’ എന്ന പേരുണ്ട്
ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണ് മലമുഴക്കി വേഴാമ്പൽ . പൂർണവളർച്ചയെത്തിയ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതൽ നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലർന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകൾ വളരെ വലിയതും ശക്തിയേറിയതുമാണ്. പെൺ വേഴാമ്പലുകൾ ആൺ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആൺ വേഴാമ്പലുകൾക്ക് ചുവന്ന കണ്ണും പെൺവേഴാമ്പലുകൾക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്.
പെൺ വേഴാമ്പലുകൾ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളിൽ മുട്ടയിടുന്ന കാലത്ത്, പെൺപക്ഷി കൂട്ടിൽ കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസർജ്ജ്യവും കൊണ്ട് കൊക്കുകൾ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങൾ അടക്കുന്നു. പെൺപക്ഷി തൂവലുകൾ കൊഴിച്ച് കുഞ്ഞുങ്ങൾക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും.കൂടിയാൽ മൂന്ന്.വെള്ള മുട്ടകളാണ് ഇടുന്നത്. കുറച്ചു സമയത്തിനു ശേഷംമുട്ടകളുടെ നിറം മാറും.
മുട്ടകൾ വിരിയുന്നതുവരെ അവ പൊത്തിനുള്ളിൽ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആൺ വേഴാമ്പൽ ആണ് പെൺ വേഴാമ്പലുകൾക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കുട്ടികൾ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെൺകിളി പുറത്തു വരും. കുഞ്ഞുങ്ങൾ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആൺപക്ഷിയും പെൺപക്ഷിയും കുട്ടികൾക്ക് തീറ്റ കൊടുക്കും.
പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകൾ കഴിയുക. ഒരുകൂട്ടത്തിൽ 20ൽ താഴെ വേഴാമ്പലുകൾ ഉണ്ടാകും.ഒറ്റ ഇണയെ മാത്രമെ സ്വീകരിക്കുകയുള്ളു. ഒറ്റ കൂടു തന്നെ വർഷങ്ങളോളം ഉപയോഗിക്കും. 20-22 ആഴചവരെയാണ് പ്രജനനകാലം. അതിൽ 15-19 ആഴചകളോളം പെൺപക്ഷി അടച്ചകൂട്ടിൽ തന്നെ കഴിയും.