സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് അഞ്ചേകാല്‍ ലക്ഷം ഫയലുകള്‍. ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി ഫലം കണ്ടില്ല. കഴിഞ്ഞ മാസം മുപ്പതിനകം ഫയല്‍ തീര്‍പ്പാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഓഗസ്റ്റ് 15 വരെ സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടേറ്റുകളിലും എട്ടര ലക്ഷം ഫയലുകളാണു കെട്ടിക്കിടന്നിരുന്നത്. മൂന്നേകാല്‍ ലക്ഷം ഫയലുകളില്‍ തീര്‍പ്പാക്കി. അഞ്ചേകാല്‍ ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീവ്ര യജ്ഞ പരിപാടിയുടെ സമയ പരിധി ഒരുമാസം കൂടി നീട്ടാനാണ് നീക്കം.
പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടക്കൊലപാതക കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു സ്ത്രീകളെ കഴുത്തറുത്തു കൊന്നു കുഴിച്ചുമൂടിയത് പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും ചെറുക്കണം. കടവന്ത്ര പോലീസില്‍ സെപ്റ്റംബര്‍ 26 നു രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചതെന്നും മുഖ്യമന്ത്രി.
പത്തനംതിട്ടയില്‍ ഇരട്ട നരബലി. കാലടിയില്‍ താമസിച്ചിരുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി റോസ്ലിന്‍ (49), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ (52) എന്നിവരെയാണ് നരബലിയായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ തിരുവല്ല ഇലന്തൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരേയും ഇവര്‍ക്കുവേണ്ടി സ്ത്രീകളെ എത്തിച്ച മുഹമ്മദ് ഷാഫിയേയും അറസ്റ്റു ചെയ്തു. റോസിലിയേയും പത്മയേയും കാണാനില്ലെന്ന അവരുടെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തവേയാണ് നരബലി വിവരം പോലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ പ്രതിഫലം തരാമെന്നു വാഗ്ദാനം ചെയ്താണ് ഇവരെ മുഹമ്മദ് ഷാഫി കൂട്ടിക്കൊണ്ടുവന്നത്. തിരുവല്ലയിലെ വീട്ടില്‍ കട്ടിലില്‍ കിടത്തി. കൈകാലുകള്‍ ബന്ധിച്ചു. വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ചു. പിന്നെ കഴുത്തറുത്തു. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടി.
നരബലി നല്‍കിയ കേസിലെ പ്രതി ഭഗവല്‍സിംഗ് പരമ്പരാഗത തിരുമ്മന്‍ ചികിത്സകനും സജീവ സിപിഎം പ്രവര്‍ത്തകനും ഹൈകു കവിയുമാണ്. കാടുപിടിച്ച് കിടക്കുന്ന വീടിനോടു ചേര്‍ന്ന് കാവുണ്ട്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത് നല്‍കിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരേ പീഡനക്കേസെടുത്തേക്കും. പല സ്ഥലത്തേക്കും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് തിരുവനന്തപുരം സ്‌കൂളിലെ അധ്യാപിക വഞ്ചിയൂര്‍ കോടതിയില്‍ മൊഴി നല്‍കിയത്. കോവളത്തുവച്ചും കാറില്‍വച്ചും കൈയ്യേറ്റം ചെയ്‌തെന്നും മജിസ്‌ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസില്‍ ഇന്നു മൊഴി നല്‍കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
വൈസ് ചാന്‍സലറെ നിയമിക്കാനുള്ള പാനലിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണറുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കേരള സര്‍വകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞു. വിസിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. തന്റെ പിന്‍ഗാമിയായി ചന്ദ്രചൂഡിനെ നിര്‍ദേശിച്ചു കൊണ്ടുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറി. നവംബര്‍ ഒമ്പതിന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
മുഖ്യമന്ത്രിയും കുടുംബവും ജനങ്ങളുടെ ചെലവില്‍ ഉല്ലാസ യാത്ര നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പാഴ്‌ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്ര. നോര്‍ക്ക റൂട്ട്‌സ് ഏതോ ട്രാവല്‍ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടതിനെ യുകെയുമായി കേരള കരാര്‍ ഒപ്പിട്ടെന്നും മൂവായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് പ്രചരിപ്പിച്ചത്. യുകെയുമായി കരാര്‍ ഒപ്പിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ആരെ പറ്റിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പേരക്കുട്ടി അടക്കം കടുംബസമേതവും മന്ത്രിമാരും പരിവാരങ്ങളുമായി യൂറോപ്യന്‍ പര്യടനം നടത്തുന്നതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പരിഹാസവുമായി സിപിഎം നേതാവ് എ.കെ. ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയെന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെ കൊണ്ടുപോയെന്നുമാണു ബാലന്റെ ആരോപണം. അത് ഏതു മന്ത്രിയാണെന്നു ബാലന്‍ വെളിപെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവും അന്നത്തെ പ്രവാസികാര്യ ചുമതലയുള്ള മന്ത്രിയുമായിരുന്ന കെസി ജോസഫ്.
ഇരട്ട നരബലി ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.
നരബലി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊലയാളികളില്‍ ഒരാള്‍ സിപിഎമ്മുകാരനായതിനാല്‍ കേസന്വേഷണം അട്ടിമറിക്കരുതെന്ന് സതീശന്‍ ആവശ്യപ്പെട്ടു. നരബലി കേസിലെ പ്രധാന പ്രതി ഭാഗവന്ത് സിംഗ് സിപിഎമ്മുകാരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കുറ്റപ്പെടുത്തി.
തിരുവനന്തപുരത്തു ഹോട്ടലിന്റെ പാര്‍ക്കിംഗിനായി പൊതുമരാമത്ത് വകുപ്പിന്റെ എംജി റോഡ് അയ്യായിരം രൂപ വാടകയ്ക്കു നല്‍കിയ തിരുവനന്തപുരം കോര്‍പറേഷന്റെ കരാര്‍ റദ്ദാക്കി. വിവാദമായതോടെയാണ് കോര്‍പറേഷന്‍ കരാര്‍ റദ്ദാക്കിയത്.