ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗതീരുമാനം  പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. കോട്ടയത്ത് രാവിലെ നടന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’, പ്രകാശ് ജാവ്ദേക്കർ സന്നിഹിതനായിരുന്നു. എന്നാൽ ഈ വിഷയത്തിൽ സന്ദീപ് വാര്യർ പ്രതികരിച്ചില്ല.

അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്ന്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. വേഗത നിയന്ത്രിക്കുന്ന ഉപകരണം ടൂറിസ്റ്റ് ബസിൽ നിന്നും എടുത്തു മാറ്റിയിരുന്നത് കൂടാതെ ഇതേ  ബസ്സ് കരിമ്പട്ടികയിൽ പെട്ടതുമായിരുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന തുടരും. ഇതിനായി  86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകുമെന്നും മന്ത്രി പറഞ്ഞു.
നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസുകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യ മനോഭാവം വേണ്ട. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനേളുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. വേഗപ്പൂട്ടുകളില്‍ കൃത്രിമത്തിനെതിരെ കര്‍ശന നടപടിയെടുക്കും. ബസിന്റെ നിറം, ലൈറ്റുകള്‍, ശബ്ദസംവിധാനം തുടങ്ങിയ നിയമപ്രകാരമായിരിക്കണം. സംസ്ഥാന വ്യാപകമായി പരിശോധന തുടരും. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് സ്വകാര്യ ബസുടമകളുടെ സംഘടന. പീഡനം നിര്‍ത്തിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. നിസാര കാരണങ്ങള്‍ കണ്ടെത്തി ഭീമമായ തുക പിഴ ചുമത്തുന്നതു തുടര്‍ന്നാല്‍ ബസോടിക്കാനാവില്ലെന്ന്  ഫെഡറേഷന്‍.

കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരേ തുടര്‍ സമന്‍സുകള്‍ അയക്കുന്നതു ഹൈക്കോടതി തടഞ്ഞു. എന്നാല്‍ അന്വേഷണം തുടരാമെന്നാണ് ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം അന്തിമ വിധി പുറപ്പെടുവിക്കും.

ഡോളര്‍കടത്തു കേസിലെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തെ കക്ഷി ചേര്‍ത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കും. ചൂടേറിയ വാദങ്ങളാണ് ഇന്നലെയുണ്ടായത്. കേരള സര്‍ക്കാര്‍ കേസ് അട്ടിമറിക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സ്വപ്‌ന സുരേഷിനെതിരേ കലാപക്കേസെടുത്തു, ഉന്നതരുടെ പേരു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ തടയാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു തുടങ്ങിയ വിഷയങ്ങളാണ് എന്‍ഫോഴ്‌സമെന്റ് കോടതിയില്‍ ഉന്നയിച്ചത്.

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തിയത്. രണ്ടു കോടിരൂപ കുടിശികയായ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിയതെന്ന് വിതരണക്കാര്‍. ഇതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ സംസാരിച്ചതിനു മന്ത്രി പഇവരെ ശാസിച്ചിരുന്നു.

വിയ്യൂര്‍ ജയിലില്‍നിന്ന് ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന ആവശ്യവുമായി പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. ജയിലിലുള്ള തന്നെ കാണാന്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും വരാന്‍ പ്രയാസമാണെന്നു ചൂണ്ടിക്കാണിച്ചാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ടത്. 2016 ഏപ്രില്‍ 28 നു കൊലപാതകം നടത്തിയ കേസില്‍ അമീറുള്‍ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്കാണു വിധിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കു ജാമ്യം. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ അരുണ്‍ അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ ആറു മുതല്‍ പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *