എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മര്‍ദ്ദിച്ചെന്ന് അധ്യാപികയുടെ പരാതി. ഒന്നിച്ച് കോവളത്തേക്കു യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപിക പൊലീസിനു പരാതി നല്‍കിയത്. മൊഴി നല്‍കാന്‍ രണ്ടു തവണ സ്റ്റേഷനിലേക്കു വരുത്തിയെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം മൊഴി നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരി മടങ്ങിപ്പോയെന്നു പൊലീസ്.
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് വിവാദങ്ങളും അധികാരത്തിന്റെ ഇടനാഴികളില്‍ നടന്ന വിശേഷങ്ങളും വിവരിക്കുന്നുണ്ട്. എം ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്നെ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനുള്ള മറുപടികൂടിയാണ് സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം.’
ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഏകീകൃത നിറനിയമം നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയില്‍ വയലറ്റും ഗോള്‍ഡനും കലര്‍ന്ന വര എന്ന ഏകീകൃത നിറം നിര്‍ബന്ധമാക്കും. മൂന്നു മാസത്തിനകം ബസുകള്‍ ഈ നിറത്തിലേക്കു മാറണം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നാളെ മൂന്നിന് ജന്മനാടായ സായ്ഫായില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ശ്വാസതടസവും വൃക്കകളുടെ തകരാറുംമൂലം ഏറെനാളായി ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു തവണ യുപി മുഖ്യമന്ത്രിയായിരുന്നു. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യാത്രയുടെ പുരോഗതി ജനങ്ങള അറിയിക്കണം. നാടിന് ഉപകാരമുള്ളതൊന്നും യാത്രയില്‍ ഇല്ല. യാത്ര രഹസ്യമാക്കിയതില്‍ ദുരൂഹത ഉണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിക്കുന്ന സംഭാഷണം പുറത്ത്. ഹര്‍ഷിനിയുടെ വയറില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് ആശുപത്രി സൂപ്രണ്ട് സാക്ഷ്യപ്പെടുത്തുന്നതാണ് സംഭാഷണം.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനു ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര കോടതിയോടു മാപ്പപേക്ഷിച്ചു. വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നു ബൈജു കൊട്ടാരക്കര പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ചെക്കു കേസില്‍ 63 ലക്ഷം രൂപ പിഴ അടക്കണമെന്ന കോടതി ഉത്തരവ് നാലു വര്‍ഷമായിട്ടും നടപ്പാക്കാതെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. വണ്ടിച്ചെക്കു കേസിലാണ് മഞ്ചേരിയിലുള്ള വിന്‍വേ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിനെതിരേ വിധി വന്നത്. തടവുശിക്ഷ വിധിച്ച കൂട്ടുപ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ബിസിനസില്‍ പാര്‍ട്ണറാക്കാമെന്നു വ്ഗാദനം ചെയ്ത് 2011 ല്‍ പ്രവാസിയും വടകര സ്വദേശിയുമായ യൂസഫില്‍നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന കേസിലാണ് കോടതി വിധി.