കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുന്‍നിര സ്വര്‍ണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തി ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ ആസ്തി 92,964 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 34.5 ശതമാനം വര്‍ധനയും തൊട്ടു മുന്‍പാദത്തേക്കാള്‍ 7.9 ശതമാനം വര്‍ധനയും നേടിയിരുന്നു. കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കമ്പനിയുടെ വിപണി മൂല്യം 91,000 കോടി രൂപ കടന്നിരുന്നു. വിപണി മൂല്യം നിലവില്‍ 88,363 കോടി രൂപയാണ്. 44,459 കോടി രൂപ വിപണി മൂല്യമുള്ള കല്യാണ്‍ ജുവലേഴ്സ് ആണ് രണ്ടാം സ്ഥാനത്തുള്ള കേരള കമ്പനി. ഫെഡറല്‍ ബാങ്ക്, ഫാക്ട്, കൊച്ചിന് ഷിപ്പ്യാര്ഡ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസക്കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം 19 ശതമാനം വര്‍ധിച്ച് 3,908 കോടി രൂപയിലെത്തിയിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനയോടെ 1,11,308 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഡിസംബര്‍ പാദത്തിലെ സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 1,392 രൂപയിലുമെത്തി.