മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്…..!!!
നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര . ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ.
മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നുണ്ട്. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്.
പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. “ഘോഷയാത്ര” എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നുണ്ട്.
പണ്ട് ദേവദാസികള്എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.തെന്നിന്ത്യയിലെ പ്രധാന നാടകശാലകളിൽ ഒന്നായിരുന്ന തിരുവനന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശാലകളുമായി സഹകരിച്ചുപോന്നിരിക്കണം.
മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നിവയ്ക്ക് പൊതുവേ ഹസ്തമുദ്രകൾക്ക് പ്രാധാന്യമുണ്ട്. മുദ്രകൾക്ക് അക്ഷരങ്ങളുടെ സ്ഥാനമാണ്. വ്യത്യസ്തമുദ്രകൾ വ്യത്യസ്തവാക്കുകളെ സൂചിപ്പിക്കുന്നു. ‘ഹസ്തലക്ഷണ ദീപിക’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപത്തിനാല് മുദ്രകളാണ് ഇവയ്ക്കടിസ്ഥാനം. ഇരുപത്തിനാല് ഹസ്തമുദ്രകൾ ഇവയാണ്.പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം.
കുറെക്കാലം മോഹിനിയാട്ടം പ്രസിദ്ധിയാർജ്ജിക്കാതെ പോയി. ഡോ. കനക് റെലെയും ഭാരതി ശിവജിയും ഇതിൽ ശ്രദ്ധപതിപ്പിച്ചതോടെ സ്ഥിതിമാറി. അവർ മോഹിനിയാട്ടത്തിന് നല്ല സംഭാവന കൾ നൽകി. ഭാരതീയ വിദ്യാഭവനിലെ പ്രൊ. ഉപാദ്ധ്യയുടേയും ദോ. മോത്തി ചന്ദ്രയുടേയും കീഴിൽ ഗവേഷണം നടത്തി ഡോ. കനക് റെലെ 1977 ൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടി. അവർ മഹാരാഷ്ട്രയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രവും നളന്ദ നാട്യകലാ മഹാവിദ്യാലയവും തുടങ്ങി.
ലാസ്യപ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാണ്. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവ്വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.
അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപ്പോകുന്ന ചാരി മോഹിനിയാട്ടത്തിന്റെ പ്രത്യേകതയാണ്.
വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.
കുറേക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയ താളങ്ങളാണ് മോഹിനിയാട്ടത്തിന് പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ, കൈമണി തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചുവരുന്നത്.