Untitled 1 3

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രമാണ് ‘ഫര്‍ഹാന’. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഫര്‍ഹാന’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. നെല്‍സണ്‍ വെങ്കടേശന്‍ തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ ‘ഓര് കാതല്‍ കനാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പ്രിന്‍സ്. അനുദീപ് കെ വി ആണ് പ്രിന്‍സിന്റെ സംവിധായകന്‍. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രം 100 കോടിയോളം രൂപയാണ് പ്രീ റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. പ്രിന്‍സിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റര്‍ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ന് ആണ് ചിത്രം റിലീസ്. റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിന്‍സി’ന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. സത്യരാജും പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐസിഐസിഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊലൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. പണം അയയ്ക്കുന്നതിനുള്ള അഭ്യര്‍ഥന, രേഖകള്‍ സമര്‍പ്പിക്കല്‍, വിനിമയ നിരക്ക് മുന്‍കൂട്ടി നിശ്ചയിക്കല്‍, ഇടപാടു നില നിരീക്ഷിക്കല്‍ തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് വയര്‍ ഉപയോഗിച്ച് ഗുണഭോക്താവിന് നടത്താന്‍ സാധിക്കും. അതേപോലെതന്നെ ഗുണഭോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍, പണം അയയ്ക്കലിന്റെ ലക്ഷ്യം, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂറായി മനസിലാക്കി അത് തത്സമയം പണം അയയ്ക്കുന്ന ആളുമായി പങ്കുവയ്ക്കുവാനും ഈ സംവിധാനം സൗകര്യമൊരുക്കുന്നു.

ബഡ്ജറ്റ് ഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ ബഡ്ജറ്റ് ലാപ്ടോപ്പും ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. 4 ജി സിം കണക്ഷനോടു കൂടി 15000 രൂപയ്ക്കാണ് ലാപ്ടോപ്പ് ലഭ്യമാക്കുക. മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുടെ സഹായത്താടെയാണ് ലാപ്ടോപ്പ് പദ്ധതി എന്നാണ് സൂചന. ആദ്യഘട്ടത്തില്‍ സ്‌കൂളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായിരിക്കും ലാപ്ടോപ്പ് ലഭ്യമാക്കുക. ഈ മാസം തന്നെ ഇതിന്റെ വിതരണം ഉണ്ടാകും. എന്നാല്‍ മറ്റു ഉപഭോക്താക്കള്‍ക്ക് 5ജി സേവനം ആരംഭിച്ചതിന് ശേഷമാകും ലാപ്ടോപ്പ് വാങ്ങാന്‍ അവസരമുണ്ടാവുക. ജിയോയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ ഒഎസില്‍ ആണ് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുക. ജിയോ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ കൊമാകി അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ മോഡല്‍ വെനീസ് ഇക്കോ വാഹനപ്രേമികളുടെ വലിയൊരു സംശയത്തിന് മറുപടിയുമായാണ് അവതരിച്ചിരിക്കുന്നത്. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ചാര്‍ജ്ജിംഗിനിടയിലും, പാര്‍ക്ക് ചെയ്യുമ്പോള്‍ പോലും തീ പിടിക്കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങളുടെ പുതിയ മോഡലായ വെനീസില്‍ അഗ്‌നിയെ പ്രതിരോധിക്കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്. ഇന്ത്യയിലെമ്പാടും 79000 രൂപയാണ് വെനീസിന്റെ എക്‌സ്ഷോറൂം വില. സാക്രമെന്റോ ഗ്രീന്‍, ഗാര്‍നെറ്റ് റെഡ്, മെറ്റാലിക് ബ്ലൂ, ജെറ്റ് ബ്ലാക്ക്, സില്‍വര്‍ ക്രോം, ബ്രൈറ്റ് ഓറഞ്ച് എന്നീ ആറ് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് വെനീസ് വരുന്നത്. സ്‌കൂട്ടര്‍ യാത്രികര്‍ക്ക് സഹായകരമായ ടി എഫ് ടി ഡിസ്പ്ലേയാണ് വാഹനത്തിലുള്ളത്.

ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേര്‍ത്ത അതിര്‍വരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികള്‍ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാര്‍ത്ഥത്തില്‍ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ തലമാണ് ഈ നോവല്‍ മുന്നോട്ടു വെയ്ക്കുന്നത് എന്ന് ഇതെല്ലാം തെളിയിക്കുന്നു. ‘ആത്മഹത്യയുടെ രസതന്ത്രം’. റിഹന്‍ റഷീദ്. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.

ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചുപിടിക്കാനുമൊക്കെ പാടുപെടുന്നവര്‍ ഏറെയാണ്. നിങ്ങളും അക്കൂട്ടത്തില്‍ ഒരാളാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രാത്രിയില്‍ നന്നായി ഉറങ്ങണമെന്നത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അഹാരം നിയന്ത്രിക്കുന്നതിലും വ്യായാമത്തിലുമൊക്കെയാണ് അമിതമായി ശ്രദ്ധിക്കുന്നത്. എന്നാല്‍ ഉറക്കത്തിന് മതിയായ പ്രാധാന്യം നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കണം. ഉറക്കക്കുറവ് മൂലം ഉപാപചയ പ്രശ്നങ്ങള്‍, ശരീരഭാരം കൂടുക, പൊണ്ണത്തടി തുടങ്ങി നിരവധി ബിദ്ധിമുട്ടകള്‍ അനുഭവപ്പെടാം. ഉറക്കം മോശമാകുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുന്നില്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുന്നത് അപ്രാപ്യമാകും. ഉറങ്ങാതിരിക്കുമ്പോള്‍ അനാവശ്യമായി കൂടുതല്‍ കലോറി ശരീരത്തില്‍ പ്രവേശിക്കും. നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്‍ദ്ധിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൊതുവെ കൂടുതല്‍ കലോറി ഉള്ള ഭക്ഷണമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും തുടര്‍ച്ചയായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ശ്രദ്ധക്കുറവ്, ഉത്സാഹക്കുറവ് എന്നിവ വ്യായാമം ചെയ്യാനുള്ള ആവേശം കുറയ്ക്കുകയും ഇത് സാവധാനം ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.83, പൗണ്ട് – 91.87, യൂറോ – 80.72, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.94, ബഹറിന്‍ ദിനാര്‍ – 219.45, കുവൈത്ത് ദിനാര്‍ -267.15, ഒമാനി റിയാല്‍ – 215.08, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 60.28.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *